ഇളയ മകളുമൊത്ത് സിനിമാ പ്രമോഷൻ ചടങ്ങിൽ പ​ങ്കെടുത്ത് വിജയ് ആന്റണി

ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മൂത്തമകൾ മീര (16)യെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്​. ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലായിരുന്നു മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദമാണ് മരണ കാരണമെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. മകൾ മരിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി വിജയ് ആന്റണി സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. ‘‘അവൾക്കൊപ്പം ഞാനും മരിച്ചു, അവൾ ഇപ്പോൾ എന്നോട് സംസാരിക്കുന്നു’’ - ഇങ്ങനെയായിരുന്നു അ​ദ്ദേഹം എക്സിൽ കുറിച്ചത്.

താരമിപ്പോൾ ‘രത്തം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇളയ മകൾ ലാരയുമൊത്താണ് അദ്ദേഹം എത്തിയത്. മകൾ മരിച്ചിന് ശേഷം ആദ്യമായാണ് വിജയ് ആന്റണി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. നല്‍കിയ അഭിമുഖങ്ങളില്‍ കൂടുതലായി വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇത്രയും പോസിറ്റീവായിരിക്കാനും, സംസാരിക്കാനും എങ്ങനെയാണ് കഴിയുന്നത്..? എന്ന് ഒരാൾ നടനോട് ചോദിച്ചു. എന്നാൽ, അതൊന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ‘ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണത്. എല്ലാം നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടായിരിക്കാം’’ എന്നാണ് വിജയ് ആന്റണി പറഞ്ഞത്.

നിർമ്മാതാവ് ജി ധനഞ്ജേയനാണ് വിജയ് ആന്റണി പരിപാടിയിൽ പ​ങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. “പ്രൊഫഷണലിസത്തിന്റെ യഥാർത്ഥ ഉദാഹരണം, തന്റെ നിർമ്മാതാവിനെയും പ്രേക്ഷകരെയും വിജയ് ആന്റണി സാർ കൈവിട്ടില്ല. തന്റെ ടീമിനെ പിന്തുണയ്‌ക്കുന്നതിനായി വ്യക്തിപരമായി നേരിട്ട ദുരന്തത്തെ മറികടന്ന് ഉയർന്നുവരുന്ന വ്യക്തി, സിനിമാ വ്യവസായത്തിന് ഒരു മികച്ച പ്രചോദനമാണ്. നന്ദി സർ." - ഫോട്ടോകൾ പങ്കിട്ടുകൊണ്ട് നിർമ്മാതാവ് എഴുതി.


Tags:    
News Summary - Vijay Antony makes 1st public appearance 9 days after daughter Meera's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.