അഭേദ്യമായ ബന്ധമാണ് മണ്ണും മനുഷ്യനും തമ്മിലുള്ളത്. മനുഷ്യ ശരീരത്തിലെ അധിക ധാതുക്കളും മണ്ണിലും കണ്ടത്തൊനാകും. പ്രകൃതിയുമായുള്ള ഈ പാരസ്പര്യമായിരുന്നു നമ്മുടെ പാര്‍പ്പിട സംസ്കാരത്തെ ഏറെക്കാലം നിര്‍ണയിച്ചിരുന്നത്. ജനതതികളുടെ എണ്ണപ്പെരുക്കം എല്ലാം മാറ്റിമറിച്ചു. നിര്‍മാണത്തിലെ വേഗതയും വികാസത്തിനുമനുസരിച്ച് പുതിയ സാമഗ്രികള്‍ രൂപം കൊണ്ടു. എന്നാല്‍ ഈ പുതുരീതികള്‍ തകര്‍ത്തത് മനുഷ്യന്‍െറ സഹജഭാവത്തെയാണ്. സിമന്‍റും കമ്പിയും മണലും മെറ്റലും കുഴച്ചുണ്ടാക്കിയ വീടുകള്‍ വേനലില്‍ നമ്മെ ചുട്ട് പൊള്ളിച്ചു. മഞ്ഞുകാലത്തെ വിറയാര്‍ന്ന ഓര്‍മകളാക്കി. നിരന്തരം കറങ്ങുന്ന ഫാനുകള്‍ക്കിടയില്‍ കിടന്ന് നാം പിന്നെയും പറഞ്ഞു. ഹോ എന്തൊരു ചൂട്!
ആധുനിക നിര്‍മാണ രീതികളുടെ പാതകങ്ങള്‍
1824 ലാണ് സിമന്‍റ് കണ്ടുപിടിക്കപ്പെടുന്നത്. കെട്ടിടനിര്‍മാണ രംഗത്തെ വഴിത്തിരിവായിരുന്നു ഇത്. പെട്ടെന്ന് കട്ടിപിടിക്കുന്നതും നല്ല ഉറപ്പുള്ളതുമായ ഈ വസ്തു വളരെ വേഗം നിര്‍മാണമേഖല കീഴടക്കി. പ്രകൃതിയില്‍ ചാലുകീറിയെടുത്ത മണലും മല തുരന്നെടുക്കുന്ന പാറയും കമ്പിയുമുപയോഗിച്ച് ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നു. അടിമുടി പ്രകൃതിവിരുദ്ധമാണ് ഈ നിര്‍മാണ രീതി.
ധാരാളം ഊര്‍ജം വേണ്ടതും വലിത തോതില്‍ ചൂട് പുറത്ത് വിടുന്നതും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതുമാണ് സിമന്‍റ് നിര്‍മാണ പ്രക്രിയ. മണലും പാറയും പാറപ്പൊടിയുമൊക്കെ പ്രകൃതിയെ ചൂഷണം ചെയ്താണ് ലഭിക്കുന്നത്. സാധാരണയായി 1000 ചതുരശ്ര അടി ഒരു നില കെട്ടിടത്തിന് 15 യൂനിറ്റ് കരിങ്കല്ല്, 2500 ഓളം ചെങ്കല്ല്, 10 യൂനിറ്റ് മെറ്റല്‍, 16 യൂനിറ്റ് മണല്‍, 250 ചാക്ക് സിമന്‍റ്, 1000 കിലോ കമ്പി എന്നിവ വേണമെന്നാണ് കണക്ക്്. ഇതെല്ലാമുപയോഗിച്ച് നിര്‍മിക്കുന്ന വീടുകളാകട്ടെ അതിനുള്ളിലുള്ളവരുടെ സ്വാസ്ഥ്യം കെടുത്തുന്നു. ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷതേടി നാമുണ്ടാക്കുന്ന പാര്‍പ്പിടങ്ങള്‍ വിപരീത ധര്‍മമാണ് നിര്‍വഹിക്കുന്നത്.
മണ്ണിലേക്ക് മടങ്ങാം
ലോകത്തിപ്പോഴും 1.7 ബില്യന്‍ ജനങ്ങള്‍ താമസിക്കുന്നത് മണ്‍കെട്ടിടങ്ങളിലാണ്. ലക്ഷം വര്‍ഷങ്ങളായി മനുഷ്യന്‍ ഉപയോഗിച്ച് വരുന്ന നിര്‍മാണ സാങ്കേതിക വിദ്യയാണ് മണ്ണിന്‍േറത്. ആദിമ സംസ്കാരങ്ങളുടെ അടരുകള്‍ തേടിയാല്‍ ലഭിക്കുന്നതും ഇതാണ്. ക്ഷേത്രങ്ങളും പള്ളികളും ബഹുനില മന്ദിരങ്ങളുമുള്‍പ്പെടെ വലിയ ചന്തകള്‍ വരെ ഇത്തരത്തില്‍ കാണാനാകും. പുരാതന നഗരമായ ബാമിലെ മണ്‍നിര്‍മിതകള്‍ 2000 വര്‍ഷത്തിനിപ്പുറവും തലയുയര്‍ത്തി നില്‍ക്കുന്നു.
നിര്‍മാണരീതികള്‍
മണ്ണുപയോഗിച്ച് പ്രധാനമായും ഏഴ് രീതികളിലാണ് നിര്‍മാണം നടത്തുന്നത്. അഡോബ് (Adobe), റാംഡ് എര്‍ത്ത് (Rammed Earth) സ്ട്രോബേല്‍ (Strawbale), കോബ് (Cob), കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എര്‍ത്ത് (Compressed Stabilized earth) വെറ്റ്ലാന്‍റ് ഡോബ് (Wetteland) ഡയറക്ട് ഷെയ്പിങ് (Direct shapms) എന്നിവയാണവ. താരതമ്യേന കൂടുതല്‍ ബലമുള്ളതും ഈടുനില്‍ക്കുന്നതുമായ നിര്‍മാണ രീതിയാണ് കംപ്രസ്ഡ് സ്ബൈിലൈസ്ഡ് എര്‍ത്ത് കണ്‍സ്ട്രക്ഷന്‍. ഈ രീതിയില്‍ കൂടുതല്‍ നിലകള്‍ നിര്‍മിക്കുകയുമാവാം.
മണ്ണുപയോഗിച്ചുള്ള നിര്‍മാണ രീതിയുടെ മേന്മകള്‍ പലതാണ്. പ്രകൃതി പരം എന്നതാണതില്‍ പ്രധാനം; നിര്‍മാണചെലവിലുള്ള കുറവാണ് മറ്റൊന്ന്. സാധാരണ രീതികളെ അപേക്ഷിച്ച് 10 മുതല്‍ 15 ശതമാനം വരെ ചെലവ് കുറവാണിവിടെ. നിര്‍മാണ മാലിന്യങ്ങളും കുറഞ്ഞതോതിലെ ഉണ്ടാകുകയുള്ളു. സാമഗ്രികളുടെ പുനരുത്പാദനം സാധ്യമാക്കിയാണ് മാലിന്യം കുറയ്ക്കുന്നത്.
സാധാരണ സംശയങ്ങള്‍
ഈടിനെയും ബലത്തെയും പറ്റിയുള്ള നിരന്തര സംശയങ്ങളാണ് മണ്ണ് നിര്‍മിതിയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയും നേരിടുന്നത്. ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍െറ ശരാശരി ആയുസ് അമ്പത് മുതല്‍ 75 വര്‍ഷം വരെയാണ്. ഇതിലുമേറെ കാലം നിലനില്‍ക്കുന്നതാണ് പുത്തന്‍ സാങ്കേതികതയില്‍ നിര്‍മിക്കുന്ന മണ്‍വീടുകള്‍. എത്ര നിലകള്‍ ഉണ്ടാക്കാനും ഇതിലൂടെ കഴിയും.
കംപ്രസ്ഡ് സ്റ്റൈബിലൈസ്ഡ് എര്‍ത്ത്
കണ്‍സ്ട്രക്ഷന്‍
ഭൗമോപരിതലത്തിലെ രണ്ട് അടി മേല്‍മണ്ണ് മാറ്റി താഴേക്കുള്ള മണ്ണാണ് ഈ നിര്‍മാണരീതിയില്‍ ഉപയോഗിക്കുന്നത്. അരിച്ചെടുക്കുന്ന മണ്ണില്‍ 3 മുതല്‍ 5 ശതമാനം വരെ സിമന്‍റ് ചേര്‍ത്ത് സ്റ്റെബിലൈസ് ചെയ്യാം. കുറഞ്ഞ അളവില്‍ വെള്ളം തളിച്ച് മണ്ണ് ഇളക്കി പരുവപ്പെടുത്താം. ഇത്തരത്തില്‍ സ്റ്റെബിലൈസ് ചെയ്ത മണ്ണ് മനുഷ്യബലം കൊണ്ടോ യന്ത്രബലം കൊണ്ടേ കംപ്രസ് ചെയ്തെടുക്കണം.
ഫൗണ്ടേഷന്‍
ഓരോ പ്രദേശത്തെയും മണ്ണിന്‍െറ ഘടനയനുസരിച്ചാണ് അടിസ്ഥാനം രൂപപ്പെടുത്തേണ്ടത്. താരതമ്യേന ഉറപ്പുള്ള മണ്ണില്‍ 60x60 എന്ന വലിപ്പത്തില്‍ വാനം വെട്ടി സ്റ്റെബിലൈസ് ചെയ്ത മണ്ണിട്ട് ശക്തമായി ഇടിച്ചുറപ്പിക്കണം. സാധാരണ ഫൗണ്ടേഷനില്‍ നിന്നും വ്യത്യസ്തമായി മുകളില്‍നിന്നും വശങ്ങളില്‍നിന്നുമുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ഈ രിതി. ഭൂചലനത്തെ ഫലപ്രദമായി നേരിടാന്‍ ഇതിലും മികച്ച മാര്‍ഗമില്ല.
ബെയ്സ്മെന്‍റ്
അടിസ്ഥാനത്തിന് മുകളിലെ 30 മുതല്‍ 40 cm വരെ ഉയര്‍ന്ന ഭാഗമാണ് ബെയ്സ്മെന്‍റ്. ഇവയുടെ നിര്‍മാണത്തിന് സ്റ്റെബിലൈസ്ഡ് റാംഡ് എര്‍ത്ത് ബ്ളോക്ക് ഉപയോഗിക്കാം. മണ്ണിനെ യന്ത്രസഹായത്താല്‍ കട്ടകളാക്കി മാറ്റിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ കട്ടകളാണ് നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.
ചുമര്
നേരത്തെ തയാറാക്കിയ കട്ടകള്‍ ഉപയോഗിച്ച് ചുമര് നിര്‍മിക്കാം. ആവശ്യമുള്ള വലിപ്പമനുസരിച്ച് കട്ടകള്‍ തയാറാക്കുകയുമാവാം. കട്ടകള്‍ക്കായി രൂപപ്പെടുത്തുന്ന മിശ്രിതം കൂടുതല്‍ വെള്ളം ചേര്‍ത്ത് ചാന്തായി ഉപയോഗിക്കാം. വൈദ്യുതീകരണത്തിനായുള്ള ഇലക്ട്രിക് പൈപ്പുകള്‍ ചുമരുകള്‍ക്കുള്ളിലാക്കാന്‍ കഴിയുമെന്നതും പ്ളാസ്റ്റര്‍ ചെയ്യാതെ മികച്ച ഫിനിഷിങ് ലഭിക്കുമെന്നതും ഈ രീതിയുടെ മേന്മയാണ്. മണ്ണില്‍ നിറങ്ങള്‍ ചേര്‍ത്ത് മികച്ച ടെക്സ്ചറുകള്‍ നല്‍കാം.
മേല്‍ക്കൂര
ഏറെ ചിലവ് വരുന്നതും ചൂട് വര്‍ധിപ്പിക്കുന്നതുമായ കമ്പി ഒഴിവാക്കിയാണ് എര്‍ത്ത് ആര്‍ക്കിടെക്ചറില്‍ മേല്‍ക്കൂര നിര്‍മിക്കുന്നത്. ആര്‍ച്ചുകള്‍, പോള്‍ട്ടുകള്‍, ഡോമുകള്‍ എന്നിവ ഉണ്ടാക്കുകയാണ് ഇവിടത്തെ രീതി. മേല്‍ക്കൂരക്കായി തട്ടടിക്കേണ്ട ആവശ്യമില്ല. പ്രത്യേകം ഡിസൈന്‍ ചെയ്ത് വ്യത്യസ്തമായ എലിവേഷനുകള്‍ രൂപപ്പെടുത്താനുമാകും.
ഫിനിഷിങ്
ചുമരുകള്‍ ബൈന്‍ഡിങ് പ്രക്രിയയിലൂടെയാണ് ഫിനിഷ് ചെയ്യുന്നത്. അതുപോലെ സ്റ്റബിലൈസ്ഡ് എര്‍ത്ത് പ്ളാസ്റ്ററിങ്ങിലൂടെയും വാട്ടര്‍ പ്രൂഫിങ്ങിലൂടെയും ഫിനിഷിങ് ചെയ്യാം. ഇത്തരം ചുമരുകള്‍ പെയിന്‍റ് ചെയ്യാനും സാധിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്
ഹസന്‍ നസീഫ് അഴിക്കോട്
hasannaseef@gmail.com
Ph: 09746638023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.