മലപ്പുറം: മെലഡിയും ചടുലതാളങ്ങളുമായി മാധ്യമം ‘ഹാർമോണിയസ് കേരള’ വേദി കീഴടക്കാൻ മലയാളികളുടെ പ്രിയ ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷെത്തും.
ആരാധികേ, തനിയേ മിഴികൾ തുളുമ്പിയോ, ഉയിരിൽ തൊടും തുടങ്ങിയ മെലഡികളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ കയറിക്കൂടിയ ഗായകനാണ് സൂരജ്. സ്വതന്ത്ര സംഗീത സംവിധായകനായും ഗായകനായും പാട്ടിന്റെ ലോകത്ത് വിസ്മയം തീർക്കുന്ന സൂരജ് സന്തോഷിനൊപ്പം നജീം അർഷാദ്, മിഥുൻ രമേശ്, ജാസിം ജമാൽ, ക്രിസ്റ്റകല, അക്ബർ ഖാൻ, നന്ദ, സിദ്ദീഖ് റോഷൻ തുടങ്ങിയ താരനിരയും വേദിയിലുണ്ടാകും.
2018 പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചുകൊണ്ടാണ് മാധ്യമം, ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിടുന്നത്.
പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി. വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആയുർവേദ നഗരമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ ഡിസംബർ 24നാണ് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.