ഏതാനും ദിവസങ്ങളായി ഒരു ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോവയിൽ ബോട്ട് മറിഞ്ഞ് 64 പേരെ കാണാതാവുകയും 23 മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തെന്നാണ് പ്രചാരണം. ഒരു ബോട്ട് മുങ്ങുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. അമിതമായി യാത്രക്കാരെ കയറ്റിയ ബോട്ടുടമയുടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്നും പ്രചരിക്കുന്ന വിഡിയോയുടെ തലക്കെട്ടിൽ പറയുന്നു.
എന്നാൽ, ഗോവയിൽ ഇത്തരമൊരു ദുരന്തം സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ല. ഗോവയിൽ നടന്ന ബോട്ടപകടമെന്ന രീതിയിൽ പ്രചാരണം വ്യാപകമായതോടെ ഗോവ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ അപകടമാണ് ഗോവയിലേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
'ഗോവൻ തീരത്ത് നടന്ന ബോട്ടപകടമെന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത് തെറ്റാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഗോമ എന്ന സ്ഥലത്തുണ്ടായ അപകടമാണിത്. സത്യമാണെന്ന് ഉറപ്പുവരുത്താത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക' -ഗോവ പൊലീസ് എക്സിൽ പറഞ്ഞു.
കോംഗോയിലുണ്ടായ അപകടത്തിൽ 78 പേരാണ് മരിച്ചത്. 278 പേരായിരുന്നു ബോട്ടിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. അപകടത്തിന് ഇരയായ എല്ലാവരുടെയും മൃതദേഹം കണ്ടുകിട്ടിയിട്ടുമില്ലെന്ന് കോംഗോ അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.