മുംബൈ: മുതിർന്ന ചലച്ചിത്ര, ടെലിവിഷൻ, നാടക നടൻ വിക്രം ഗോഖലെ (77) അന്തരിച്ചു. പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2013ൽ മറാത്തി ചിത്രമായ 'അനുമതി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 1971ൽ 'പർവാന'യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. മറാഠി ചിത്രമായ 'ഗോദാവരി'യിലാണ് അവസാനം വേഷമിട്ടത്. മറാത്തി ചിത്രമായ 'ആഘാട്ടി'ന്റെ സംവിധായകനാണ്. 'അഗ്നിപഥ്', 'ഹം ദിൽ ദേ ചുകേ സനം' തുടങ്ങി നിരവധി ഹിന്ദി, മറാത്തി സിനിമകളിൽ വേഷമിട്ടു. ടി.വി ഷോകളിലും പ്രത്യക്ഷപ്പെട്ടു.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ മറാത്തി ചലച്ചിത്ര, നാടക നടനായ ചന്ദ്രകാന്ത് ഗോഖലെയുടെ മകനായി 1945 നവംബർ 14ന് പുണെയിലാണ് ജനനം. ഇന്ത്യൻ സിനിമയിലെ ആദ്യ നടി ദുർഗബായ് കാമത്ത് വിക്രം ഗോഖലെയുടെ മുത്തശ്ശിയുടെ മാതാവാണ്. മുത്തശ്ശി കമലബായ് ഇന്ത്യൻ സിനിമയിലെ ആദ്യ വനിത ബാലതാരമാണ്. മറാത്തി നടി വൃശാലി ഗോഖലെയാണ് ഭാര്യ. മക്കളായ നിഷ കേകർ ആദവും നേഹ ഗോഖലെ സുന്ദ്‍രിയാലും നാടകവുമായി ബന്ധമുള്ളവരാണ്.
ബാലഗന്ധർവ്വ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ശനിയാഴ്ച വൈകീട്ട് ആറിന് പുണെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കരിച്ചു. വിക്രമിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.