വാര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

 

 
മണല്‍, സിമന്‍റ്, കരിങ്കല്ല് എന്നിവ ചേര്‍ന്നതാണ് കോണ്‍ക്രീറ്റ്. ഇതില്‍ കമ്പികൂടി ചേര്‍ന്നാല്‍ ആര്‍.സി.സി എന്നറിയപ്പെടുന്ന റീ ഇന്‍ഫോഴ്സ്ഡ് സിമന്‍റ് കോണ്‍ക്രീറ്റ് അഥവാ വാര്‍പ്പായി. 1:2:4 അനുപാതത്തിലാണ് ഇതിന് സിമന്‍റും മണലും മെറ്റലും ചേര്‍ക്കുന്നത്. 1:1.5:3 എന്ന അനുപാതവും  ഉപയോഗിക്കാറുണ്ട്. 100 ഘന അടി അഥവാ ഒരു യൂനിറ്റ് കോണ്‍ക്രീറ്റിന് 18 ചാക്ക് സിമന്‍റ്, 100 ഘന അടി മെറ്റല്‍, 50 ഘന അടി മണല്‍, 150-175 കിലോ കമ്പി എന്നിവ ആവശ്യമാണ്. ഇതിന് എല്ലാ ചെലവും കൂട്ടിയാല്‍ 23,000 രൂപയോളം വരും. പരന്ന മേല്‍ക്കൂരയെക്കാള്‍ ചെരിഞ്ഞമേല്‍ക്കൂര വാര്‍ക്കാന്‍ ചെലവ് കൂടും. 
ഒരു ചാക്ക് സിമന്‍റിന് 28-30 ലിറ്റര്‍ വെള്ളമാണ് ചേര്‍ക്കേണ്ടത്. ശുദ്ധജലമായിരിക്കണം.
മുളയോ കഴയോ ഉപയോഗിച്ച് മുട്ട് കൊടുത്ത മരപ്പലകയുടെ തട്ടിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇപ്പോള്‍ കൂടുതലും ഇരുമ്പ് ഷീറ്റും പൈപ്പുമാണ് ഉപയോഗിക്കുന്നത്. ഏതായാലും മുട്ട് ചെരിയാതെ ലംബമായി തന്നെ നില്‍ക്കണം. ഒന്നര-രണ്ടടി അകലത്തില്‍ മുട്ട് വേണം. തീരെ ഇളക്കം പാടില്ല. ജോയന്‍റ് വരുന്നിടത്ത് വിടവില്ലാതെ നോക്കണം. കമ്പികെട്ടുമ്പോഴും ശ്രദ്ധിക്കണം. കമ്പികള്‍ കോണ്‍ക്രീറ്റിന്‍െറ ഉള്ളില്‍ വരുന്ന വിധത്തിലായിരിക്കണം. അടിയിലും മുകളിലും കമ്പിക്ക് കവറിങ് ആവശ്യമാണ്. ഇതിന് സഹായിക്കുന്ന കവറിങ് ബ്ളോക്കുകള്‍ ലഭ്യമാണ്. കമ്പി ഭിത്തിയിലേക്ക് കയറി നില്‍ക്കുകയും വേണം.
കണ്‍സീല്‍ഡ് വയറിങ് ചെയ്യുന്നിടത്ത് കമ്പി കെട്ടുന്നതിനൊപ്പം വയറിങ് നടത്തണം. വയര്‍ കയറ്റിയ പൈപ്പ് കോണ്‍ക്രീറ്റ് കഴിഞ്ഞാല്‍ പുറത്തുകാണാത്ത വിധത്തില്‍ കയറ്റിവെക്കണം. ഫാനും മറ്റും ഘടിപ്പിക്കാനുള്ള ഹുക്കും ശരിയായ സ്ഥലത്ത് വാര്‍പ്പിന് മുമ്പ് ഘടിപ്പിക്കണം.
ടെറസിനു മുകളിലെ വെള്ളം താഴെയത്തെിക്കാനാവശ്യമായ കുഴലുകളിടാന്‍ ദ്വാരത്തിന്‍െറ സ്ഥാനം നേരത്തേ നിശ്ചയിക്കണം. കോണ്‍ക്രീറ്റിങ് കഴിഞ്ഞ ശേഷം കുത്തിത്തുളക്കുന്നത് ഒഴിവാക്കണം.
മെയിനും ഡിസ്ട്രിബ്യൂട്ടറുമായാണ് വാര്‍ക്കാന്‍ കമ്പി കെട്ടുക. സാധാരണ വീടുകള്‍ക്ക് മെയിന്‍ കമ്പി എട്ട് എം.എമ്മും ഡിസ്ട്രിബ്യൂട്ടര്‍ കമ്പി ആറ് എം.എമ്മുമായിരിക്കും. ബെല്‍റ്റ്, ലിന്‍റല്‍ എന്നിവക്ക് ആറ് എം.എം റിങും അതിന്‍െറ നാലു വശങ്ങളിലായി എട്ട് എം.എമ്മും ഉപയോഗിക്കുന്നു. സണ്‍ഷേഡ്, റാക്ക് എന്നിവക്ക് മെയിന്‍ എട്ട് എം.എമ്മും ഡിസ്ട്രിബ്യൂട്ടര്‍ ആറു എം.എമ്മുമായിരിക്കും. എട്ടു എം.എം 18 സെ.മീ ഇടവിട്ടും ആറ് എം.എം 20 സെ.മീ ഇടവിട്ടുമാണ് കെട്ടുക. മേല്‍ക്കൂരക്ക് സ്ളാബ് വാര്‍ക്കുമ്പോള്‍ കൃത്യമായും സൂക്ഷ്മമായുമാണ് കമ്പി കെട്ടേണ്ടത്. 
നാലിഞ്ച് കനത്തിലാണ് മേല്‍ക്കൂര വാര്‍ക്കുക. ഇടക്കെട്ടില്ലാത്ത, അല്ളെങ്കില്‍ താഴെ ഭിത്തി കുറവായ ഇടങ്ങളില്‍ കോണ്‍ക്രീറ്റിന്‍െറ കനം കൂട്ടേണ്ടിവരും. കോണ്‍ക്രീറ്റ് മിശ്രിതം എല്ലായിടത്തും ഒരുപോലെ എത്തിക്കുന്നതിനും ആവശ്യമുള്ള സാന്ദ്രത ലഭിക്കുന്നതിനും കമ്പനം നല്‍കണം. കമ്പികൊണ്ട് കുത്തിയിളക്കിയായിരുന്നു മുമ്പ് ഇത് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം ലഭ്യമാണ്. ദിവസം 500-700 രൂപ വാടകക്ക് ഇവ ലഭിക്കും. വൈബ്രേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പിയില്‍ തട്ടാതെ നോക്കണം.
കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കാന്‍ മിക്സര്‍ യന്ത്രം വാടകക്ക് എടുത്താല്‍ സമയവും പണവും ലാഭിക്കാം.ഗുണം കൂടും. 2500 രൂപയാണ് മിക്സറിന്‍െറ ദിവസവാടക. കഴിയുന്നതും ഒറ്റ ദിവസം കൊണ്ട് വാര്‍ക്കല്‍ പൂര്‍ത്തിയാക്കണം. ഘട്ടം ഘട്ടമായാണ് ചെയ്യുന്നതെങ്കില്‍ സാങ്കേതിക ഉപദേശം തേടണം. ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ചുവേണം പണി നിറുത്താനും തുടങ്ങാനും.
തട്ടിനെ താങ്ങിനിറുത്തുന്ന മുട്ടും പലകയും ഷീറ്റുമെല്ലാം കോണ്‍ക്രീറ്റ് പൂര്‍ണമായും ഉറക്കുന്നതുവരെ നിറുത്തണം. 14 ദിവസം വരെ മുട്ട് ഇളക്കരുത്. മറ്റു പണി സ്ഥലങ്ങളിലേക്ക് ഇവ എത്തിക്കാനായി ചില കരാറുകാര്‍ ഈ സമയം പാലിക്കാറില്ല. ഇത് അനുവദിക്കരുത്.
ചോര്‍ച്ച തടയാന്‍ വാര്‍പ്പിന് മുകളില്‍ പ്ളാസ്റ്റിക് മിശ്രിതം തേച്ചുപിടിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ അതിനുമുകളില്‍ സിമന്‍റ് തേക്കല്‍ നിര്‍ബന്ധമാണ്. ചതുരശ്ര അടിക്ക് 20 രൂപക്ക് മുകളിലാണ് ഈ മിശ്രിതം ചേര്‍ക്കാനുള്ള ചെലവ്.
മേച്ചിലോടോ ചിരട്ട കമിഴ്ത്തിവെച്ചോ കോണ്‍ക്രീറ്റ് ചെയ്യുന്ന രീതിയുണ്ട്. ഫില്ലര്‍ സ്ളാബ് എന്നാണ് ഇതിന് പേര്. ഹോളോബ്രിക്കും ഇതിനുപയോഗിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതവും കമ്പിയും കുറയുന്നതിനാല്‍ ചെലവ് ചുരുക്കാം. വീടിനകത്ത് ചൂടും കുറയും. എന്നാല്‍, ബലത്തിന് കുറവുമില്ല. ബഹുനില കെട്ടിടങ്ങള്‍ വരെ ഇങ്ങനെ ചെയ്യാം. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്, തൃശൂര്‍ സാഹിത്യഅക്കാദമി എന്നീ കെട്ടിടങ്ങള്‍ ഈ രീതിയില്‍ വാര്‍ത്തതാണ്. വിദഗ്ധ നിര്‍ദേശത്തോടെയേ ഇത് ചെയ്യാവൂ. 
 
 
നനക്കാന്‍ മറക്കല്ളേ...
കോണ്‍ക്രീറ്റ് മിശ്രിതത്തിന് ആവശ്യത്തിന് നനവ് കിട്ടിയില്ളെങ്കില്‍ ബലത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സിമന്‍റ് സ്ളാബായാലും തൂണായാലും തേപ്പായാലും ആവശ്യത്തിന് നന നിര്‍ബന്ധമാണ്. ജലസാന്നിധ്യത്തിലാണ് കോണ്‍ക്രീറ്റിന്‍െറ ശക്തിപ്പെടല്‍ പ്രക്രിയ നടക്കുന്നത്. രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ മിശ്രിതത്തിലെ വെള്ളം നഷ്ടപ്പെടുന്നു. ശക്തിപ്പെടല്‍ തുടരാന്‍ വീണ്ടും വെള്ളം ആവശ്യമായി വരുന്നു. 
സിമന്‍റ് ഉണങ്ങാന്‍ തുടങ്ങുന്നതുമുതല്‍ നനച്ചുതുടങ്ങാം. 28 ദിവസം വരെ  നനക്കണമെന്നാണ് ശാസ്ത്രമെങ്കിലും രണ്ടാഴ്ച നിര്‍ബന്ധമാണ്. ഇങ്ങനെ നനച്ചാല്‍ തന്നെ കോണ്‍ക്രീറ്റിന് 80 ശതമാനം ശക്തിയേ ലഭിക്കൂ. ഒരു വര്‍ഷം കൊണ്ടാണ് ബാക്കി ബലം ആര്‍ജിക്കുന്നത്. നനക്കാനായി ഒരാളെ കൂലിക്ക്വെച്ചാലും നഷ്ടമില്ല. കാരണം നന കുറഞ്ഞാല്‍, ചോര്‍ച്ച ഉറപ്പാണ്.
നനക്കലിന്‍െറ ശരിയായ രീതി ഇങ്ങനെയാണ്: 
ഭിത്തി: മതില്‍ മുഴുവന്‍ നനയും വിധത്തില്‍ മുകളില്‍ നിന്ന് വെള്ളം തൂവുക. ഉണങ്ങുന്നതിനുസരിച്ച് നനക്കണം
സ്ളാബ്: ഒരു മീറ്റര്‍ നീളത്തിലും വീതിയിലും സിമന്‍റ് കൊണ്ട് തന്നെ ബണ്ടുകെട്ടി വെള്ളം കെട്ടിനിറുത്തുക. 
തൂണ്‍:  ചണത്തിന്‍െറ ചാക്കോ ചൂടിപ്പടമോ ചുറ്റിക്കെട്ടി വെള്ളം തളിച്ച് ബീമുകളിലും തൂണുകളിലും സദാ നനവ് നിലനിറുത്തുക.
 
 
മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധ വീടിന്‍െറ ആയുസ്സിനെ തന്നെ ബാധിക്കും. 
>> ഐ.എസ്.ഐ മുദ്രയുള്ള കമ്പി തന്നെ ഉപയോഗിക്കുക.
>> കമ്പികള്‍ കോണ്‍ക്രീറ്റിന്‍െറ ഉള്ളില്‍ വരുന്ന വിധത്തിലായിരിക്കണം കെട്ടേണ്ടത്.
>> ഡിസൈന്‍ പ്രകാരം കമ്പി കെട്ടിക്കഴിഞ്ഞാല്‍ അവക്ക് സ്ഥാനചലനം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
>> മുട്ട് ചെരിയുയോ ഇളകുകയോ ചെയ്യാത്തവിധം ഉറപ്പിച്ചുനിര്‍ത്തണം
>> കോണ്‍ക്രീറ്റ് മിശ്രിതം ശരിയായ അനുപാതത്തിലായിരിക്കണം. വെള്ളം കൂടിയാല്‍ നേരിയ സുഷിരങ്ങള്‍ വരാം വെള്ളമിറങ്ങി കമ്പി തുരുമ്പുപിടിക്കാന്‍ സാധ്യതയുണ്ട്.
>> വെള്ളത്തിലും മണലിലും ഉപ്പിന്‍െറ അംശം തീരെയില്ളെന്ന് ഉറപ്പുവരുത്തുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.