മലപ്പുറത്തെ സംഗീത കുടുംബത്തിലെ അംഗമെന്ന നിലയിലും ചെറുപ്പംതൊട്ടേ തബലയിൽ താൽപര്യമുണ്ടായിരുന്നതിനാലും കുഞ്ഞുന്നാളിലേ കേൾക്കുന്ന പേരുകളാണ് ഉസ്താദ് അല്ലാരഖയുടേതും മകൻ ഉസ്താദ് സാക്കിർ ഹുസൈന്റേതും. ഞങ്ങളുടെ പിതാവ് അസീസ് ഭായ് അക്കാലത്ത് ഹൈദരാബാദിൽനിന്ന് കൊണ്ടുവരുന്ന കാസറ്റുകളിൽനിന്നും ഉത്തർപ്രദേശിൽനിന്നും മറ്റും പുറത്തിറങ്ങിയിരുന്ന ഹിന്ദുസ്ഥാനി സംഗീത സംബന്ധിയായ മാസികകളിൽനിന്നുമൊക്കെയാണ് ഈ പിതാവിനെയും മകനെയും അറിഞ്ഞുതുടങ്ങിയത്. ബാല്യത്തിൽ തബല പഠിക്കുമ്പോൾ ഉസ്താദ് എന്ന നിലയിൽ റഫർ ചെയ്യാനുണ്ടായിരുന്നത് അല്ലാരഖയും പിന്നീട് മകൻ സാക്കിർ ഹുസൈനുമായിരുന്നു.
തബല വാദകരായ സമകാലിക പ്രതിഭകളിൽ എന്തുകൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. സംഗീത ഉപകരണങ്ങൾക്കൊപ്പം, പാട്ടിനൊപ്പം, ക്ലാസിക്കൽ ഖയാലിനൊപ്പം, ഫോക് സംഗീതത്തിനൊപ്പം, ഫ്യൂഷൻ സംഗീതത്തിനൊപ്പം, കഥക് നൃത്തത്തിനൊപ്പം... ഇങ്ങനെ ഓരോ സന്ദർഭത്തിനനുസരിച്ച് തബല വായിക്കുന്ന, ആ മേഖലയിൽ വിഖ്യാതരായ ലജൻഡുകൾ നമുക്കുണ്ട്. എന്നാൽ, ഈ മേഖലകളിലെല്ലാം ചേർന്ന ലജൻഡ് എന്ന് പറയാവുന്നത് സാക്കിർ ഭായ് മാത്രമാണ്. ഏത് വിഭാഗത്തിലും അതിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള തബല വാദനം സാക്കിർ ഭായിയുടേതായിരിക്കും. ഫ്യൂഷൻ സംഗീതത്തിനും കഥക് നൃത്തത്തിനുമൊപ്പം തബല വായിക്കുന്നതിൽ പ്രശസ്തരായ പലർക്കും പക്ഷേ, പാട്ടിനനുസരിച്ച് ലളിത സുഭഗമായി വായിക്കാൻ സാധിക്കാറില്ല. സാക്കിർ ഭായ് ഇതിന് അപവാദമാണ്. നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്ത് ഏറ്റവും ലളിത മനോജ്ഞമായി ആ പാട്ടിനെ ഒരുക്കിയെടുത്ത് നമ്മെ വിസ്മയിപ്പിച്ചുകളയും.
വ്യക്തിപരമായി ഗാനമേളക്കും സോളോ പെർഫോമൻസിനും നാടോടി ഗാനത്തിനും മാപ്പിളപ്പാട്ടിനും സൂഫി-ഗസൽ സംഗീതത്തിനുമെല്ലാം തബലയിൽ വിരൽ ചലിപ്പിക്കുമ്പോൾ ഊർജമാകാറുള്ളത് സാക്കിർ ഭായിയുടെ അവിസ്മരണീയ പ്രകടനങ്ങളാണ്.
തബല പോലെയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവും. ഏതു താളത്തോടും ലയിച്ചുചേരുന്ന സവിശേഷ വ്യക്തിത്വം. ഒരിക്കൽ തന്നെ ‘ഉസ്താദ്’ എന്നു വിളിച്ചയാളെ അദ്ദേഹം തിരുത്തുകയുണ്ടായി. ഉസ്താദ് എന്നത് മഹത്തായ പദവിയാണെന്നും താനതിന് അർഹനായിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
തിരൂർ വിൻസെന്റ് മാഷിൽനിന്നാണ് ഞാൻ തബലയുടെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് പിതാവിന്റെ ശിക്ഷണം. അതുകഴിഞ്ഞ് മൂത്ത ജ്യേഷ്ഠൻ മുജീബിൽനിന്നും പഠനമാരംഭിച്ചു. ഈ സമയത്താണ് ഗുരുകുല രീതിയിൽ സംഗീതം അഭ്യസിക്കാനായി ഗാനഗന്ധർവൻ യേശുദാസ് ജ്യേഷ്ഠനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചത്. പിതാവിനോടുള്ള വാത്സല്യവും സംഗീതത്തോടുള്ള ഞങ്ങളുടെ കുടുംബത്തിന്റെ പ്രതിപത്തിയും അന്നത്തെ സാമ്പത്തിക സ്ഥിതിയും കണ്ടാണ് ദാസേട്ടൻ അത്തരമൊരു സേവനം ചെയ്തത്. ചെന്നൈയിൽ സാക്കിർ ഭായിയുടെ അടുത്ത ബന്ധുവും സിതാർ വാദകനുമായ ഉസ്താദ് അഹ്മദ് ഹുസൈന്റെ അടുത്താണ് ജ്യേഷ്ഠനെ ഗുരുകുല വിദ്യാഭ്യാസത്തിനായി ദാസേട്ടൻ അയച്ചത്.
ഈ കാലയളവിൽ സാക്കിർ ഭായിയും ഫസൽ ഖുറൈശി അടക്കമുള്ള അദ്ദേഹത്തിന്റെ സഹോദരന്മാരും പലതവണ ചെന്നൈയിലെ ഉസ്താദിന്റെ വീട്ടിലെത്തിയിരുന്നു. പലപ്പോഴും അവരുമായി സന്ധിക്കാനുള്ള അവസരം ജ്യേഷ്ഠന് ലഭിച്ചു. കുറച്ചുകാലം ഗുരുവില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിൽ ആശ്വാസമായത്, ഹരിഹരനൊപ്പം ചേർന്ന് സാക്കിർ ഭായ് ആദ്യമായി പുറത്തിറക്കിയ ‘ഹാസിർ’ ആയിരുന്നു അത്. ഏറ്റവും ലളിതമായി സാക്കിർ ഭായ് ആ ആൽബത്തിലെ പാട്ടുകൾക്ക് തബല വായിക്കുന്നത് കേട്ടുകേട്ട് എന്റെ മനസ്സിലാകെ പതിഞ്ഞുപോയിരുന്നു. ഒരിക്കൽ തിരൂരിൽ ഒരു കല്യാണ പരിപാടിക്ക് തബല വായിക്കാൻ അവസരമൊത്തുവന്നപ്പോൾ സാക്കിർ ഭായിയിയുടെ പതിഞ്ഞ വിരലുകളെ തബലയിലേക്ക് പകർത്തി. പാട്ടു തീർന്നതോടെ വിസ്മയകരമായ പ്രതികരണമാണ് സദസ്സിൽനിന്നുണ്ടായത്. ഈ പ്രകടനത്തെ തുടർന്ന് മലപ്പുറം, പാലക്കാട് ഭാഗത്ത് ഉത്തരേന്ത്യയിൽനിന്നടക്കമുള്ള പ്രമുഖർ പരിപാടിക്കെത്തുമ്പോൾ തബല വായിക്കാൻ എന്നെ നിർദേശിക്കുന്ന സാഹചര്യമുണ്ടായി. തബല വാദകനെന്ന നിലയിൽ കൂടുതൽ അവസരങ്ങളിലേക്ക് എനിക്ക് വഴി തുറന്നതിൽ ‘ഹാസിറി’നും സാക്കിർ ഭായിക്കും വലിയ പങ്കുണ്ട്. പതിഞ്ഞ താളത്തിൽ ആ വിരലുകൾ ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
തായാറാക്കിയത്: സമീൽ ഇല്ലിക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.