വീടിനെ അണിയിക്കാം ഒരു തലപ്പാവ്...

വീടെന്ന് കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന, ചെമ്മണ്‍ നിറത്തില്‍ ഓടുപാകിയ പഴയ തറവാടിന്‍െറ ചിത്രമായിരിക്കും മനസ്സില്‍ നിറയുക. ചൂടിലും തണുപ്പിലും ആ കളിമണ്‍ തലപ്പാവ് തന്നിരുന്ന സുരക്ഷിതത്വം പക്ഷേ, കാലം മാറിയതോടെ പതുക്കെ നഷ്ടമായി. കളിമണ്‍ തലപ്പാവ് കോണ്‍ക്രീറ്റ് കിരീടങ്ങള്‍ക്ക് വഴിമാറി.  കൂടെ അവ തന്നിരുന്ന കുളിര്‍മയും. പക്ഷേ, തോറ്റുകൊടുക്കാന്‍ എന്നും മനസ്സില്ലാത്ത മനുഷ്യന്‍െറ ബുദ്ധിയും അനുദിനം മികവുറ്റതാകുന്ന സാങ്കേതിക വിദ്യകളും ആ സുരക്ഷിതത്വം വീണ്ടും ഭവനങ്ങളിലേക്ക് തിരിച്ചത്തെിച്ചു. വീടുകളെ വീണ്ടും തലപ്പാവണിയിച്ച് സുന്ദരികളാക്കാന്‍ ആര്‍കിടെക്ടുകള്‍ തുനിഞ്ഞിറങ്ങി. അങ്ങനെ, പ്രൗഢിയും മേന്മയും സൗന്ദര്യവുമുള്ള പുതിയ വീടുകള്‍ പിറന്നു.
വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലുമുള്ള മേല്‍ക്കൂരകളിലാണ് ഇന്ന് എല്ലാവരുടെയും കണ്ണ്. ഒരു വീടിന്‍െറ ഭംഗിയെ പൂര്‍ണമാക്കുന്നതില്‍ അതിന്‍െറ മേല്‍ക്കൂരക്ക് ചെയ്യാന്‍ പലതുമുണ്ട്. വീടിന് ഇന്ന് ചെലവാക്കുന്ന തുകക്ക് കണക്കില്ല. അപ്പോള്‍പിന്നെ, മേല്‍ക്കൂരക്ക് മാത്രമായി പണച്ചെലവ് കുറക്കുന്നതെന്തിനെന്നാണ് വീട്ടുടമസ്ഥര്‍ ചോദിക്കുന്നത്.

പഴയ വീടിനൊരുപുതിയ മോഡല്‍


കോണ്‍ക്രീറ്റ് വീടുകള്‍ ഇഷ്ടപ്പെടാത്തവരായി നിരവധിപേരുണ്ട്. പഴയ വീടിന്‍െറ ഓര്‍മകളും സുഖവും ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍. അവരെ സന്തോഷിപ്പിക്കാനും ഇന്ന് നിരവധി പുതിയ റൂഫിങ് സ്റ്റൈലുകളുണ്ട്. വീട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുപകരം റൂഫില്‍ അലൂമിനിയം/ഇരുമ്പ്/മറ്റ് ലോഹങ്ങള്‍കൊണ്ടുണ്ടാക്കുന്ന പട്ടികകളും മറ്റും ഇന്ന് വിപണിയില്‍ ധാരാളമായി ലഭിക്കുന്നുണ്ട്. ചൂട് പരമാവധി കുറച്ചുകൊണ്ടുതന്നെയുള്ള മോഡല്‍ ഇതില്‍ ലഭിക്കും. മരത്തിനുപകരം ഇത്തരത്തിലുള്ള റൂഫിങ് മെറ്റീരിയലുകളാണ് ഇന്ന് മിക്കവരും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇതിന് പ്രധാന കാരണം, മരംകൊണ്ടുണ്ടാക്കുന്ന റൂഫിങ് മെറ്റീരിയലുകള്‍ ഇടക്ക് മാറ്റേണ്ടി വരുമ്പോഴുണ്ടാകുന്ന ഭീമമായ ചെലവുതന്നെയാണ്. കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മരമല്ളെന്ന് തിരിച്ചറിയാനും കഴിയില്ല. ഇത്തരം റൂഫുകള്‍ മേയാന്‍ ഉചിതമായത് നമ്മുടെ പഴയ ഓടുകള്‍ തന്നെയാണ്. പഴയ ഓടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കി ഉപയോഗിക്കുന്നതുമൂലം ചെലവുകുറയുകയും കൂടാതെ വീടിനുള്ളിലെ ചൂട്  നിയന്ത്രിതമാവുകയും ചെയ്യും. ഇടക്കിടെ മാറ്റിപ്പണിയാനുള്ള ചെലവും ഇത്തരത്തിലുള്ള റൂഫുകള്‍ക്ക് വേണ്ട.

തലപ്പാവിനൊരു യൂറോപ്യന്‍ സ്റ്റൈല്‍


വീടിന്‍െറ മേല്‍ക്കൂരകള്‍ ചരിച്ച് ഉണ്ടാക്കണമെന്ന് നിര്‍ബന്ധമുള്ള പലരുമുണ്ട്. ഇതിന് കാരണങ്ങള്‍ പലതാണ്. മഴപെയ്താല്‍ വെള്ളം മുഴുവനായി വാര്‍ന്നുപോകുമെന്നതാണ് പ്രധാന കാര്യം. രണ്ടാമത്തേത് വീടിന്‍െറ ഭംഗിയും. യൂറോപ്യന്‍ രാജ്യങ്ങളടക്കം പല രാജ്യങ്ങളിലും കൂടുതലായും കാണുന്നത് ചരിഞ്ഞ വാര്‍പ്പോടുകൂടിയ മേല്‍ക്കൂരയുള്ള വീടുകളാണ്. അവിടത്തെ കാലാവസ്ഥകൂടി പരിഗണിച്ചാണ് അവര്‍ അത്തരത്തില്‍ നിര്‍മിക്കുന്നത്. നമ്മുടെ നാട്ടിലേക്ക് ഈ രീതിയത്തെിയിട്ട് അധികകാലമായിട്ടില്ല. തണുപ്പ് രാജ്യക്കാര്‍ തണുപ്പകറ്റാന്‍ ഓവര്‍കോട്ട് ധരിക്കുന്നതു കണ്ട് സ്റ്റൈലിന് ഓവര്‍കോട്ട് ധരിച്ച് പിന്നീട് അതില്‍ പുത്തന്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചവരാണ് നമ്മള്‍. മേല്‍ക്കൂരയുടെ കാര്യത്തിലാണെങ്കില്‍ നമ്മുടെ ആര്‍കിടെക്ടുകള്‍ വളരെ മുന്നിലാണ്. നിരവധി വ്യത്യസ്തമായ മോഡലുകളാണ് ചരിഞ്ഞ മേല്‍ക്കൂരയില്‍ മാത്രമായി ആര്‍കിടെക്ടുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  
കോണ്‍ക്രീറ്റ്ചെയ്ത ചരിഞ്ഞ റൂഫില്‍ പലതരത്തിലുള്ള ടൈലുകള്‍ പാകി ഭംഗിയാക്കുന്നതാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്ന മോഡല്‍. കണ്ണിന് കുളിര്‍മ നല്‍കുന്നതും ചുവരിനും വീടിന്‍െറ മതിലിനുമെല്ലാം ഉപയോഗിച്ചിരിക്കുന്ന നിറത്തിന് അനുയോജ്യമായി മേല്‍ക്കൂരയിലേക്കുവേണ്ട ടൈല്‍ തെരഞ്ഞെടുക്കുന്നതാകും ഉചിതം. ടൈല്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍െറ നിറം സൂര്യപ്രകാശത്തെ സ്വീകരിക്കുന്ന വിധംകൂടി മനസ്സിലാക്കണം. കാരണം, പല നിറങ്ങളും ടൈലില്‍ ചൂട് നിലനിര്‍ത്താന്‍ കാരണമാകാറുണ്ട്.


ചെലവ് കുറച്ച് റൂഫിങ് ഷീറ്റുകള്‍


ടെറസിന് മുകളില്‍ റൂഫിങ് ഷീറ്റുകള്‍ മേയുന്നത് മുമ്പ് ചോര്‍ച്ചയും വീട് മങ്ങുന്നത് കുറക്കാനുമായിരുന്നെങ്കില്‍ ഇന്നത് വീടിന്‍െറ സ്റ്റൈലിന്‍െറകൂടി ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. മിക്ക വീടുകളും റൂഫിങ് ഷീറ്റുകള്‍കൊണ്ട് കവര്‍ ചെയ്യുന്നത് ഇന്നൊരു ട്രെന്‍ഡ് ആയിരിക്കുകയാണ്. റൂഫിങ് ഷീറ്റുകള്‍ക്കുമുണ്ട് പലവിധ മോഡലുകള്‍. ജി.ഐ, അലൂമിനിയം, ഗാല്‍വല്യും, അലുസിങ്ക്, യു.പി.വി.സി, ഫൈബര്‍, പോളി കാര്‍ബണേറ്റ് തുടങ്ങിയ ചെലവ് കുറഞ്ഞതും കൂടിയതുമായ നിരവധി തരം ഷീറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ ജി.ഐ ഷീറ്റുകളാണ് വില കുറഞ്ഞ മോഡല്‍. റൂഫിങ് ഷീറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഷീറ്റ് പ്രൊഫൈല്‍.
മെറ്റല്‍ ഷീറ്റുകളുടെ ഡിസൈനുകളാണ് ഷീറ്റ് പ്രൊഫൈല്‍ എന്നറിയപ്പെടുന്നത്. പ്രധാനമായും മൂന്ന് വ്യത്യസ്ത ഡിസൈനുകളില്‍ റൂഫിങ് ഷീറ്റുകള്‍ ലഭിക്കുന്നുണ്ട്. ട്രഫോഡ്, കൊറുഗേറ്റഡ്, ടൈല്‍ എന്നിങ്ങനെയാണ് ഡിസൈനുകള്‍. ചതുരാകൃതിയിലുള്ള ഡിസൈനുകളാണ് ട്രഫോഡ്. ‘എസ്’ ആകൃതിയില്‍ കയറ്റിറക്കങ്ങളോടുകൂടിയതാണ് കൊറുഗേറ്റഡ് ഡിസൈന്‍. ‘ടൈല്‍’ ഓട് അടുക്കിവെച്ചതുപോലെയുള്ള ഡിസൈനാണ്. റൂഫിങ് ഷീറ്റ് ആയി പോളി കാര്‍ബണേറ്റ് ഷീറ്റ് ഉപയോഗിക്കാറുണ്ടെങ്കിലും അത് വീടിന് കൂടുതല്‍ ചൂട് നല്‍കുകയാണ് ചെയ്യുക.

പായല്‍ വേണ്ട


ഓടുമേഞ്ഞ റൂഫില്‍ ഉപയോഗിക്കേണ്ട പെയിന്‍റ് സംബന്ധിച്ചാണ് വീട്ടുകാര്‍ക്ക് കൂടുതലും സംശയങ്ങള്‍ ഉണ്ടാകാറുള്ളത്. പായല്‍ പറ്റിപ്പിടിക്കുന്നത് വീടുകളുടെ ഭംഗിയെ ബാധിക്കാറുണ്ട്. പായല്‍ അകറ്റാന്‍ പല കമ്പനികളും വിവിധ തരത്തിലുള്ള പെയിന്‍റുകള്‍ ഇന്ന് വിപണിയിലത്തെിക്കുന്നുണ്ട്. ആര്‍കിടെക്ടുകള്‍ പറയുന്നത് എക്സ്റ്റീരിയര്‍ എമല്‍ഷന്‍ പെയിന്‍റ് തന്നെ ഇതിനായി ഉപയോഗിക്കണമെന്നാണ്. എന്നാല്‍, മറ്റു പെയിന്‍റുകളെ അപേക്ഷിച്ച് ഇതിന് വിലക്കൂടുതലായതിനാല്‍ പലരും വിലകുറഞ്ഞ, നിലവാരമില്ലാത്ത പെയിന്‍റ് ആണ് ഉപയോഗിച്ചുവരുന്നത്. ഓടുമേഞ്ഞ വീടുകളില്‍ ഓടിനിടക്ക് ഗ്ളാസ് പിടിപ്പിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ഓടിന്‍െറ അതേ ഡിസൈനും കളറുമുള്ള ഗ്ളാസുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ചൂട് കുറക്കാനും പൊടിക്കൈ


റൂഫിങ് ഷീറ്റുകള്‍മൂലം പല വീടുകളിലും ചൂടുകൂടുന്നുവെന്ന പരാതികള്‍ ഉണ്ടാകാറുണ്ട്. പൊതുവെ ഇരുണ്ട  നിറങ്ങള്‍ റൂഫിങ് ഷീറ്റുകളില്‍ ഉപയോഗിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ബുദ്ധിമുട്ടിന് ആര്‍കിടെക്ടുകള്‍ പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. തിളക്കമുള്ള റൂഫിങ് ഷീറ്റുകള്‍ക്ക്  ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രെ.  അതിനാല്‍ റൂഫിങ് ഷീറ്റുകള്‍ തെരഞ്ഞെടുക്കുന്നവര്‍ ഇരുണ്ട നിറങ്ങള്‍ പരമാവധി മാറ്റിവെക്കുന്നത് നന്നായിരിക്കും. മെറ്റല്‍ ഷീറ്റുകളില്‍ വെള്ളം വീഴുമ്പോഴുണ്ടാകുന്ന ശബ്ദം കുറക്കാനും മാര്‍ഗമുണ്ട്. ‘സാന്‍ഡ്വിച് പാനല്‍’ എന്ന മോഡലിന് ഈ പോരായ്മ പരിഹരിക്കാനുള്ള കഴിവുണ്ട്.

 

ചിത്രങ്ങള്‍: മുസ്തഫ അബൂബക്കര്‍

 

 



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.