'നീയെന്റെ മേക്അപ്പ് ബോകസ്സെടുത്തോ' മംമ്ത മോഹൻദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് 'ഞാനൊരിക്കലും മേക്അപ്പ് ഉപയോഗിക്കാറില്ല, എപ്പോഴും ഞാനിങ്ങനെ തന്നെയാണ്..മാഡം' എന്ന് അൽപം റഷ്യൻ ചുവയുള്ള ഇംഗ്ലീഷിൽ മറുപടി പറയുന്ന 'മ്യാവു' സിനിമയിലെ കഥാപാത്രം മലയാളി പ്രേക്ഷകരുടെ മനംകവർന്നു കഴിഞ്ഞു.
ലാൽജോസ് സംവിധാനം ചെയ്ത, റാസൽഖൈമ പശ്ചാത്തലമാക്കി നിർമിച്ച സൗബിൻ സാഹിർ ചിത്രത്തിലെ ഈ പുതുമുഖ നടി താജികിസ്താൻകാരിയാണ്. യാസ്മിൻ അലിദെദോവ് എന്ന ഇവർ ഒരുപക്ഷേ മധ്യേഷ്യൻ രാജ്യത്ത് നിന്ന് ആദ്യമായി മലയാള സിനിമയിലെത്തുന്ന നടിയിരിക്കും.
വീട്ടുവേലക്കാരിയായ 'ജമീല'യുടെ വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ട യിസ്മിന്, യഥാർഥ ജീവിതത്തിൽ പ്രായം 18ആയതേയുള്ളൂ എന്നും വിശവസിക്കാനാവില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് താജികിസ്താനിൽ നിന്ന് ദുബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ യാസ്മിൻ, ജനിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിൽ തന്നെയാണ്. മ്യാവുവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മലയാളത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചും ഒന്നുമറിയില്ലായിരുന്നു. മലയാളം എന്ന ഭാഷയെ കുറിച്ച് കേൾക്കുകയോ സിനിമ കാണുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
തികച്ചും അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നതെന്ന് യാസ്മിൻ പറയുന്നു. 'കളേഴ്സ് ഓഫ് അറേബ്യ' എന്ന പേരിൽ ഒരു പെയിൻറ് കമ്പനിക്ക് വേണ്ടി നിർമിച്ച വീഡിയോ പരമ്പരയാണ് യിസ്മിനെ അഭിനയരംഗത്ത് ശ്രദ്ധേയയയാക്കിയത്. ഈ വീഡിയോ സിരീസിന്റെ അറബിക് വേർഷൻ മലയാളികളാണ് നിർമിച്ചിരുന്നത്. അന്ധ ബാലികയുടെ റോളായിരുന്നു അതിൽ ലഭിച്ചത്. അതിൽ പ്രവർത്തിച്ചവരിലൂടെയാണ് മ്യാവു സംവിധായകൻ ലാൽജോസുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്. തുടർന്ന് സിനിമയിൽ റോൾ ലഭിക്കുകയായിരുന്നു.
സിനിമ ചിത്രീകരണ കാലത്ത് മലയാളികളിൽ നിന്ന് നല്ല അനുഭവമായിരുന്നുവെന്നും കഠിനാധ്വാനികളാണ് എല്ലാവരുമെന്നും യാസ്മിൻ പറയുന്നു. എന്നാൽ മലയാളം കാര്യമായൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. 'നമസ്കാരം' എന്ന അഭിവാദ്യം മാത്രമാണ് പറയാൻ കഴിയുന്ന ഏക മലയാള വാചകം. മ്യാവുവിന്റെ തുടർച്ചയായി കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട് -യാസ്മിൻ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം മികച്ച പ്രതികരണമാണ് വിവിധ തുറകളില നിന്നുള്ളവരിൽ നിന്ന് ലഭിച്ചതെന്നും അവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
യു.എ.ഇയില നിരവധി വേദികളിൽ ഗാനങ്ങളും നൃത്തവും അവതരിപ്പിച്ച കലാകാരി കൂടിയാണ് യാസ്മിൻ. അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പാട്ടുപാടും. സ്വന്തമായി പാട്ടെഴുതി ആൽബവും പുറത്തിറക്കിയിട്ടുണ്ട്. ഗായികയായി ബോളിവുഡിൽ തിളങ്ങണമെന്ന സ്വപ്നമുണ്ടായിരുന്നു. സിനിമ മേഖലയിൽ ചാൻസുകൾ ലഭിക്കുന്നതിനുസരിച്ച് മുന്നേറണമെന്നാണ് ആഗ്രഹിക്കുന്നത്. ദുബൈയി പിതാവിനും മാതാവിനും ഏക സഹോദരനുമൊന്നിച്ചാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.