തകര്‍ന്നടിയാതിരിക്കട്ടെ ആ സ്വപ്നം...

ഭൂമിയുടെ മാറിടത്തില്‍ നിന്നും കൊത്തിയെടുക്കുന്ന ഓരോ കല്ലിനുമുണ്ടാവും ഒരോ കഥകള്‍ പറയാന്‍... ഇവിടെയുമുണ്ട് പുതിയ കുറെ കഥകള്‍..അവ കേള്‍ക്കാന്‍ അത്ര ഇമ്പമുള്ളതല്ല. ആ കഥകള്‍ക്ക് കണ്ണീരിന്‍റെ നനവും തകര്‍ന്നടിഞ്ഞ സ്വപ്നത്തിന്‍െറ നിറവുമുണ്ട്.

യുദ്ധഭൂമിയിലും പ്രകൃതി ദുരന്തങ്ങളിലും കണ്‍മുന്നില്‍ സ്വന്തം വീട് തകര്‍ന്നുവീഴുന്നത് കാണേണ്ടിവരുന്ന നിര്‍ഭാഗ്യവാന്‍മാരെയോര്‍ത്ത് നമ്മള്‍ പരിതപിക്കാറുണ്ട്. എന്നാല്‍, ഇക്കാരണങ്ങള്‍ കൊണ്ടെന്നുമല്ലാതെ തലപൊക്കി വരുന്ന വീടുകള്‍ കണ്ടുകൊണ്ടു നില്‍ക്കെ  നിലംപൊത്തുന്ന കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ അത്ര പുതുമയുള്ള ഒന്നല്ലാതായിരിക്കുന്നു.

നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെ കണ്ണീരില്‍ ആഴ്ത്തിയാണ് ഇങ്ങനെ വീടുകള്‍ നിലം പരിശാവുന്നത്. ബാങ്ക് വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് പലരും വീടെന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ വീട്ടമ്മയുടെ കെട്ടുതാലി വരെ നഷ്ടപ്പെട്ടിട്ടുണ്ടാകും. അങ്ങനെ കെട്ടിപ്പടുക്കുന്ന വീട് തകര്‍ന്നടിയുന്നത് താങ്ങാന്‍ ആര്‍ക്കാണാവുക?

കോഴിക്കോട് ജില്ലയില്‍  ഈ മഴക്കാലത്ത് ഇങ്ങനെ തകര്‍ന്നുവീണ വീടുകള്‍ നിരവധി. ഏറ്റവും ഒടുവില്‍ ചെമ്മങ്ങാട് സ്വദേശി തറയില്‍ വീട്ടില്‍ ടി. ഖാലിദ് - റസീന ദമ്പതികളുടെ നല്ലളം കീഴ് വനപ്പാടത്ത് നിര്‍മിച്ചുകൊണ്ടിരുന്ന വീട് നിര്‍മാണത്തിനിടെ നിലം പൊത്തിയത് നാട്ടുകാര്‍ക്കടക്കം താങ്ങാനാവാത്ത കാഴ്ചയായി. ഈ സമയം വീടിന്‍െറ വാര്‍പ്പു പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിര്‍മാണ പ്രവൃത്തി മുക്കാലും പൂര്‍ത്തിയായ ശേഷമാണ് വീട് പൂര്‍ണമായി തകര്‍ന്നുവീണത്. കൂലിപ്പണിക്കാരനായ ഖാലിദ് ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങിയായിരുന്നു വീട് നിര്‍മിച്ചത്.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ 30 ലേറെ വീടുകളാണ് നിര്‍മാണ ഘട്ടത്തില്‍ നിലം പതിച്ചത്. ഗൃഹപ്രവേശത്തിന്‍റെ തലേന്ന് വീട് തകര്‍ന്ന സംഭവം വരെ ഉണ്ടായി!
ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത നിര്‍മാണ രംഗത്തുള്ളവരുടെ യോഗത്തില്‍ വീടുകള്‍ നിലംപൊത്തുന്നതിന്‍റെ ചില കാരണങ്ങള്‍ ഉയര്‍ന്നുവന്നു. എഞ്ചിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയ രണ്ടു പ്രധാന കാരണങ്ങള്‍ കേരളത്തിലെ വീടു നിര്‍മാണ രംഗത്തുള്ളവര്‍ക്കും വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാഠമാവുന്നവയാണ്.
കാശു മുടക്കിയാല്‍ കിട്ടുന്നതെന്തുകൊണ്ടും വീടു പണിയുകയാണ് ഇന്ന് മലയാളി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാനുള്ള ധൃതിയില്‍ സുരക്ഷ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

കല്ലു തന്നെ വലിയ വില്ലന്‍
 
നിര്‍മാണത്തിനുപയോഗിക്കുന്ന  ചെങ്കല്ലിന്‍റെ ഗുണമാണ് ഇവിടെ വലിയൊരു വില്ലനായി വരുന്നത്. മുന്‍കാലങ്ങളില്‍ വീടുപണിക്ക് ഉപയോഗിച്ചിരുന്നത് 40 മുതല്‍ 44 സെ.മി  വരെ നീളവും 22 മുതല്‍ 24 സെ.മി വീതിയും 15 സെ.മി കനവും ഉള്ള കല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന കല്ലുകള്‍ 30മുതല്‍ 32 സെ.മി നീളവും18 മുതല്‍ 20 സെ.മി വീതിയും മാത്രം ഉള്ളതാണ്. കനം 18 സെ.മിയും!  കല്ലിന്‍്റെ നീളം കുറഞ്ഞത് ജോയന്‍റുകള്‍ അടുക്കാനും കൂടുതല്‍ പൊട്ടലുകള്‍ വരാനും കാരണമാവുന്നു. ഉറപ്പുള്ള കല്ലിനു പകരം മണ്ണിന്‍്റെ അംശം കൂടുതലുള്ള ചീടി കല്ലുകളും ഇറങ്ങുന്നുണ്ട്. ഒന്നു നനഞ്ഞാല്‍ പൊടിഞ്ഞുപോവുന്നതാണ് ചീടിക്കല്ലിന്‍്റെ സ്വഭാവം.

പാറപ്പൊടി തകര്‍ക്കുന്ന വിശ്വാസം

മാറ്റൊന്ന് മണലിനു പകരം വ്യാപകമായി ഇപ്പോള്‍ വിപണിയില്‍ ഉപയോഗിക്കുന്ന  പാറപ്പൊടിയാണ്. ‘എം സാന്‍ഡ്’ എന്ന പേരില്‍ വീടു നിര്‍മാണരംഗത്ത് അടുത്തിടെ വ്യാപകമായ പാറപ്പൊടിയില്‍ സിമന്‍റ് ചേര്‍ത്താന്‍ ഉറപ്പു കിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.  ഇതിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നു.

മണല്‍ക്ഷാമം എന്ന പ്രശ്നം മറികടന്ന് വീടുപണി എളുപ്പമാക്കാന്‍ പടവിനു പുറമെ, മേല്‍ക്കൂര വാര്‍ക്കുന്നതിനും ചുവരു തേക്കുന്നതിനും എം സാന്‍ഡിന്‍റെ ഉപയോഗം വ്യാപകമായത് കേരളത്തില്‍ പുതുതായി നിര്‍മിക്കുന്ന വീടുകളുടെ സുരക്ഷയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നതായി എഞ്ചിനീയര്‍മാര്‍ തന്നെ പറയുന്നു.

പടവിനുള്ള മണലില്‍ ഉപ്പിന്‍റെ അംശം ഉണ്ടെങ്കില്‍ അത് ഉറപ്പിനെ ബാധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ളോ? അനധികൃതമായി കടത്തുന്ന മണലില്‍ പലതും ഗുണമേന്‍മ കുറഞ്ഞവയാണ്.  

കല്ലിന്‍റെയും എം സാന്‍ഡിന്‍റെയും ഗുണ നിലവാരം ഉറപ്പാക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് അധികാരം കൊടുക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോഴിക്കോട് നടന്ന യോഗത്തില്‍   ഉയര്‍ന്നുവന്നെങ്കിലും അവ പ്രബാല്യത്തില്‍ വരുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

കുത്തിപ്പൊളിക്കുമ്പോള്‍ ശ്രദ്ധിക്കുക

വീടുകള്‍ക്കിപ്പോള്‍ വലിയ ജനലുകളും വാതിലുകളും ഫാഷനാണ്. കാറ്റും വെളിച്ചവും കിട്ടുമെങ്കിലും വീടിന്‍റെ ഭിത്തികളുടെ ശക്തിക്ഷയത്തിന് ഇവയും കാരണമായേക്കും. മുകളില്‍ കയറ്റുന്ന ഭാരങ്ങള്‍ക്ക് ഭിത്തിയുടെ മതിയായ താങ്ങ് കിട്ടാതെ വരുമ്പോള്‍ വീട് നിലം പൊത്തും.
വയറിങ്ങിനു വേണ്ടി ചുമരുകള്‍  ഉളി കൊണ്ട് ആഴത്തില്‍ വെട്ടി കീറുന്നതും അപകടമാണ്. ഒരു ഭാഗത്ത് സ്ളാബ് പൊളിഞ്ഞാല്‍ മുഴുവനും പൊളിയാന്‍ ഇതു വഴിയൊരുക്കും. ആവശ്യമായിടത്ത് തൂണുകളുടെ താങ്ങ് ഇല്ളെങ്കിലും അപകടമാണ്.

മഴയാണ്, സൂക്ഷിക്കുക

വര്‍ഷകാലത്തെ വീട് നിര്‍മാണം അപകടം ക്ഷണിച്ചു വരുത്താന്‍ സാധ്യത ഏറെയാണ്. പണ്ടു കാലങ്ങളില്‍ മഴക്കാലമാവുമ്പോള്‍ മേസ്തിരിമാര്‍ വീടുകളില്‍ കാലും തിരുമ്മി ഇരിക്കുന്നതു കാണാമായിരുന്നു. ഇന്നിപ്പോള്‍ കര്‍ക്കിടകത്തിലും കല്‍പണിക്കാര്‍ക്ക് നിന്നു തിരിയാന്‍ നേരമില്ല. അതീവ ശ്രദ്ധയോടെ വേണം മഴക്കാലത്തെ വീടു നിര്‍മാണം. കല്ലുകള്‍ വെള്ളം കുടിച്ചു കുതിരും. ഗുണനിലവാരം കുറഞ്ഞ കല്ലുകള്‍ ആണെങ്കില്‍ പറയുകയും വേണ്ട. മണ്ണ് പോലെ കല്ല് പൊടിയും.
വാര്‍പ്പ് നടന്നയുടന്‍ എത്ര വെള്ളം വേണമെങ്കിലും കോണ്‍ക്രീറ്റ് കുടിക്കും. പെയ്യന്ന മഴവെള്ളം മുഴുവന്‍ വലിച്ചടെുത്ത്് കനം തൂങ്ങി മേല്‍ക്കൂര വീഴാം.

തറയും ചതിക്കും

കേരളത്തില്‍ ചതുപ്പുകളിലും പാടങ്ങളിലും വീടു നിര്‍മാണം സാര്‍വത്രികമാണ്. വേണ്ടത്ര സുരക്ഷാ കരുതലുകള്‍ എടുക്കാതെ നിര്‍മിക്കുന്ന ഈ വീടുകള്‍ നിലം പതിക്കുന്നതില്‍ മുഖ്യകാരണം തറയുടെ ബലക്ഷയമാണ്. ഇരു നില വീടുകള്‍ക്ക് കോളം വാര്‍ക്കുന്നത് തന്നെയാണ് ഉത്തമം. അതിനു കഴിയില്ളെങ്കില്‍ അടിത്തറ ആഴത്തില്‍ ഇടുക. ചതുപ്പു നിലങ്ങളില്‍ വീടുകള്‍ക്കുമേല്‍ ഭാരം കയറ്റുന്നത് തറ ഇരുന്നുപോവാന്‍ ഇടയാക്കും. രണ്ടോ മൂന്നോ സെന്‍റീമീറ്റര്‍  താഴ്ന്നാല്‍പോലും വീടു മൊത്തം നിലം പൊത്തും.  

വിദഗ്ധരായ ആളുകളെ മാത്രമെ വീട് നിര്‍മാണം എല്‍പ്പിക്കാവൂ. ഒന്നോ രണ്ടോ വീടുകളുടെ കല്‍പണി എടുക്കുന്നവര്‍ പെട്ടെന്നൊരു ദിവസം മേസ്തിരി ആകുന്ന നാടാണിത്. സുരക്ഷിതമായി, മനസ്സമാധാനത്തോടെ താമസിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കട്ടെ  വീടു നിര്‍മാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.