‘ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീയെ മുസ്‍ലിംകൾ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ’ -വിദ്വേഷ പ്രചാരകർ ഷെയർ ചെയ്യുന്ന ദൃശ്യങ്ങളുടെ സത്യമറിയാം -Fact Check

‘ഞാൻ അവരെ ഇസ്‍ലാമിക് ജിഹാദികളെന്നോണോ മൃഗങ്ങൾ എന്നാണോ വിളിക്കേണ്ടത്? ബംഗ്ലാദേശിലെ നോഖാലിയിൽ രാക്ഷസന്മാർ ഒരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി. കവലയിൽ വെച്ച് ബലാത്സംഗം ചെയ്ത് മടുത്ത ശേഷം യുവതിയെ അവിടെ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. ഹിന്ദുക്കളേ, ഉറങ്ങൂ’- ആഗസ്ത് ഒമ്പതിന് ദീപക് ശർമ്മ എന്നയാൾ എക്സിൽ പങ്കുവെച്ച ഒരു വിഡിയോയു​ടെ കൂടെയുള്ള കുറിപ്പാണിത്. എക്സ് പ്രീമിയം സബ്‌സ്‌ക്രൈബറായ ഇയാളുടെ വിഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. ഏതാനും ദിവസങ്ങളായി ഇന്ത്യയിലെ സംഘ്പരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന വിഡിയോ ആണിത്.

ഇതേ വിഡിയോ മറ്റൊരു പ്രീമിയം സബ്‌സ്‌ക്രൈബറായ സൽവാൻ മോമികയും (@Salwan_Momika1) പങ്കുവെച്ചു. “ലോകത്തിന്റെ കണ്ണുകൾ എവിടെയാണ്? ബംഗ്ലാദേശിൽ മുസ്‍ലിംകൾ ഒരു ഹിന്ദു കുടുംബത്തെ കൊല്ലുകയും അവരുടെ മകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു’’ എന്നായിരുന്നു അടിക്കുറിപ്പ്. ഈ ട്വീറ്റ് 15 ലക്ഷത്തിലധികം പേർ കണ്ടു. 23,000-ത്തിലധികം തവണ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതേ ആരോപണവുമായി ഇതേ വിഡിയോ സുദർശൻ ന്യൂസ് ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെയും ​പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു സ്ത്രീയെ മുസ്‍ലിംകൾ തട്ടിക്കൊണ്ടുപോകുന്നു എന്ന പേരിൽ ഒരു സ്ത്രീയെ നാല് പുരുഷന്മാർ കാറിൽ കയറ്റി കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ ബംഗ്ലാദേശിൽ ആഗസ്റ്റ് അഞ്ചുമുതൽ ഹസീന അനുകൂലികളും പ്രക്ഷോഭകാരികളും തമ്മിൽ നിരവധി ഏറ്റുമുട്ടലുകളും അവാമി ലീഗ് നേതാക്കളും ന്യൂനപക്ഷങ്ങളും അടക്കമുള്ളവർക്കെതി​രെ നിരവധി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് എട്ടിന് ഇടക്കാല സർക്കാർ ചുമതലയേറ്റതോടെ സ്ഥിതിഗതികൾക്ക് ശമനമുണ്ടായി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഹമ്മദ് യൂനുസ് സർക്കാർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെ ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന രീതിയിൽ നിരവധി വ്യാജവാർത്തകളാണ് ഇന്ത്യയിൽ തീവ്രഹിന്ദുത്വ സംഘം പ്രചരിപ്പിക്കുന്നത്.

Also Read: വിദ്വേഷപ്രചാരകരേ, ആ ചിത്രം വെറുപ്പിന്റേതല്ല; സ്നേഹം പങ്കുവെക്കുന്നതാണ്

‘ബംഗ്ലാദേശിൽ ഹിന്ദുഷോപ്പ് മുസ്‍ലിംകൾ കൊള്ളയടിക്കുന്നു’ -പ്രചരിക്കുന്ന വിഡിയോയു​ടെ സത്യം അറിയാം FACT CHECK

മുകളിൽ പങ്കുവെച്ച വിഡിയോയും അത്തരത്തിലുള്ളതാണെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. bdnews24 എന്ന ബംഗ്ലാദേശി വാർത്താ ഏജൻസി ഈ വി​ഡിയോ സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ടെന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി. ‘ഭർത്താവിന്റെ പീഡനത്തെ തുടർന്ന് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോയ യുവതിയെ ഭർത്താവ് ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു’ എന്നതാണ് വാർത്ത. ഇതോടൊപ്പം ഇപേപാൾ വൈറലായ വിഡിയോയുടെ സ്‌ക്രീൻ ഷോട്ടും ഉണ്ടായിരുന്നു.

Also Read: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് തീവെച്ചെന്ന് വ്യാജ പ്രചാരണം; സത്യമിതാ

ബംഗ്ലാദേശിലെ നോഖാലി ജില്ലയിലെ സെൻബാഗ് ഏരിയയിൽ ആഗസ്റ്റ് എട്ടിനാണ് സംഭവം. പ്രസിൻജിത്ത് എന്നാണ് ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളുടെ പേര്. രണ്ടുവാഹനങ്ങളിലായി ഏകദേശം 18ഓളം പേരുമായാണ് ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയത്. എന്നാൽ, യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തി വാഹനങ്ങൾ തടഞ്ഞുനിർത്തി പ്രസിൻജിത്തിനെയും രണ്ട് കൂട്ടാളികളെയും പിടികൂടി സൈന്യത്തിന് കൈമാറി.

നാലുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, പ്രസിൻജിത്തിന്റെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായ യുവതി ഒടുവിൽ വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു. ഒന്നര മാസം മുമ്പ് കോടതിയിൽ നടന്ന ഹിയറിങ്ങിനിടെ ഭർത്താവും സംഘവും ചേർന്ന് യുവതിയെ കോടതി വളപ്പിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. 

Tags:    
News Summary - Viral video: Man’s failed attempt to abduct estranged wife in Noakhali falsely shared as attack on Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.