കേരളത്തിലെ യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കുറ്റന്വേഷണസിനിമകളിൽ ഒടുവിലത്തേതാണ് കണ്ണൂർ സ്ക്വാഡ്. കാസർഗോഡ് നടന്ന സലാം ഹാജി കൊലപാതകവും വീട്ടിൽ നടന്ന മോഷണവുമാണ് കണ്ണൂർ സ്ക്വാഡ് സിനിമക്കു പശ്ചാത്തലമായത്. കേരളത്തിൽ നടന്ന കുപ്രസിദ്ധകൊലപാതകങ്ങളും കവർച്ചകളും പശ്ചാത്തലമായി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. സംഭവങ്ങൾ മൂലകഥയായും പ്രചോദനമായും സിനിമകൾക്കു പ്രമേയമായി. വലിയ മാറ്റങ്ങളോടെയാണ് മിക്ക ചിത്രങ്ങളും അഭ്രപാളിയിൽ ഇറങ്ങിയത്.
1982ലെ കരിക്കൻവില്ല കൊലപാതകം മദ്രാസിലെ മോൻ എന്ന പേരിലാണ് സിനിമയായത്. തിരുവല്ലയിൽ ദമ്പതികളെ പണത്തിനായി ബന്ധു കൊലപ്പെടുത്തിയ കേസാണ് കരിക്കൻ വില്ല കൊലപാതകം. ശശികുമാറായിരുന്നു സംവിധാനം. രവീന്ദ്രൻ, മോഹൻലാൽ, തമ്പി കണ്ണന്താനം, രവികുമാർ എന്നിവരായിരുന്നു അഭിനേതാക്കൾ. അക്കാലത്തെ മികച്ചകുറ്റാന്വേഷണ സിനിമയാണിത്.
1988ലെ പോളക്കുളം സോമൻ വധക്കേസിലെ അന്വേഷണരീതികൾ ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ സീനുകളായി വന്നു. എസ്എൻ. സ്വാമി എഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രം തുടർചിത്രങ്ങൾക്കും കേരളത്തിൽ സിബിഐ എന്ന അന്വേഷണ ഏജൻസിക്കു താരപരിവേഷവും നൽകിയിരുന്നു.
1999ൽ എ.കെ.സാജൻ എ.കെ. സന്തോഷ് എന്നിവർ എഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്രൈം ഫയൽ. അഭയകൊലക്കേസാണ് സിനിമക്ക് പ്രചോദനമായത്. സിസ്റ്റർ അമല എന്ന കേന്ദ്ര കഥാപാത്രമായി സംഗീത എത്തി. സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ എന്നിവർ പ്രധാനവേഷത്തിലെത്തി.
1966 ലെ മറിയക്കുട്ടി കൊലക്കേസിന്റെ പശ്ചാത്തലത്തിൽ രണ്ടു സിനിമകൾ റിലീസ് ചെയ്തിരുന്നു. മാടത്തരുവി കൊലക്കേസും മൈനത്തരുവി കൊലക്കേസും. റാന്നിയിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം വഴിവക്കിൽ കണ്ട കേസാണിത്. 1967 ജൂൺ രണ്ടു സിനിമകളും തിയറ്ററിലെത്തുകയും ഹിറ്റാകുകയും ചെയ്തു. കുഞ്ചാക്കോ സംവിധാനം ചെയ്ത മൈനത്തരുവി കൊലക്കേസിൽ ഷീലയും സത്യനുമായിരുന്നു നായികാ നായകന്മാർ.
പി.എ. തോമസ് സംവിധാനം ചെയ്ത മാടത്തരുവി കൊലക്കേസിൽ കെ.പി. ഉമ്മറും ഉഷാകുമാരി പ്രധാന വേഷത്തിലെത്തി.
പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' 1950 കളുടെ തുടക്കത്തിൽ കേരളത്തിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട മാണിക്യത്തിന്റെ യഥാർഥ കഥയാണ് ചിത്രീകരിച്ചത്. ഹരിദാസ്, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നീ മൂന്ന് വേഷങ്ങളാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. നടി മൈഥിലിയാണ് മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
2010ലെ പോൾ മുത്തൂറ്റ് കൊലപാതകമാണ് ത്രില്ലറായത്. ബി.ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പൃഥ്വിരാജ് ചിത്രമാണ് ത്രില്ലർ. ബാബു ജനാർദനൻ രചിച്ച ലിജോ ജോസ് പല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലും ഈ സംഭവം കടന്നു വരുന്നുണ്ട്.
കുപ്രസിദ്ധമായ തിരുവല്ല അമ്മാളു കൊലപാതകം അടിസ്ഥാനമാക്കിയായിരുന്നു 1962ലെ ഭാര്യ എന്ന സിനിമ. സത്യനും രാഗിണിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ സംവിധാനം കുഞ്ചാക്കോ.
ചാക്കോ വധക്കേസ് പശ്ചാത്തലമായ സിനിമകളാണ് കുറുപ്പും എൻഎച്ച് 47ഉം. എൻഎച്ച് 47 സുകുമാരകുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ചാക്കോ എന്ന മെഡിക്കൽ റെപ്രെസെന്ററ്റീവിനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസ് അടിസ്ഥാനമാക്കി ബേബി സംവിധാനം ചെയ്ത ചിത്രം. ദുൽഖർ സൽമാൻ നായകനായ'കുറുപ്പ്' എന്ന ചിത്രത്തിന്റെ പ്രമേയവും ഇതായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ദിലീപ്, കാവ്യ മാധവൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ പിന്നെയും എന്ന ചിത്രത്തിലും ഇതേപ്രമേയം വരുന്നു.
ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസ് പ്രചോദനമായ സിനിമയാണ് മമ്മൂട്ടി നായകനായ രാക്ഷസ രാജാവ്.സുന്ദരി അമ്മ കൊലക്കേസാണ് ഒരു കുപ്രസിദ്ധ പയ്യനായത്. കോഴിക്കോട്ടെ ഹോട്ടലുകളിൽ ഇഡ്ഡലി വിറ്റ് ജീവിച്ചിരുന്ന സുന്ദരി അമ്മയെ 2012 ജൂലൈ 21നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവരെ വെട്ടിക്കൊന്ന കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവിനെ കോടതി വെറുതെ വിട്ടിരുന്നു. നിരപരാധിയായ യുവാവിനെ കൊലക്കേസിൽ പ്രതിയാക്കിയ കഥയാണ് ടോവിനോ നായകനായ ചിത്രം പശ്ചാത്തലമായത്.
ചേലമ്പ്ര ബാങ്ക് കവർച്ച പശ്ചാത്തലത്തിലുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് വിവരം. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ടു രണ്ടു സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്.
2013 ആഗസ്റ്റ് നാലിന് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ വ്യവസായി അബ്ദുൾ സലാം ഹാജിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം സലാം ഹാജിയെയും കുടുംബത്തെയും ആക്രമിച്ച് ബന്ധനസ്ഥരാക്കി കൊള്ള നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കി. കൂടുതൽ പണം ലഭിക്കില്ലെന്ന് മനസ്സിലായപ്പോൾ സലാം ഹാജിയെ കൊലപ്പെടുത്തി സംഘം രക്ഷപ്പെടുന്നു. സലാം ഹാജിയുടെ വീട്ടിൽ സിസിടിവിയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നുവെങ്കിലും അവയെല്ലാം പ്രവർത്തനരഹിതമാക്കിയാണ് അക്രമികൾ പദ്ധതി നടപ്പാക്കിയത്. സലാം ഹാജിയുടെ കൊലപാതകം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതികളിൽ ഒരാൾ അവശേഷിപ്പിച്ച തെളിവിൽനിന്ന് ലഭിച്ച ഡി.എൻ.എ സാമ്പിളാണ് കേസിൽ നിർണായകമായി തീരുന്നത്. തുടർന്ന് അതിസാഹസിക ദൗത്യത്തിലാണ് കണ്ണൂർ സ്ക്വാഡ് പ്രതികളെ പിടികൂടിയത്.സലാം ഹാജിയുടെ കേസ് പ്രചോദനമായിരുന്നുവെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് കണ്ണൂർ സ്ക്വാഡ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊല. തുടർന്നു കണ്ണൂർ സ്ക്വാഡ് കേസ് അന്വേഷിച്ചു പ്രതികളെ 16 ദിവസത്തിനുള്ളിൽ പിടികൂടുകയായിരുന്നു. കേരള പൊലീസിന്റെ കുറ്റന്വേഷണവൈദഗ്ധ്യം പ്രമേയമായ ചിത്രങ്ങൾ ഇനിയും അണിയറയിൽ ഒരുങ്ങാൻ കണ്ണൂർ സ്ക്വാഡിന്റെ വിജയം കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.