ഭക്ഷണപ്രിയരായ നമ്മൾ മലയാളികൾക്കിടയിൽ ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത പരമ്പരാഗത രുചികൾ പരിചയപ്പെടുത്തിയ ഒരു കോട്ടയം സ്വദേശിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. പ്രൊഫഷണലി മെക്കാനിക്കൽ എഞ്ചിനീയർ ആണെങ്കിലും വ്യത്യസ്ത രുചികളെ കുറിച്ചും. ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചും റിസർച്ച് ചെയ്താണ് ഓരോ വിഭവങ്ങളും പുലീക്കർ എന്നറിയപ്പെടുന്ന സുൽഫീക്കർ നമ്മളിലേക്കെത്തിക്കുന്നത്. ദുബൈ ഗവൺമെന്റിന് കീഴിൽ എംപവറിൽ ജോലി ചെയ്തു വരുന്ന സുൽഫിക്കറിന്റെ ഭക്ഷണ പ്രിയത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്.
ചെറുപ്പത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ഉമ്മാന്റെ കയ്യിൽനിന്ന് അടി കിട്ടിയിട്ടുള്ളത് ഭക്ഷണം കഴിക്കാത്തതിനായിരുന്നു. ‘എത്രയോ കുട്ടികളിൽ ലോകത്ത് ഉണ്ണാനും ഉടുക്കാനുമില്ലാതെ ബുദ്ധിമുട്ടുന്നു. പടച്ചോൻ ഇതൊക്കെ കാണുന്നുണ്ട്. ഭക്ഷണം കിട്ടാണ്ട് വരുമ്പോഴേ ഇതിന്റെയൊക്കെ വില മനസ്സിലാകൂ’ എന്ന ഉമ്മമാരുടെ സ്ഥിരം ഡയലോഗ് കേട്ട് വളർന്ന സുൽഫിക്കറിന് പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ് പഠിക്കാനായി കോട്ടയത്ത് നിന്ന് വണ്ടി കയറി അങ്ങ് തിരുവനന്തപുരത്ത് ഹോസ്റ്റലിലെ പൊട്ടാത്ത പുട്ടും, കടല ആക്രമണവും, എണ്ണ പിഴിഞ്ഞ് എടുക്കാവുന്ന പൂരിയും കണ്ടപ്പോഴാണ് മനസ്സിലായത്, ഇനിമുതൽ ഞാൻ വീട്ടുകാരെ മാത്രമല്ല വീട്ടിൽ ഉമ്മ ഉണ്ടാക്കി തരുന്ന രുചിയുള്ള ഭക്ഷണം കൂടിയാണ് മിസ്സ് ചെയ്യാൻ പോകുന്നത് എന്ന്.
പച്ചക്കറികൾ കണ്ടാൽ മുഖം തിരിക്കാറുള്ള താൻ പിന്നീട് ക്ലാസ്സിൽ സുഹൃത്തുക്കളുടെ അമ്മമാർ വീട്ടിൽ നിന്നും അവർക്ക് ഉണ്ടാക്കി കൊടുക്കാറുള്ള അവിയലും, തോരനും ഒക്കെ ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. അങ്ങനെ ഓരോ രുചി വ്യത്യാസവും കൃത്യമായി നാവിനെ മനസ്സിലാക്കാനും തുടങ്ങി.
എൻജിനീയറിങ് രണ്ടാം വർഷമായപ്പോൾ കുറേ സുഹൃത്തുക്കൾ ചേർന്ന് ഹോസ്റ്റലിൽ നിന്നും മാറി പുറത്തൊരു വീട് വാടകക്കെടുത്തു താമസിക്കുവാൻ തുടങ്ങി. അവിടുത്തെ അടുക്കളയിലാണ് പാചകത്തിന്റെ ആദ്യ ഹരിശ്രീ കുറിച്ചത്. ഉമ്മയോട് ഫോൺ വിളിച്ചു ചോദിച്ച് ഓരോന്ന് ഉണ്ടാക്കി നോക്കാൻ തുടങ്ങി. ആദ്യമൊക്കെ കുറച്ച് ഉപ്പും മുളകും ഒക്കെ കൂടുകയും കുറയുകയും ഒക്കെ ചെയ്തെങ്കിലും പിന്നീട് അങ്ങോട്ട് എല്ലാത്തിന്റെയും ഒരു ഏകദേശം കണക്ക് മനസ്സിലാക്കി.
എഞ്ചിനീയറിങ് പഠനം പൂർത്തിയായി ഉടനെ തന്നെ ദുബൈയിലെത്തി. തുടക്കത്തിലുള്ള ജോലിത്തിരക്കുകളും മറ്റും കാരണം ഭക്ഷണം തൊട്ടടുത്തുള്ള റസ്റ്റോറന്റ് മെസ്സിലാക്കി. എത്ര കഴുകിയാലും കയ്യിൽ നിന്ന് പോകാത്ത ചിക്കൻ കറിയുടെ ചുമന്ന നിറവും, നിരന്തരം ഉണ്ടാക്കാനുള്ള ദഹന പ്രശ്നങ്ങൾ എല്ലാം കൂടിയായപ്പോൾ വീണ്ടും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാം എന്ന തീരുമാനത്തിലെത്തിച്ചു. ആ സമയത്ത് യൂട്യൂബിൽ കുറെ കുക്കിംഗ് ചാനലുകൾ ഉള്ളതുകൊണ്ട് പിന്നീട് ഉമ്മാനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല. ഓരോ വീക്കെൻഡിലും എന്തെങ്കിലുമൊക്കെ പുതിയ വിഭവം യൂട്യൂബ് നോക്കി ഉണ്ടാക്കുന്നത് ശീലമായി.
ചെവിയിൽ ഒരു ഹെഡ്ഫോൺ വെച്ച് തലയിൽ ഒരു തോർത്തും കെട്ടി എത്രനേരം വേണമെങ്കിലും നിന്ന് പാചകം ചെയ്യുന്നത് പിന്നീട് ഒരു സ്ട്രെസ് റിലീഫ് ആയി മാറാൻ തുടങ്ങി. താൻ ഉണ്ടാക്കുന്ന ഭക്ഷണം റൂം മേറ്റ്സ് ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതും, കൊള്ളാം നന്നായിട്ടുണ്ട് എന്ന് പറയുന്നതും വീണ്ടും പ്രചോദനം തന്നു. അങ്ങനെയാണ് പാചകത്തിൽ ചെറിയൊരു താല്പര്യം ഉണ്ടെന്നു തന്നെ സ്വയം മനസ്സിലാക്കിയത്. അന്നൊന്നും ഇങ്ങനെയൊരു കുക്കിംഗ് പേജ് തുടങ്ങണമെന്നോ ഒരു കൊണ്ടെന്റ് ക്രിയേറ്ററായി താൻ മാറുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. 2022ൽ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് കടുത്ത വിഷാദരോഗത്തിലേക്ക് പോയി. ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ടും മറ്റും കുടുംബവും നാട്ടിൽ നിൽക്കേണ്ട ഒരു സാഹചര്യം കൂടിയായിരുന്നു അത്. അടുത്ത സുഹൃത്തുക്കളുടെ പിന്തുണയാണ് തന്റെ നല്ല മാറ്റത്തിന് പിന്നിൽ.
ശാരീരിക ആരോഗ്യത്തിനു കൊടുക്കുന്ന പ്രാധാന്യം നമ്മളിൽ പലരും മാനസികാരോഗ്യത്തിന് കൊടുക്കാറില്ല എന്നും ആവശ്യമെങ്കിൽ ചികിത്സ എടുക്കാൻ പോലും പലരും വിമുഖത കാണിക്കാറുണ്ട് എന്നും സുൽഫീക്കർ പറയുന്നു. പതുക്കെപ്പതുക്കെ തന്റെ ശാരീരിക ആരോഗ്യത്തെയും അത് ബാധിച്ചു തുടങ്ങി. ഭക്ഷണം തീരെ കഴിക്കാതെയായി, ഭാരം നന്നേ കുറഞ്ഞു. ജോലിയെ വരെ ബാധിക്കും എന്ന സ്ഥിതിയിൽ എത്തിയപ്പോൾ ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് സ്വയം തോന്നലുണ്ടായി.
ആ സമയത്താണ് ന്യൂട്രീഷൻ സൈക്കാട്രിയെ കുറിച്ച് ഒരു ആർട്ടിക്കിൾ വായിക്കാൻ ഇടയായത് നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ മാനസികാരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയും എന്ന് മനസ്സിലാക്കിയതും. അങ്ങനെ താൻ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കാൻ തുടങ്ങി. വ്യായാമവും അതോടൊപ്പം പുതിയൊരു ജീവിതരീതി ചിട്ടപ്പെടുത്തി എടുത്തു. ഈ പറയുന്ന പോലെ അത്ര എളുപ്പമായിരുന്നില്ല ഒന്നും.
തുടക്കത്തിൽ ചങ്കരൻ തെങ്ങിൽ തന്നെ എന്നുപറയുന്നതുപോലെ തുടങ്ങിയടത്ത് തന്നെ വീണ്ടും തിരികെ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു തെറാപ്പിസ്റ്റിന്റെ സഹായം കൂടി താനെടുത്തു. അങ്ങനെ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അത് തന്റെ ആത്മവിശ്വാസത്തിൽ ഉണ്ടാക്കിയ മാറ്റം വലുതായിരുന്നു എന്നും സെൽഫ് ലവ് എത്രത്തോളം പ്രധാനമാണെന്ന് താൻ മനസ്സിലാക്കിയെന്നും സുൽഫീക്കർ പറയുന്നു.
ന്യൂട്രീഷണൽ സയൻസിനെ കുറച്ചു കൂടുതൽ പുസ്തകങ്ങളിൽ നിന്ന് മനസ്സിലാക്കി. മിക്ക പുസ്തകങ്ങളിലും പശ്ചാത്യ ജീവിതരീതിയുമായി ബന്ധപ്പെട്ടതോ അവരുടെ സ്ഥലത്ത് സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ വെച്ചുള്ള ആഹാര രീതിയോ ഒക്കെയാണ് കാണാറുള്ളത്. ചിലപ്പോൾ നമുക്കത് പിന്തുടരുന്നത് പ്രായോഗികമാവുകയുമില്ല.
എന്തൊക്കെ ഗുണമുണ്ടെന്ന് പറഞ്ഞാലും രുചി ഉണ്ടെങ്കിൽ അല്ലേ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ പറ്റൂ. വണ്ണം കുറയാനോ കൂടാനോ കുറച്ചുനാൾ കാട്ടിക്കൂട്ടുന്ന ഒരു പരിപാടിയായി പോകാറുണ്ട് മിക്കവരുടെയും ഡയറ്റ്. ആഹാരം മരുന്നു പോലെയാണ് എന്ന് പറയാറുണ്ട് നമ്മുടെ ശരീരത്തെ അറിഞ്ഞു ഭക്ഷണം കഴിക്കണം ആരോഗ്യകരമായ ആഹാരക്രമം ജീവിതത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. ഭക്ഷണത്തിൻറെ കാലം, ദേശം, സംസ്കാരം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്നിങ്ങനെ പലതുമായി ബന്ധപ്പെട്ട് കിടക്കുന്നു.
അങ്ങനെയാണ് നമ്മുടെ പരമ്പരാഗത വിഭവങ്ങൾ അന്വേഷിച്ചു പോയത്. അങ്ങനെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി. വിദേശ ഭക്ഷണ വിഭവങ്ങൾ നമുക്ക് പ്രാദേശികമായി കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ പകരമായി ഉപയോഗിച്ച് പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും തുടങ്ങി. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള മിക്ക ഭക്ഷണങ്ങളുടെയും രുചി അത്ര നല്ലതായിരിക്കില്ല. അത്തരം ഭക്ഷ്യവസ്തുക്കളുടെ രുചിയോടെ എങ്ങനെ പാകം ചെയ്യാം എന്നാണ് താൻ ചിന്തിച്ചത്.
'പിണ്ടിയും ബോട്ടിയും' 'കൂമ്പും കരളും' 'കോഴിയും കോവയ്ക്കയും 'ഒക്കെ അങ്ങനെ ഉണ്ടായ വിഭവങ്ങളാണ്. ഇന്നത്തെ തലമുറ തീരെ കഴിച്ചിട്ടില്ലാത്ത നമ്മുടെ പരമ്പരാഗത വിഭവങ്ങളായ 'ചേലാക്കി' 'ഉഴുന്നങ്ങള്ളി' 'കമ്പ് കൂഴ്' എന്നിങ്ങനെ നിരവധി വിഭവങ്ങളെ കുറിച്ചും പലരോടും ചോദിച്ചും വായിച്ചു മനസ്സിലാക്കി.
ഇബിനൽ കയ്യും എഴുതിയ ഹീലിംഗ് വിത്ത് മെഡിസിൻ ഓഫ് പ്രൊഫറ്റ് 10 നൂറ്റാണ്ടിൽ രചിക്കപ്പെട്ട കിതാബ് അൽ തബീ എന്നിങ്ങനെയുള്ള അറബ് ഗ്രന്ഥങ്ങളിൽ നിന്ന് ഹദീസുകളിലും ഇസ്ലാമിക ഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുള്ള പ്രവാചകന് ഇഷ്ടമായിരുന്നു എന്ന് പറയപ്പെടുന്ന തൽബീന, തരീദ്, ഹൈസ് തുടങ്ങിയുള്ള പോഷക സമ്പുഷ്ടമായ അറബ് വിഭവങ്ങളെ കുറിച്ചും മനസ്സിലാക്കി. താൻ മനസ്സിലാക്കിയ വിവരങ്ങൾ എവിടെയെങ്കിലും ഡോക്യുമെന്റ് ചെയ്യപ്പെട്ടു സൂക്ഷിച്ചു വെക്കണം എന്ന ആഗ്രഹത്തിലാണ് പുലീകർ എന്ന ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത്. ചെറുപ്പത്തിൽ തന്റെ കസിൻ ബ്രദറിന് സുൽഫിക്കർ എന്ന തന്റെ പേര് അവന്റെ തിരിയാത്ത ഭാഷയിൽ പുലീക്കർ എന്നാണ് വിളിച്ചിരുന്നത്.
വീട്ടുകാർ തനിക്ക് പ്രത്യേകിച്ചും ഒരു വിളിപ്പേര് ഇടാത്തതിനാൽ സ്വയം സ്വീകരിച്ച തന്റെ ഓമനപ്പേര് കൂടിയായിരുന്നു പുലീക്കർ. പേരിലുള്ള വ്യത്യസ്തതയും ആളുകൾക്കിഷ്ടപ്പെട്ടു. ഇന്നിപ്പോ 'പുലിക്കുട്ടി' പുലി എന്നൊക്കെ ആളുകൾ വിളിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസം ഒക്കെയുണ്ട് എന്ന് സുൽഫീക്കർ പറയുന്നു. ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ മുതൽ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. രണ്ടാമത് ചെയ്ത ഹെർബൽ ഡ്രിങ്കിന്റെ വീഡിയോക്ക് കൂടുതൽ സ്വീകാര്യത കിട്ടിയെങ്കിലും കുറെ നെഗറ്റീവ് കമന്റ് കിട്ടിയിരുന്നു. എല്ലാ കമന്റുകൾക്കും മാന്യമായ ഭാഷയിൽ മറുപടി നൽകിയപ്പോൾ, കൃത്യമായ ഒരു വിഷയം പഠിച്ചിട്ടാണ് താൻ വീഡിയോ ചെയ്യുന്നത് എന്ന് മിക്കവർക്കും മനസ്സിലായി. അത് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി.
കൂടുതലും മലയാളം വാക്കുകൾ ഉപയോഗിച്ച് ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അധികം വലിച്ചു നീട്ടാതെയുള്ള വീഡിയോ ചെയ്യാനാണ് ശ്രമിക്കാറ്. കൃഷിദീപം പരിപാടി ഓർമ്മ വരുന്നു, ദൂരദർശനിലെ വീടും വയലും പരിപാടി പോലെ മലയാളം എന്നൊക്കെ കമന്റുകൾ വരാറുണ്ട്. പാചകം ചെയ്യാറില്ലെങ്കിലും തന്റെ പാചക വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണെന്ന് കുറെ ആളുകൾ പറഞ്ഞിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ തനിക്ക് സ്ട്രെസ് റിലീഫ് കിട്ടുന്നത് പോലെ, മറ്റുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിയുന്നു എന്നറിയുന്നതിൽ സന്തോഷവും ഉണ്ട്.
ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ മടിയുള്ളവർക്ക് വേണ്ടി താൻ കണ്ടെത്തിയ പ്രാതൽ പൊടി ശ്രദ്ധേയമായിരുന്നു. ഇപ്പോഴും അതുണ്ടാക്കി നോക്കി ഇഷ്ടപ്പെട്ട ആളുകൾ മെസ്സേജ് അയക്കാറുണ്ട്. ഫുഡ് സയൻസ് പഠിക്കുന്ന നിരവധി ഗവേഷണ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ പ്രൊജക്റ്റിന്റെ ഭാഗമായി തന്നെ ബന്ധപ്പെടാറുണ്ട്. താനൊരു മെക്കാനിക്കൽ എൻജിനീയർ ആണെന്ന് അറിയുമ്പോൾ അത്ഭുതപ്പെടാറുമുണ്ട്.
പശുവിൻപാൽ ഉപയോഗിക്കുമ്പോൾ അലർജിയുള്ളവർക്കായി കടലയിൽ നിന്ന് 'പുരതപാൽ' , അവക്കാഡോയുടെ കുരുവിൽ നിന്നുണ്ടാക്കുന്ന ചായ, ബീറ്റ്റൂട്ട് പുളിപ്പിച്ച് ഉണ്ടാക്കുന്ന കാഞ്ചി എന്ന പ്രോബയോട്ടിക്, എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങൾ പേജിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. കുറെ ആളുകൾക്ക് ഇത് പ്രയോജനപ്പെടുകയും ചെയ്തു. ഫുഡ് സയന്റിഫിക് ഫാക്റ്റ് വീഡിയോകളും ചെയ്യാറുണ്ട്. വിപണിയിൽ ലഭ്യമായ കറുവപ്പട്ടയുടെ വ്യാജനായ കാസിയയെ കുറിച്ച് വീഡിയോ ചെയ്തപ്പോൾ എഫ്.എസ്.എസ്.എ.ഐ സെൻട്രൽ ഫുഡ് ഓഫീസർ മെസ്സേജ് അയച്ച് ആശംസകൾ അറിയിച്ചിരുന്നു.
പാചകം ചെയ്യുന്നതുപോലെ തന്നെ വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും ഇഷ്ടമാണ്. ഒരേ രീതിയിൽ വീഡിയോ ചെയ്യാതെ എന്തെങ്കിലുമൊക്കെ വ്യത്യസ്തത വീഡിയോയിൽ കൊണ്ടുവരാനും ശ്രമിക്കാറുണ്ട്. അങ്ങനെയാണ് അശോക മേക്കപ്പ് ട്രെൻഡിങ് റിലീസ് സമയത്ത് ബ്രൈഡൽ ചിക്കൻ വീഡിയോ ചെയ്തത്. ഇതിനോടകം 43 മില്ല്യൻ ളാണ് ആ വീഡിയോ കണ്ടത്. ഉപ്പു കറുവാട് ഊറ വെച്ച ചോറ് എന്ന തമിഴ്പ്പാട്ടിൽ ഉണക്കമീൻ പഴങ്കഞ്ഞി റീലും ഹിറ്റായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലോത്സവങ്ങളിൽ കലാപ്രതിഭയായിരുന്നു സുൽഫീക്കർ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും എ.പി.ജെ അബ്ദുൽ കലാമിന്റെ കയ്യിൽ നിന്നും ചൈൽഡ് സയന്റിസ്റ് അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട് സുൽഫിക്കറിന്.
ആർട്ടും സാഹിത്യവുമൊക്കെ പഠിക്കാൻ ഇഷ്ടമുള്ള താൻ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയാണ് മാറിയത്. അതുപോലെ, ജീവിതം ഇങ്ങനെയൊരു റോളർ കോസ്റ്റർ പോലെ ഉരുണ്ടുമറിഞ്ഞ് സന്തോഷത്തോടെ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കോട്ടയം സ്വദേശികളായ ബഷീറും, സലീനയുമാണ് മാതാപിതാക്കൾ. ഭാര്യ ഡോക്ടർ മുഹ്സിനക്കും മൂന്ന് വയസ്സുള്ള മകൾ മറിയം അമീറക്കുമൊപ്പം കുടുംബസമേതം ഷാർജയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.