നമുക്ക് പാര്‍ക്കാന്‍ ഇനി മുളവീടുകള്‍

കാട്ടിലെ പാഴ് മുളം തണ്ടില്‍ നിന്ന് പാട്ടിന്‍െറ പാലാഴി മാത്രമല്ല തീര്‍ക്കാനാവുക, മനോഹരവും കൗതുകരവുമായ വീടും പണിയാം. വിശ്വസിക്കാനാവുന്നില്ളേ? കല്‍പ്പറ്റ തൃക്കൈ പറ്റയില്‍ ‘ഉറവി’ന്‍െറ മുള പ്ളാന്‍േറഷനില്‍ എത്തൂ. മുളവീടുകള്‍ കാണാം, അനുഭവിക്കാം. ഇനി നമുക്ക് പ്രകൃതിയുടെ മണവും കുളിരും പേറി മുളവീടുകളില്‍ പാര്‍ക്കാം.
മുളവീടുകള്‍ ഏതു കാലാവസ്ഥക്കും അനുയോജ്യമാണെന്ന് ‘ഉറവ്’ പറയുന്നു. ഉറപ്പും സുരക്ഷിതവുമാണെന്ന് ‘ഉറവി’ന്‍െറ ഗ്യാരണ്ടി. വെറുതെ പറയുകയല്ല 25 വര്‍ഷത്തെ രേഖാമൂലമുള്ള ഗ്യാരന്‍റി ഉറവ് നല്‍കും. മുള വീടുകള്‍ക്ക് 100 വര്‍ഷത്തെ ആയുസുണ്ടെന്നും ‘ഉററവ് അവകാശപ്പെടുന്നു.

നിര്‍മാണ ചെലവ് താരമത്യേന കുറവ്. ച. അടിക്ക് 1250 രൂപ. 1000 ച. അടി വീട് പണിയാന്‍ 12.5 ലക്ഷം മതി. ദൂരം അനുസരിച്ച് നിരക്ക് ച. അടിക്ക് 1550 രൂപവരെ. മുള ഉടമ നല്‍കിയാല്‍ ലേബര്‍ ചാര്‍ജും മറ്റ് അനുബന്ധ ചെലവുമേ വരൂ. മണലിന്‍െറയും കമ്പിയുടെയും സിമന്‍റിന്‍േറയും പിന്നാലെ പായേണ്ട. പണിക്കാരുണ്ടാക്കുന്ന തലവേദനയുമില്ല. നിര്‍മാണ ചെലവ് താങ്ങാനാവാത്ത വിധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം മറികടക്കാന്‍ ഈ ബദല്‍ പരീക്ഷിക്കാനുള്ള ചങ്കൂറ്റമുണ്ടോ എന്നേ അറിയേണ്ടു.

അസ്ഥിവാരത്തെ കുറിച്ചോ, സണ്‍ ഷേഡ്, ഡിന്‍റില്‍, മെയ്ന്‍സ്ളാബ് വാര്‍ക്കയെ കുറിച്ചോ ഇനി ആലോചിക്കേണ്ട. തേപ്പ്, നനക്കല്‍ തുടങ്ങിയവയുമില്ല. പ്രാദേശികമായി ലഭിക്കുന്ന മരമോ, തെങ്ങോ, പനയോ ഉപയോഗിച്ചാവും നിലം ഒരുക്കുക. ചുമരിന് മുളയാണ് ഉപയോഗിക്കുക.

ചുമര്‍ നിര്‍മാണം

മുള ചതച്ച് ‘തൈതല്‍’ ഉണ്ടാക്കും. അതിന്‍െറ ഉള്‍ഭാഗത്ത് കോഴിക്കുടുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കമ്പിവല (മെഷ്’) അടിച്ച് ഉറപ്പിക്കും. ഇതില്‍ ചെമ്മണ്ണ് കുഴച്ച് നാലിഞ്ച് കനത്തില്‍ തേച്ച് പിടിപ്പിക്കും. പിന്നീട് കുമ്മായം കുഴമ്പാക്കി ചുമരില്‍ അടിക്കും. വെള്ള ചുമരിന് നല്ല ഉറപ്പുണ്ടാകും. സാധാരണ വീടുകളുടെ ഭിത്തിക്ക് 6- 8 ഇഞ്ച് വണ്ണമാണ് ഉണ്ടാകുക. മുള വീടിന്‍െറ ഭിത്തിക്ക് നാലിഞ്ചാണെന്ന് മാത്രം. പുറത്ത് നിന്നും നോക്കുമ്പോള്‍ ഭിത്തിയുടെ ഭാഗത്ത് മുളയേ കാണൂ.


മുറികള്‍

1000 ച. അടി വീസ്തീര്‍ണമുള്ള വീടിന് രണ്ട് കിടപ്പുമുറിയുണ്ടാകും. 12x12 അടി ആയിരിക്കും മുറികളുടെ വലിപ്പം. ബാത്ത് അറ്റാച്ച്ഡ് ആയിരിക്കും. കൂടാതെ 12x8 ഹാളും 6x6 അടുക്കളയും സിറ്റൗണ്ടുമുണ്ടാകും. ബാത്ത് റൂം ഭിത്തികള്‍ മുള തൈതലില്‍ ഫെറോസിമന്‍റ് ഉപയോഗിച്ചാവും പണിയുക. ബാത്ത് റൂം ഭിത്തികളിലും തറയിലും ടൈലുകള്‍ പതിക്കും.

ജനല്‍, വാതില്‍

സാധാരണ വീടിന്‍െറ വാതില്‍ കനം മുള വീടുകളുടെ വാതിലുകള്‍ക്ക് ഉണ്ടാകില്ല. പ്രാദേശികമായി ലഭിക്കുന്ന മരം ഉപയോഗിച്ച് പണിയുന്ന വാതിലുകള്‍ക്ക് രണ്ടര- മൂന്ന് ഇഞ്ച് കനമാണുണ്ടാവുക. വശങ്ങളിലേക്ക് തള്ളിനീക്കാവുന്ന സൈ്ളഡിങ് ജനലുകളാവും സ്ഥാപിക്കുക. ഉടമയുടെ ആവശ്യമനുസരിച്ച് ജനലുകളില്‍ ഗ്രില്ലുകളും വെക്കും.

മേല്‍ക്കൂര

മുള വീടുകള്‍ പുറത്തുനിന്ന് നോക്കിയാല്‍ പുല്ല് മേഞ്ഞവയാണെന്നേ തോന്നു. എന്നാല്‍, മെടഞ്ഞ ഓലയാണ് മേല്‍ക്കൂരയുടെ ഏറ്റവും അടിയില്‍ ഉണ്ടാവുക. അതിനുമേലെ ബിറ്റുമിന്‍ ഷീറ്റോ, ഷെറാ ഷീറ്റോ മേയും. നാലിഞ്ച് കനമുണ്ടാകുമിതിന്്. ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്ന ഷെറാ ഷീറ്റ് പരിസ്ഥിതി സൗഹൃദപരമാണെന്ന് ‘ഉറവ്’ പ്രവര്‍ത്തകര്‍ പറയുന്നു. ഷീറ്റ് പുറത്ത് കാണാതിരിക്കാനാണ് അവയുടെ മേലെ പുല്ല് മേയുന്നത്. ഇത് മൂന്നോ, നാലോ വര്‍ഷം കൂടുമ്പോള്‍ മാറ്റുന്നത് നല്ലതാണ്.

എത്ര കനത്ത മഴക്കാലമായാലും മേല്‍ക്കൂര ഒരിക്കലും ചോരില്ളെന്ന് ‘ഉറവ്’ ഉറപ്പ് നല്‍കുന്നു. ഇതിന്‍െറയുംകൂടെ വിശ്വാസത്തിനാണ് രേഖാമൂലം 25 വര്‍ഷത്തെ ഗ്യാരന്‍റി നല്‍കുന്നത്. ഇതിനിടെ അറ്റകുറ്റപണി വേണ്ടി വന്നാല്‍ ‘ഉറവ്’ അതിന്‍െറ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഉറവ് ഇക്കോ ലിങ്ക്സ് ലിമിറ്റഡ് മാര്‍ക്കറ്റിങ് മാനേജര്‍ തോമസ് അമ്പലവയല്‍ പറഞ്ഞു.

കീടങ്ങള്‍ മുളയെ നശിപ്പിക്കില്ളേ?

കീടങ്ങള്‍ കുത്തി മുള പൂതലച്ച് പോകില്ളെയെന്ന് ആരും ചിന്തിക്കും. മുളയില്‍ മധുരാംശം ഉള്ളതാണ് കീടങ്ങളെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കീടങ്ങളില്‍ നിന്ന് രക്ഷിക്കാനും ആയുസ് കൂട്ടാനും ബോറിക്, ബോറാക്സ് കെമിക്കല്‍ ഉപയോഗിച്ച് മുളയെ സംസ്ക്കരിക്കും. എന്നിട്ടേ പണിയൂ. പിന്നീട് അതില്‍ മെലാമിന്‍ പോളിഷ് അടിക്കും. വെള്ളം നനയാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കശുവണ്ടി കറയും അടിക്കും.
പണ്ട് നമ്മുടെ കാരണവന്മാര്‍ വീട് നിര്‍മാണത്തിന് മുളയെ ആശ്രയിച്ചിരുന്നു. ആദിവാസി കുടികള്‍ പലതും ഇപ്പോഴും മുളങ്കുടിലുകള്‍ തന്നെ. കോട്ടം തട്ടാതെ വര്‍ഷങ്ങളാായി അവ നിലനില്‍ക്കുന്നു. അല്‍പം പരിഷ്ക്കരിച്ചും സുരക്ഷിതത്വം ഉറപ്പാക്കിയും പണിയുന്ന മുളവീടുകള്‍ ട്രെന്‍ഡാകാന്‍ അതികം താമസമൊന്നും വേണ്ട.
എന്താ. പരീക്ഷിക്കുന്നോ?
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.