ഗായികയും നടിയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു

കൊല്ലം: ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു. കൊല്ലം മുളങ്കാടകം മുതിരപ്പറമ്പ് പള്ളിക്കുസമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു. തോപ്പുംപടി കൂട്ടുങ്കല്‍ വീട്ടില്‍ അഗസ്റ്റിന്‍ ബെര്‍ണാഡിന്‍റെയും മറിയക്കുട്ടിയുടെയും മകളായി 1942ൽ ജനനം. യഥാർഥ നാമം മേരി ജോണ്‍. ബന്ധുകൂടിയായ ഗായകന്‍ യേശുദാസിന്‍റെ സഹപാഠിയായിരുന്നു അമ്മിണി. ശ്രീധരൻ ഭാഗവതരായിരുന്നു സംഗീതത്തിൽ ആദ്യ ഗുരു.

12ാം വയസ്സില്‍ നാടകവേദിയിലെത്തി. നൂറോളം നാടകങ്ങളില്‍ നടിയും ഗായികയുമായി വേദിയിലെത്തി. 'അഗ്നിപുത്രി' എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ 'കണ്ണുതുറക്കാത്ത ദൈവങ്ങളെ...' എന്ന ഗാനം ഹിറ്റ് നാടകഗാനങ്ങളിലൊന്നായിരുന്നു.

ചങ്ങനാശ്ശേരി ഗീഥയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അയല്‍വാസിയായിരുന്ന ജോണ്‍ ക്രൂസിനെ വിവാഹം കഴിച്ചു. 'കണ്ടം ബച്ച കോട്ടി'ലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. അടിമകള്‍, സരസ്വതി, ഭാര്യമാര്‍ സൂക്ഷിക്കുക, ഉണ്ണിയാര്‍ച്ച, വാഴ്വേമായം, കണ്ണൂര്‍ ഡീലക്സ്, അഞ്ചു സുന്ദരികള്‍, ഇരുളും വെളിച്ചവും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2011ല്‍ 'ദി ഹണ്ടര്‍' എന്ന ചിത്രത്തില്‍ നസറുദ്ദീന്‍ ഷായുടെ അമ്മയായാണ് ഒടുവില്‍ വേഷമിട്ടത്.

പിന്നീട് ഡബ്ബിങ് രംഗത്തേക്ക് തിരിഞ്ഞു. പൂര്‍ണിമ ജയറാമിന് 'മഞ്ഞില്‍ വിരിഞ്ഞപൂക്കളി'ല്‍ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊച്ചിൻ അമ്മിണി. 1967ല്‍ ഇറക്കിയ 'ഇന്ദുലേഖ' എന്ന സിനിമയില്‍ രണ്ടു പാട്ടുകള്‍ പാടി. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ. മാധവന്‍ പുരസ്കാരം, സ്വരലയ, സര്‍ഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അമ്മിണിക്ക് ലഭിച്ചിട്ടുണ്ട്. മകള്‍: എയ്ഞ്ചല്‍ റാണി.

Tags:    
News Summary - Cochin Ammini passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.