'എല്ലാവരിലും ഒരു ശൂന്യതയുണ്ട്'; വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എ.ആർ. റഹ്മാൻ

വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ പങ്കെടുത്ത് സംഗീതജ്ഞൻ എ.ആർ. റഹ്മാൻ. ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ വേദിയിലാണ് റഹ്മാൻ സംസാരിച്ചത്. ആളുകൾക്കുള്ളിലെ ശൂന്യതയെ കുറിച്ചും സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് മനസ്സുകളിലുണ്ടാക്കുന്ന മാറ്റത്തെ കുറിച്ചുമാണ് റഹ്മാൻ സംസാരിച്ചത്.

'നമുക്ക് എല്ലാവർക്കും ഇപ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. വിഷാദമുണ്ട്. കാരണം, എല്ലാവരിലും ഒരു ശൂന്യതയുണ്ട്. ആ ശൂന്യത കഥ പറയുന്നവരിലൂടെയും തത്വജ്ഞാനികളിലൂടെയും വിനോദങ്ങളിലൂടെയും നമ്മൾ മരുന്നു കഴിക്കുകയാണെന്ന് പോലും അറിയാത്ത രീതിയിൽ നികത്താൻ കഴിയും. അക്രമം, ലൈംഗികത പോലെയുള്ള വികാരങ്ങളെ ശമിപ്പിച്ചു കൊണ്ട് മാത്രമല്ല അത്, അതിനപ്പുറം ഒരുപാടുണ്ട്' -റഹ്മാൻ പറഞ്ഞു. വിവാഹമോചന തീരുമാനത്തിന് പിന്നാലെ റഹ്മാൻ കടന്നു പോകുന്ന മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ വാക്കുകൾ.

ഭാര്യ സൈറാ ബാനുവുമായുള്ള 29 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് രണ്ടാഴ്ച മുമ്പാണ് എ.ആർ. റഹ്മാൻ പ്രഖ്യാപിച്ചത്. ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. 'എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിലും ഞങ്ങൾ അർത്ഥം തേടുകയാണ്. തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ എക്സ് പോസ്റ്റിൽ പറഞ്ഞത്.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങളും ഗോസിപ്പുകളും നിരവധിയുണ്ടായി. വ്യാചപ്രചാരണങ്ങൾക്കെതിരെ റഹ്മാൻ രംഗത്തെത്തുകയും ചെയ്തു. സൈറാ ബാനുവും റഹ്മാനെതിരായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കുകയുണ്ടായി. റഹ്മാൻ വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വമാണെന്നും സൽപേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്നുമായിരുന്നു സൈറയുടെ അഭ്യർഥന.

അതിനിടെ, വിവാഹമോചന നീക്കങ്ങളുമായി രണ്ടുപേരും മുന്നോട്ടുപോകവേ, അനുരഞ്ജനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇവരുടെ അഭിഭാഷക വന്ദനാ ഷാ പറഞ്ഞിരുന്നു. 'എ.ആർ. റഹ്മാനും സൈറയും തമ്മിൽ അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേതും. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ, അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല' - വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ വന്ദനാ ഷാ പറഞ്ഞു.

റഹ്മാൻ വിശ്വാസവഞ്ചന കാണിച്ചതു കൊണ്ടാണ് വിവാഹമോചനം എന്ന പ്രചാരണം അസംബന്ധമാണെന്ന് വന്ദനാ ഷാ ചൂണ്ടിക്കാട്ടി. സൈറ പണത്തോട് ആർത്തിയുള്ള വ്യക്തിയുമല്ല. കുട്ടികൾ ആർക്കൊപ്പം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ല. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ഇവർ പറഞ്ഞു.1995ലായിരുന്നു റഹ്മാൻ- സൈറാ ബാനു വിവാഹം. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണിവർക്ക്.

Tags:    
News Summary - AR Rahman on coping with emptiness and therapeutic role of music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.