ഇഷ്ടിക വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മൂന്നുതരം ഇഷ്ടികകളാണുള്ളത്. നാടന്‍കട്ട, വയര്‍കട്ട്, സെമി വയര്‍കട്ട് എന്നിവ.
നാടന്‍ കട്ട ഗ്രാമങ്ങളില്‍ വയലില്‍ നിന്ന് ലഭിക്കുന്ന കളിമണ്‍, പെട്ടിയില്‍ നിറച്ച് ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പലയിടത്തും ലഭ്യമല്ല. സെമി വയര്‍കട്ട്,വയര്‍കട്ട് ഇഷ്ടികകള്‍ ഫാക്ടറികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തി ചൂളയില്‍ വേവിച്ച് ഉണ്ടാക്കുന്നതാണ്. ഇവക്ക് മിനുക്കവും കൃത്യമായ ഷെയ്പ്പുമുണ്ടാകും. 20x10x7.5 സെ.മീറ്ററാണ് സൈസ്. എട്ടു ഇഷ്ടിക ചേര്‍ന്നാല്‍ ഒരു ചെങ്കല്ലിന് തുല്യമാകും. ഇഷ്ടികക്ക് ഉപയോഗിച്ച മണ്ണും വേവിന്‍െറ തോതുമാണ് ഉറപ്പിന്‍െറ അടിസ്ഥാനം. ഇഷ്ടിക പൊട്ടിച്ചുനോക്കിയാല്‍ വേവ് മനസ്സിലാക്കാം. നടുവില്‍ നിറവ്യത്യാസമുണ്ടെങ്കില്‍ വേവ് കുറവാണെന്ന് അര്‍ഥം. ഇഷ്ടിക കെട്ടും മുമ്പ് 8-10 മണിക്കൂറെങ്കിലും വെള്ളത്തില്‍ ഇട്ടുവെക്കണം. ഇല്ളെങ്കില്‍ കുമ്മായത്തിലെ വെള്ളം ഇഷ്ടിക വലിച്ചെടുക്കും.വെള്ളം വലിച്ചെടുക്കലിന്‍െറ അനുവദനീയമായ തോത് 15 ശതമാനമാണ്. അതായത് ഒരു കിലോ ഇഷ്ടിക വെള്ളത്തിലിട്ട ശേഷം 150 ഗ്രാമേ കൂടാന്‍ പറ്റു. കൂടുതല്‍ വെള്ളം വലിക്കുന്ന കട്ട എളുപ്പം അലിഞ്ഞുപോകും.
ചൂടു നിയന്ത്രിക്കുമെന്നതും വിള്ളലിന് സാധ്യത കുറഞ്ഞതും തേപ്പിന് കുറച്ചു സിമന്‍റ് മതിയെന്നതും ഇഷ്ടികയുടെ ഗുണമാണ്. ഭാരം താങ്ങാവുന്ന വിധത്തില്‍ കെട്ടുമ്പോള്‍ തിരിച്ചും മറിച്ചും വെച്ചാണ് ഇഷ്ടിക കൊണ്ട് ഭിത്തി പടവുചെയ്യുക. അപ്പോള്‍ ചെങ്കല്ലിനേക്കാള്‍ ചെലവുവരും. തേക്കാത്ത ചുമരാണെങ്കില്‍ വയര്‍കട്ട്, സെമിവയര്‍ കട്ട് ഇഷ്ടികകളാണ് നല്ലത്. സെമിവയര്‍ കട്ടിനേക്കാള്‍ ഫിനിഷിങ് വയര്‍ കട്ടിനുണ്ടാകും. നിറവും വലുപ്പവും ഒരേ രീതിയിലാണോയെന്ന് പരിശോധിക്കുക. രണ്ടെണ്ണം കൂട്ടിയിടിച്ചാല്‍ ലോഹമിടിക്കുന്ന ശബ്ദമാണെങ്കില്‍ ഇഷ്ടിക ബലമുള്ളതാണെന്ന് ഉറപ്പിക്കാം. തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ നിന്ന നില്‍പ്പില്‍ നിന്ന് താഴോട്ടിട്ടാല്‍ നല്ല ഇഷ്ടികയാണെങ്കില്‍ പൊട്ടില്ല.
ഇന്‍റര്‍ലോക് ഇഷ്ടിക
ഭിത്തി നിര്‍മാണത്തിലെ ചെലവുകുറഞ്ഞ സാമഗ്രിയാണ് ഇന്‍റര്‍ലോക് ഇഷ്ടിക. വശങ്ങളിലെ കട്ടിങ്ങുകളുടെ സഹായത്താല്‍ കട്ടകള്‍ പരസ്പരം കൂട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനായി സിമന്‍റ്ചാന്ത് തീരെ ഉപയോഗിക്കേണ്ട. ഭിത്തിക്ക് നല്ല ഫിനിഷിങ് ലഭിക്കുന്നതിനാല്‍ സിമന്‍റ് തേക്കുകയും വേണ്ട. എന്നാല്‍ പെയിന്‍റടിക്കുകയോ പോളിഷ് നടത്തുകയോ ചെയ്തില്ളെങ്കില്‍ പൂപ്പല്‍ വരും.
ചുവന്നമണ്ണും സിമന്‍റും ചില രാസവസ്തുക്കളും ചേര്‍ത്ത് ഹൈഡ്രോളിക് യന്ത്രം കൊണ്ട് പ്രസ് ചെയ്താണ് ഉണ്ടാക്കുന്നത്. മണല്‍ക്ഷാമം കാരണം ഇപ്പോള്‍ ഇന്‍റര്‍ലോക് ഇഷ്ടിക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 11x8x5 ഇഞ്ച് സൈസിലുള്ളതിന് 14 രൂപയും 11x6x5 ഇഞ്ചിന് 11 രൂപയുമാണ് വില. ഒരു ചതുരശ്ര മീറ്ററിന് 25 കട്ട വേണ്ടിവരും. വെട്ടുകല്ല് 1000 എണ്ണം ഉപയോഗിക്കേണ്ടിടത്ത് 1800 ഇന്‍റര്‍ലോക് കട്ട വേണ്ടിവരും. ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്നും രണ്ടുനില വീടുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഒന്നില്‍ കൂടുതല്‍ നിലയില്‍ പണിയുമ്പോള്‍ എന്‍ജിനീയറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.