മലയാളി എപ്പോഴും അഭിമാനത്തോടെ എടുത്തു പറയുന്ന നമ്മുടെ ആരോഗ്യ സാക്ഷരതക്കുനേരെ കൊഞ്ഞനംകുത്തി ഒരു ഗുരുതര പ്രശ്നം നാട്ടിലും നഗരത്തിലും ഉയര്‍ന്നുവരുന്നത് ആരുടെയും കണ്ണില്‍പെടാതെ പോയിട്ടുണ്ടാവില്ല. നമ്മുടെ വീടകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അവശിഷ്ടങ്ങള്‍ പൊതു വഴിയിലും പൊതു ജലാശയങ്ങളിലും വിശ്രമിക്കുന്ന തരം നാറുന്ന 'സംസ്കാരത്തിന്‍റെ' ഏറ്റവും വലിയ പ്രചാരകന്‍ ആയി പേരെടുത്തിരിക്കുകയാണ് ഇന്ന് മലയാളി.
ജീവിതശൈലി പാടെ മാറിയപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകി. നാലും അഞ്ചും സെന്‍റില്‍ വീടുകളും ഫ്ളാറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡിന്‍റെ അരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാന്‍ തുടങ്ങി.
കേരളീയന്‍റെ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ 'പെരുമാറ്റ ദൂഷ്യ'ത്തെ അകറ്റണമെങ്കില്‍ ഇനിയെങ്കിലും ഓരോ ഗൃഹസ്ഥനും സ്വന്തം നിലക്ക് ശ്രമിച്ചേ മതിയാവൂ. മാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ അതിന്‍റെ സംസ്കരണത്തിലേക്ക് തിരിയുക എന്നതാണ് ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ ചുവടുവെപ്പ്. ഇതുവഴി ഈ പ്രശ്നത്തെ മാത്രമല്ല, പാചകത്തിനുള്ള ഇന്ധനം സ്വന്തം നിലക്ക് ഉല്‍പാദിപ്പിച്ച് ആ ദൗര്‍ലഭ്യതയെ കൂടി മറികടക്കാന്‍ കഴിയുന്നു.
ഇന്ത്യയിലെ ഒരോ അടുക്കളയും പ്രതിമാസം ഏഴു മുതല്‍ പത്ത് കിലോ വരെ വേയ്സ്റ്റ് ആണ് സംഭാവന ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ നാട് അനുഭവിക്കുന്ന ഗൗരവമേറിയ പ്രശ്നമാണ് മാലിന്യ പ്രശ്നം. പരിഹാരമില്ലാത്ത ഭീകര പ്രശ്നമായാണ് ഇതിനെ അധികൃതരും ജനങ്ങളും കാണുന്നതും അവതരിപ്പിക്കുന്നതും. അത് വേണ്ട രീതിയില്‍ കെകാര്യം ചെയ്യുന്നതില്‍ ഇരുകൂട്ടരും കടുത്ത അലംഭാവമാണ് കാണിക്കുന്നത്.
മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന് ഉരുവിട്ടു പഠിച്ചതുകൊണ്ട് കാര്യമായില്ല. കേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നത് കേരളത്തില്‍ പരാജയമടഞ്ഞ പരിഹാരമാണ്. ഞെളിയന്‍ പറമ്പ്,വിളപ്പില്‍ശാല, ലാലൂര്‍ ഇവിടങ്ങളിലെല്ലാം ഏറ്റവും നവീനവും കാര്യക്ഷമവുമായ പ്ളാന്‍റുകള്‍ സ്ഥാപിച്ചാല്‍ പോലും ഈ പ്രശ്നത്തെ മറികടക്കാനാവാത്തവിധം നാറിയിരിക്കുന്നു നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ പരിസരം.
ലക്ഷങ്ങളും കോടികളും മുടക്കി വലിയ വലിയ വീടുകള്‍ കെട്ടിപ്പടുക്കുന്നവര്‍ കാര്യമായ നീക്കിവെപ്പ് നടത്താത്ത വിഷയമാണ് മാലിന്യ സംസ്കരണം. നീന്തല്‍ കുളങ്ങള്‍ അടക്കം സര്‍വ സൗകര്യങ്ങള്‍ക്കും ഇല്ലാത്ത സ്ഥലവും വന്‍ തുകയും വകയിരുത്തുമ്പോള്‍ വീട്ടുമാലിന്യമെന്ന അടിസ്ഥാന പ്രശ്നത്തിന് പോംവഴി കാണുന്നില്ല. ദൈനം ദിനകാര്യങ്ങള്‍ക്ക് യാതൊരു മുടക്കം കൂടാതെ തന്നെ ഈ പ്രശ്നം മറികടക്കാം. റോഡരികില്‍ ആരുടെയും കണ്ണില്‍പെടാതെ ഒളിച്ചു പാര്‍ത്തും മാലിന്യം വലിച്ചെറിയുന്നത്രെക്കുള്ള ശ്രമം പോലും ആവശ്യമായി വരില്ല.
ആദ്യം ചെയ്യേണ്ടത്
ഉല്‍ഭവത്തില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുക എന്നതാണ് സംസ്കരണത്തിലെ ആദ്യ പടി. അതിന് എളുപ്പമുള്ള മാര്‍ഗങ്ങള്‍ ഉണ്ട്. അടുക്കളയോട് ചേര്‍ന്ന് രണ്ട് ചെറിയ ബക്കറ്റുകള്‍ വെക്കുക. ഇതില്‍ ഒന്നില്‍ ഭക്ഷണാവശിഷ്ടങ്ങള്‍, പേപ്പര്‍ അടക്കമുള്ള ജൈവ വേസ്റ്റുകളും രണ്ടാമത്തേതില്‍ പ്ളാസ്റ്റിക് വേസ്റ്റുകളും തരംതിരിച്ച് ഇടുക.
പ്ളാസ്റ്റിക് സംസ്കരണം വീടുകളില്‍ പ്രയാസമായതിനാല്‍ പരമാവധി ഉപയോഗം കുറക്കുക എന്നതാണ് പോംവഴി. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരുന്നതിന് കയ്യില്‍ സ്വന്തം സഞ്ചിയോ കവറോ കരുതുക. ഇനിയും വീട്ടിലത്തെുന്ന മറ്റു പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇത് എടുക്കുന്ന കടയില്‍ നല്‍കാം. റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പന്നങ്ങള്‍ ആക്കി മാറ്റുന്നതിന് ഇത് സഹാകമാവും.
നിലവില്‍ ഒരു ചെറിയ കുടുംബം ഉല്‍പാദിപ്പിക്കുന്ന ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്കരിക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ബയോഗ്യാസ് പ്ളാന്‍റുകള്‍. മുമ്പൊക്കെ ഫെറോ സിമന്‍റില്‍ തീര്‍ത്ത വലിയ പ്ളാന്‍റുകള്‍ ആണെങ്കില്‍ ഇപ്പോള്‍ വീടുകളില്‍ കൊണ്ടുവെക്കാവുന്ന ചെറിയ തരം പോര്‍ട്ടബിള്‍ പ്ളാന്‍റുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രതിദിനം രണ്ടു കിലോ വേസ്റ്റ് സംസ്കരിക്കാന്‍ പറ്റുന്ന ഇത്തരം പ്ളാന്‍റില്‍നിന്ന് രണ്ടു മണിക്കൂര്‍ വരെ നേരത്തേക്കുള്ള പാചകവാതകം ലഭിക്കും. ടെറസിനു മുകളിലും സ്ഥാപിക്കാന്‍ പറ്റുന്ന പ്ളാന്‍റുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വിവാഹ ഓഡിറ്റോറിയങ്ങളില്‍ മാലിന്യം സംസ്കരിക്കുന്ന വലിയ പ്ളാന്‍റുകള്‍ വരെ ഇതില്‍ വരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്,ബയോ ടെക് തുടങ്ങിയവര്‍ ഇത്തരം പ്ളാന്‍റുകള്‍ ആവശ്യക്കാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിക്കുന്നുണ്ട്.
അടുക്കള മുറ്റത്തൊരു 'മീന്‍ കുളം'
സ്ഥലസൗകര്യമില്ലാത്ത നഗരവാസികള്‍ക്ക് അടുക്കള അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ അവലംബിക്കാവുന്ന ഒരു രീതിയാണിത്. 10-15 സ്ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള സിമന്‍റ് ടാങ്ക് ഇതിനായി ഒരുക്കാം. സ്ഥലസൗകര്യം അനുസരിച്ച് ടാങ്കിന്‍്റെ വലിപ്പം തീരുമാനിക്കാവുന്നതാണ്. ഇതില്‍ മീനിനെ വളര്‍ത്താം. മാലിന്യവും സംസ്കരിക്കാം. ഭക്ഷണ-പച്ചക്കറി അവശിഷ്ടങ്ങള്‍ ഒന്നും തന്നെ അടുക്കളമുറ്റത്തും കുപ്പയിലും അസ്വസ്ഥതയുളവാക്കുന്ന കാഴ്ചയാവില്ല.
ഭക്ഷണയോഗ്യമായവയടക്കം വിവിധ തരം മല്‍സ്യങ്ങളെ ഈ ടാങ്കില്‍ വളര്‍ത്താം. മല്‍സ്യങ്ങള്‍ വലുതായാല്‍ വീട്ടുകാര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.
തിരുവനന്തപുരത്തെ നഗര മാലിന്യം ഒരു കടുത്ത പ്രശ്നമായി മാറിയപ്പോള്‍ സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന ഒരു പദ്ധതിയാണിത്. കുമരകത്തെ റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ആണ് ഇത് പരിചയപ്പെടുത്തിയത്. കേരള ശുചിത്വ മിഷനും ഇത്തരം പദ്ധതികള്‍ക്ക് പ്രോല്‍സാഹനം നല്‍കി വരുന്നുണ്ട്. ആവശ്യമുള്ള ഉപയോക്തക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ഉടന്‍ തുടക്കമിടാനും ശുചിത്വമിഷന്‍ ആലോചിക്കുന്നുണ്ട്.
കാംബ,ഗാംല
ഇതിനുപുറമെ കാംബ, ഗാംല തുടങ്ങി മാലിന്യ സംസ്കരണത്തിനുപയോഗിക്കുന്ന അലങ്കാര പൂച്ചട്ടികളും വിപണിയില്‍ ലഭിക്കുന്നു. വീടിന് അലങ്കാരവും മാലിന്യ പ്രശ്നത്തിന് പരിഹാരവുമാവുന്നു ഇത്. അഞ്ചു അംഗങ്ങളുള്ള കുടുംബത്തിന് 15 മുതല്‍ മുപ്പത് വരെ ഗാംലകള്‍ വേണം. മുപ്പതാമത്തെ പൂച്ചട്ടിയിലും വേസ്്റ്റ് നിക്ഷേപിച്ചു കഴിഞ്ഞാല്‍ വീണ്ടും ആദ്യത്തേതില്‍ നിന്നു തുടങ്ങാം. മണ്‍പാത്രത്തിലെ നടുവില്‍ കാണുന്ന കുഴലിലൂടെയാണ് ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കേണ്ടത്. ഈ കുഴലിന് ദ്വാരങ്ങളോടു കൂടിയ മേല്‍മൂടി ഉണ്ടായിരിക്കും. കമ്പോസ്റ്റിങ് വേഗത്തില്‍ ആക്കുന്നതിന് വായു സഞ്ചാരത്തിനായാണ് സുഷിരങ്ങള്‍ ഇട്ടിരിക്കുന്നത്.
അലങ്കാരപ്പണികള്‍ ചെയ്ത മൂന്ന് അടുക്കുകള്‍ ഉള്ള പൂച്ചട്ടിയാണ് കാംബ. ഇതില്‍ മൂന്ന് പാത്രങ്ങളെയും ബന്ധിപ്പിക്കുന്നതിന് നടുവില്‍ വലിയ ദ്വാരം ഉണ്ടായിരിക്കും. ഇതിനു മുകളില്‍ നെറ്റ് വിരിച്ചിട്ടുണ്ട്. കമ്പോസ്റ്റിങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന വെള്ളം ഈ അരിപ്പയിലൂടെ അരിച്ചറങ്ങി താഴെയുള്ള പാത്രത്തില്‍ എത്തും. ഇത് ഒന്നാന്തരം വെര്‍മി വാഷ് ആണ്.
ഏറ്റവും മുകളിലെ പാത്രത്തില്‍ ആണ് ആദ്യം അവശിഷ്ടങ്ങള്‍ നിക്ഷേപിക്കേണ്ടത്. അത് നിറയുമ്പോള്‍ രണ്ടാമത്തെ പാത്രം മുകളിലേക്ക് മാറ്റി അതില്‍ ഇടാം.ഇങ്ങനെ പാത്രങ്ങള്‍ മാറ്റിമാറ്റി കൊടുക്കാം.
ഒൗഷധ സസ്യങ്ങളും കാംബയിലും ഗാംലയിലും നട്ടുവളര്‍ത്താം. മാലിന്യ നിര്‍മാര്‍ജന രംഗത്ത് സജീവമായി രംഗത്തുള്ള തിരുവനന്തപുരത്തെ 'തണലു'മായി ബന്ധപ്പെട്ടാല്‍ കാംബ,ഗാംല പൂച്ചട്ടികള്‍ ലഭിക്കാനുള്ള വഴി കണ്ടത്തൊം. 0471-2727150 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ഇതിനായി ഉപയോഗിക്കാം. dailydump.org എന്ന വെബ്സൈറ്റില്‍ നിന്ന് ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയുമാവാം.
അടുക്കളയില്‍ നിന്നും ബാത്റൂമില്‍ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളം ഓടയിലേക്കും പൊതു വഴിയിലേക്കും ഒഴുക്കിവിടുകയോ വീടിന്‍്റെ പരിസരത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. കൊതുകള്‍ പെരുകുകയും വെള്ളത്തിന് ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്ന കാലത്ത് ഈ വെള്ളവും നമുക്ക് ഉപകാരപ്പെടുത്താം. പുതിയ വീടിന്‍റെ പ്ളംബിംഗ് നിര്‍വഹിക്കുമ്പോള്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാം. അടുക്കളയിലെ വെള്ളം ചെടികള്‍ക്കും അടുക്കള മുറ്റത്തെ ചെറു പച്ചക്കറിത്തോട്ടത്തിലേക്കും വഴി തിരിച്ചു വിടുന്ന വിധത്തില്‍ കുഴല്‍ സ്ഥാപിച്ചാല്‍ മതി. ബാത് റൂമിലെയും അലക്കുവെള്ളവും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനവും ഉണ്ട്. അതിന് സാധ്യമാവാത്തവര്‍ ബാത് റൂമിലെ വെള്ളത്തിന് ടാങ്ക് എടുക്കുമ്പോള്‍ അല്‍പം വലുത് തന്നെ എടുക്കാന്‍ നോക്കണം. എങ്കില്‍ അലക്കുവെള്ളവും ഇതിലേക്ക് കടത്തിവിടാം. എഞ്ചിനീയറുമായോ വീട് നിര്‍മാണമേല്‍പിച്ച തൊഴിലാളികളുമായോ ആലോചിച്ച് തുടക്കത്തില്‍ തന്നെ ഇതെല്ലാം പ്ളാന്‍ ചെയ്യണം.
റസിഡന്‍സ് അസോസിയേഷനുകള്‍
നഗരകേന്ദ്രിതമായി സജീവമായി വരുന്ന റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് കാര്യമായ സംഭാവനകള്‍ അര്‍പിക്കാവുന്ന നല്ല വഴിയാണ് മാലിന്യ സംസ്കരണം. പത്തോ ഇരുപതോ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ചെറു മേഖലകള്‍ തിരിച്ച് അത്രയും വീടുകളിലെ വേസ്റ്റ് ഒന്നിച്ചു സംസ്കരിക്കുന്ന വിധത്തില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കാം. ഈ വീടുകളിലേക്കുള്ള ഉപയോഗത്തിനുള്ള പാചക വാതകം ഈ പ്ളാന്‍റില്‍ നിന്ന് എടുക്കുകയും ചെയ്യാം. ഈ സംവിധാനം നല്ല രീതിയില്‍ നടത്തുന്നതിന് അസോസിയേഷനു തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുമതലപ്പെടുത്താം. ഇവര്‍ക്കു നല്‍കാനുള്ള വേതനം വീട്ടുകാരില്‍ നിന്ന് ഈടാക്കുന്ന നിശ്ചിത സംഖ്യയില്‍ നിന്ന് നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.