സംഗീത ലോകത്തിന് അറബ് നാഗരികത നൽകിയ സംഭാവനകൾ അതുല്യമാണ്. ആധുനിക അറബ് ഗാനങ്ങളുടെ സ്വാധീനം മലയാള സിനിമകളിൽ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ മധ്യകാലത്തിലും ശാസ്ത്രീയ സംഗീതത്തിലും ഉപയോഗിക്കുന്ന ഭൂരിഭാഗം സംഗീത ഉപകരണങ്ങളും മധ്യകാല അറബ് ലോകത്ത് നിന്ന് സ്വീകരിച്ച അറബ് സംഗീത ഉപകരണങ്ങളിൽ വേരൂന്നിയതാണ്. ഇവയുടെ ഗണത്തിൽ വീണയും ഉൾപ്പെടുന്നു. ഇമാറാത്തി സംഗീത പാരമ്പര്യത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ബദുവിയൻ ജീവിതം തന്നെ താളക്രമമാണെന്ന് പരിശോധിച്ചാൽ വ്യക്തമാകും. അതുകൊണ്ടുതന്നെയാണ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദിന്‍റെ രക്ഷാകർതൃത്വത്തിൽ നാഷണൽ ഓർക്കസ്ട്ര സ്ഥാപിതമായിട്ടുള്ളത്. യുവത്വത്തിലേക്ക് പരമ്പരാഗത സംഗീതത്തെ സന്നിവേശിപ്പിച്ച് ആധുനികതയുടെ രാഗമാലികയിൽ കോർത്തിണക്കുകയാണ് ലക്ഷ്യം. നാഷണൽ ഓർക്കസ്ട്ര, രാജ്യത്തിന്റെ സമ്പന്നമായ കലാ വൈവിധ്യവും പരമ്പരാഗത ഇമാറാത്തി സംഗീത പൈതൃകത്തെ ലോകമെമ്പാടുമുള്ള സമകാലിക ശൈലികളുമായി സംയോജിപ്പിക്കും. രാജ്യത്തിന്‍റെ സംഗീത മേഖലയെ മെച്ചപ്പെടുത്തുന്നതിനും, വളർന്നുവരുന്ന പ്രതിഭകളെ പിന്തുണക്കുന്നതിനും, ആഗോളതലത്തിൽ സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സാർവത്രിക ഭാഷയായി സംഗീതത്തെയും കലകളെയും ഉയർത്തുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ നാഷണൽ ഓർക്കസ്ട്ര ബോർഡിന്‍റെ ചെയർപേഴ്‌സണും സഹമന്ത്രിയുമായ നൂറ അൽ കാബി പറഞ്ഞു.
സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സാമൂഹിക പുരോഗതിയുടെ അടയാളമായി പ്രവർത്തിക്കുന്നതിലും സഹിഷ്ണുതയും സഹവർത്തിത്വവും വളർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന കലകളെ വികസിപ്പിക്കുന്നതിനുള്ള നേതൃത്വത്തിന്‍റെ സമർപ്പണത്തെ നാഷണൽ ഓർക്കസ്ട്ര ശക്തിപ്പെടുത്തുന്നുവെന്ന് അൽ കാബി പറഞ്ഞു. ഈ അഭിലാഷ സംരംഭത്തിൽ ചേരാൻ ആഗ്രഹിക്കുന്ന സംഗീതജ്ഞർക്കും ഗായകർക്കും വേണ്ടി നാഷണൽ ഓർക്കസ്ട്ര ഉടൻ ഓഡിഷനുകൾ നടത്തും.
എല്ലാ കലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള സംഗീതജ്ഞർക്ക് ഓഡിഷനുകൾ തുറന്നിടും. ഇമാറാത്തി പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാർക്ക് പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നൽകി മുഴുവൻ സമയ തൊഴിൽ വാഗ്ദാനം ചെയ്യും. താൽപ്പര്യമുള്ള സംഗീതജ്ഞർക്കും കലാകാരന്മാർക്കും www.uaenationalorchestra.ae എന്ന വെബ്‌സൈറ്റ് വഴി അവരുടെ റെക്കോർഡ് ചെയ്ത സാമ്പിൾ സഹിതം അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾക്കുള്ള അവസാന തീയതി 2025 ജനുവരി 26 ആണെന്ന് അൽ കാബി പറഞ്ഞു.
യു.എ.ഇ ആസ്ഥാനമായുള്ള ഓർക്കസ്ട്രയാണ് ഫിൽഹാർമോണിക്. വർഷങ്ങളോളം നിഷ്‌ക്രിയമായിരുന്ന ശേഷം കണ്ടക്ടർ നിക്കോളാസ് മാന്‍റെ ബാറ്റണിൽ ബാക്കർട്ട് പ്രൊഡക്ഷൻ 2024ൽ ഓർക്കസ്ട്ര വീണ്ടും ശ്രുതിയിട്ടു. ‘യു.എ.ഇ ഫിൽ’ എന്ന് പുനർനാമകരണം ചെയ്തു. ബറോക്ക് മാസ്റ്റർപീസുകൾ മുതൽ 20ാം നൂറ്റാണ്ടിലെ കൃതികൾ വരെയുള്ള വൈവിധ്യമാർന്ന ശേഖരം അവതരിപ്പിച്ചുകൊണ്ട് ഒരു സമ്പൂർണ്ണ വാർഷിക കച്ചേരി വാഗ്ദാനം ചെയ്യുന്ന യു.എ.ഇയിലെ ആദ്യത്തെ ഓർക്കസ്ട്രയായി ഇത് മാറി. യു.എ.ഇ ഫിൽഹാർമോണിക് ഓർക്കസ്ട്ര ആദ്യം സ്ഥാപിച്ചത് ഫിലിപ്പ് മേയർ ആണ്, അദ്ദേഹം അതിന്‍റെ ആദ്യ കണ്ടക്ടറും ആർട്ടിസ്റ്റിക് ഡയറക്ടറുമായിരുന്നു. 2006നും 2012നും ഇടയിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ഇത് സജീവമായിരുന്നു. ഫിൽഹാർമോണിക് ഓർക്കസ്ട്രയിൽ യു.എ.ഇയിൽ താമസിക്കുന്ന 70ഓളം സന്നദ്ധ അമേച്വർ, പ്രൊഫഷണൽ സംഗീതജ്ഞർ ഉൾപ്പെടുന്നു. പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റ് പോലുള്ള പ്രമുഖ വേദികളിലെ പ്രകടനങ്ങളും ഗ്രാമി അവാർഡ് നേടിയ കലാകാരന്മാരുമായുള്ള സഹകരണവും ഉൾപ്പെടെ വിപുലമായ അന്താരാഷ്ട്ര അനുഭവം കൊണ്ടുവന്ന നിക്കോളാസ് മാനാണ് ഓർക്കസ്ട്രയുടെ ചീഫ് കണ്ടക്ടറും ആർട്ടിസ്റ്റിക് ഡയറക്ടറും.
നിരവധി സംഗീതോപകരണങ്ങൾ ഒരുമിച്ച് കൂട്ടമായി വയിക്കുന്നതിനെ ഓർകെസ്ട്ര എന്ന് പറയുന്നു. ഇതിൽ തന്ത്രി വാദ്യങ്ങളും, മരം, ബ്രാസ് എന്നിവ കൊണ്ടുണ്ടാക്കിയ സുഷിര വാദ്യങ്ങളും ആണ് ഉപയോഗിക്കുക . മെലഡി ഉപകരണങ്ങൾക്കാണ് പ്രാധാന്യമെങ്കിലും താളവാദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ലാസ്സിക്കൽ ഗിറ്റാർ, ഓർഗൻ മുതലായവയും ഉൾപ്പെടുത്താറുണ്ട്. വയലിൻ, ഓടക്കുഴൽ, ട്രംപെറ്റ്, സാക്സഫോൺ, ക്ലാരിനെറ്റ്, പിയാനോ, ചെല്ലോ, വയലിൻ ചെല്ലോ, വയോള, ഡബിൾ ബസ്, ഹാരപ്, ഡ്രംസ്ൻറെ വിവിധ ഭാഗങ്ങൾ മുതലായവയാണ് പൊതുവേ ഉപയോഗിക്കുന്നവ. 50 പേരിൽ കുറവുള്ള ചെറിയ ഓർകെസ്ട്രകളെ ചേംബർ ഓർകെസ്ട്ര എന്ന് വിളിക്കുന്നു. എന്നാൽ 100 പേരോളം വരുന്ന വലിയ ഓർകെസ്ട്രകളെ സിംഫണി ഓർകെസ്ട്ര എന്നും ഫിൽഹാർമോണിക് ഓർകെസ്ട്ര എന്നും മറ്റും വിളിക്കുന്നു. ഗ്രീക്ക് വാക്കിൽ നിന്നുമാണ് ഈ പേര് വന്നിട്ടുള്ളത്. പുരാതന ഈജിപ്തിലാണ് ഓർകെസ്ട്രയുടെ ആരംഭം എന്ന് കണക്കാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതൽ പലവിധത്തിലുള്ള ഉപകരങ്ങൾ ഒരുമിച്ചു വായിച്ചുവന്നെങ്കിലും, പതിനാറാം നൂറ്റാണ്ടിലാണ് ഓർകെസ്ട്രയുടെ ആരംഭമായി കണക്കാക്കിയിട്ടുള്ളത്. 18, 19 നൂറ്റാണ്ടുകളിലാണ് ഇത് കൂടുതലും പ്രസിദ്ധിയാർജിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഓർകെസ്ട്ര സംഗീതം ചിട്ടപെടുത്തുന്നതിലും മറ്റും പല മാറ്റങ്ങളും വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.