'സിനിമയിലെ ആൾക്കാരെ വിശ്വസിക്കാൻ കൊള്ളില്ല, മാഫിയ സംഘമുണ്ട്, പുതിയ കുട്ടികൾ ശ്രദ്ധിക്കണം'; വീണ്ടും ചർച്ചയായി ഉഷ ഹസീനയുടെ പഴയ അഭിമുഖം

ർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമയിൽ സ്ത്രീകൾ അതിക്രമങ്ങൾ നേരിട്ടിരുന്നുവെന്ന നടി ഉഷ ഹസീനയുടെ തുറന്നുപറച്ചിൽ വീണ്ടും ചർച്ചയാകുന്നു. 1992ൽ നൽകിയ അഭിമുഖത്തിലാണ് ഉഷ മനസ്സ് തുറന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിൽ ‘എ.വി.എം ഉണ്ണി ആർക്കൈവ്സ്’ യൂട്യൂബ് ചാനലിലാണ് അഭിമുഖം പുറത്തുവിട്ടിട്ടുള്ളത്.

സിനിമയിൽ നല്ല അനുഭവമല്ല ഉണ്ടായിട്ടുള്ളതെന്ന് ഉഷ പറയുന്നു. 'സിനിമയിലുള്ളവരെ വിശ്വസിക്കാൻ ​കഴിയില്ല എന്നാണ് പുതുതായി ഇതിലേക്ക് കടന്നുവരുന്നവരോടും ഇതുവരെ അപകടമൊന്നും സംഭവിക്കാത്തവരോടും പറയാനുള്ളത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഒരു മാഫിയ സംഘമാണിത്. ബർമുഡ ട്രയാംഗിളിലേത് പോലെ കുടുങ്ങിപ്പോകും. ഞാൻ പെട്ടുപോയി. എനിക്ക് ഒരു അപകടം സംഭവിച്ചു. ഞാൻ ചതിക്കപ്പെട്ടു. ഇനി വരാൻ പോകുന്നവർക്ക് എന്റെ ഈ അനുഭവം ഉണ്ടാകരുത്’ -ഉഷ ഹസീന അഭിമുഖത്തിൽ പറയുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ സത്യമാണെന്ന് ഉഷ ഹസീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ തനിക്കും ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ഉഷ പറഞ്ഞിരുന്നു. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിൽ ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ട്. മൊഴി നൽകിയിരിക്കുന്ന പെണ്‍കുട്ടികൾ പരാതി നൽകാൻ തയാറാകണം. റിപ്പോർട്ടില്‍ വന്നിരിക്കുന്ന പ്രതികളായിട്ടുള്ള ആളുകൾക്കെതിരെ തീർച്ചയായും സർക്കാര്‍ നടപടി എടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ തുടരും. അവരെ മാറ്റി നിർത്തണം എന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പരാതി നിയമപരമായി കൊടുക്കണമെന്നാണ് മൊഴി നൽകിയ നടിമാരോടും ഞാൻ ആവശ്യപ്പെടുന്നത് -ഉഷ പറഞ്ഞു.

1984ൽ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉഷ അഭിനയരംഗത്തേക്ക് വന്നത്. കിരീടം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവന്‍റെ അനുജത്തിയായ ലതയാണ് ഉഷയുടെ ശ്രദ്ധേയമായ വേഷങ്ങളിലൊന്ന്. 

Tags:    
News Summary - Usha Haseenas old interview goes viral after hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.