പണം ലാഭിക്കാന്‍ സിന്‍റക്സ് ഡോറുകള്‍

വീടുപണി നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ് മരപ്പണി. സമയവും പണവും ഏറ്റവും നന്നായി ചെലവഴിച്ചാല്‍ മാത്രമാണ് മരപ്പണി വൃത്തിയോടെ പൂര്‍ത്തിയാക്കാനാവുക. മരപ്പണിയുടെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുകയാണ് സിന്‍റക്സ് ഡോറുകള്‍. കാര്‍പ്പെന്‍ററി വര്‍ക്കിനു ആള്‍ക്കാരെ കിട്ടാന്‍ പ്രയാസമുണ്ടാകുകയും ഗണ്യമായ ഒരു തുക കൂലിയായി കൊടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഫൈബര്‍ സിന്‍റക്സിന്‍റെ ഡോറുകള്‍ വിപണിയില്‍ ആശ്വാസകരമാവുകയാണ്.

നിലവാരം ഉള്ള മരത്തിന്‍റെ ലഭ്യതയും ആയുസ്സും, മെയിന്‍റനന്‍സും താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ആദായകരവും ഈടുറ്റതും ലളിതവുമാണ്. ബാത്ത് റൂം, സ്റ്റോര്‍ റൂം ഡോറുകള്‍, കിച്ചണ്‍ കാബിനറ്റ്, റൂം കബോര്‍ഡുകള്‍, ബുക്ക് ഷെല്‍ഫ്സ് എന്നിങ്ങനെയുള്ള പണികള്‍ക്കെല്ലാം മരം ഉപയോഗിക്കുമ്പോള്‍ നിര്‍മാണ ചെലവ് കൂടുകയും സമയം പാഴാവുകയും ചെയ്യും. വര്‍ഷത്തിലൊരിക്കലെങ്കിലും അതിന്‍റെ പെയിന്‍റിങ്ങിനും വാര്‍ണിഷ് ചെയ്യുന്നതിനുമെല്ലാം പണം ചെലവഴിക്കണം.

ഈ സാഹചര്യങ്ങളെല്ലാം തൊട്ടറിഞ്ഞുകൊണ്ടാണ് സിന്‍റക്സ് ഉല്‍പന്നങ്ങളുടെ വിപണി വളര്‍ന്നിരിക്കുന്നത്. സിന്‍റക്സില്‍ 100% പോളിവിനയില്‍ ക്ളോറൈഡ് (പി.വി.സി)യാണ് ഉള്ളതെന്ന് ഉല്‍പാദകര്‍ അവകാശപ്പെടുന്നു. സിന്‍റക്സ് ഉല്‍പന്നങ്ങള്‍ ഏകദേശം പത്തോളം നിറങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. 24, 27, 30 ഇഞ്ചുകളില്‍ ലഭ്യമാകുന്ന പി.വി.സി പാനലുകള്‍ ഉപയോഗിച്ച് മരം കൊണ്ടുണ്ടാക്കുന്ന എന്തും ഉണ്ടാക്കാം.

സിന്‍റക്സ് വിപണിയില്‍ ബാത്ത് റൂം, സ്റ്റോര്‍റൂം വാതിലുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍റ്. ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ടെക്നോളജി ഉപയോഗിച്ചാണ് ഇത്തരം ഡോറുകള്‍ നിര്‍മിക്കുന്നത്. അളവുകള്‍ക്കനുസരിച്ച് മുറിച്ച് കൃത്യമാക്കി ഫിറ്റ് ചെയ്യറാണ് പതിവ്. കട്ടിള ഇല്ലാതെയും കട്ടിളയോടുകൂടിയും ഫൈബര്‍ ഡോറുകള്‍ വിപണിയില്‍ ലഭ്യമാണ്. പാനലുകള്‍ക്കുള്ളില്‍ പൊള്ളയായും ഹണികോമ്പ് ചെയ്തും പി.വി.സി ഡോറുകള്‍ ലഭിക്കും. ഉള്‍ഭാഗം പൊള്ളയായ വാതിലുകള്‍ കാലക്രമേണ പെളിഞ്ഞു പോവാറുണ്ട്. എന്നാല്‍ ഹണികോമ്പ് ചെയ്ത വാതിലുകള്‍ ഈട് നില്‍ക്കും.

വീടിന്‍റെ കളര്‍ പാറ്റേണ്‍ അനുസരിച്ച് നമുക്ക് മനോഹരമായ കിച്ചന്‍ ക്യാബിനറ്റുകളും ഡ്രോകളും കബോഡുകളും ഉണ്ടാക്കാം. ബെഡ് റൂമില്‍ ഉപയോഗിക്കാനുള്ള മേശ,പുസ്തക അലമാരകള്‍ എന്നിങ്ങനെ സിറ്റ് ഒൗട്ടില്‍ വെക്കുന്ന ചപ്പല്‍ സ്റ്റാന്‍റ് വരെ സിന്‍റക്സ് പാനല്‍ കൊണ്ട് ഉണ്ടാക്കാവുന്നതാണ്.

കാലാവസ്ഥയിലുള്ള മാറ്റം ഉണ്ടാകുമ്പോള്‍ മരം ചിലപ്പോള്‍ വളഞ്ഞു പോകാറുണ്ട്. ചിതലിന്‍റെ പ്രശ്നവും മരമാവുമ്പോള്‍ ഒരു തലവേദനയാണ്. വെള്ളത്തിന്‍റെ നനവും തടിയെ നശിപ്പിക്കും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും പി.വി.സി ഉല്‍പങ്ങളെ ബാധിക്കാറില്ല. ഒരു അറ്റകുറ്റ പണിയുടെയും അഴിച്ചു പണിയുടേയും ആവശ്യം വേണ്ടി വരുന്നില്ല. ആകെ ചെയ്യേണ്ടത്, ഒരു പ്ളെയിന്‍ തുണിയില്‍ അല്‍പം വെള്ളം നനച്ച് തുടച്ചു വൃത്തിയാക്കുക എന്നതു മാത്രമാണ്. തടിയുടേതു പോലെ പോളിഷിങ്ങിനും പെയിന്‍റിങ്ങിനും പണം ചെലവഴിക്കേണ്ട.
സൂര്യപ്രകാശത്തിന്‍റെ ചൂടേറ്റാലും ഇത്തരം പി.വി.സി ഡോറുകള്‍ക്കും മറ്റും ഒരു കേടുപാടും സംഭവിക്കില്ല. അതിനാല്‍ പുറത്തുള്ള ബാത്ത്റൂമിനും സിന്‍റക്സ് ഡോറുകള്‍ വക്കാവുന്നതാണ്.


സിന്‍റക്സ് വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാനുള്ളത് 100% പി.വി.സി ഉല്‍പന്നമാണോ എന്നതാണ്. വിപണിയില്‍ പൂര്‍ണ്ണമായും പി.വി.സിയില്ലാതെ 60% കാല്‍സ്യവും ബാക്കി 40% പി.വി.സിയും എന്ന മിശ്രിതത്തില്‍ ലഭ്യമാണ്. നിലവാരം കുറഞ്ഞവയാണ് ഇവ. ഷീറ്റ് മടക്കി നോക്കിയാല്‍ നിലവാരത്തെക്കുറിച്ചറിയാം. മടക്കു ഭാഗത്ത് വെള്ളനിറത്തില്‍ പൊടി പുറത്തേ്ക്കു വരുകയാണെങ്കില്‍ അതു നിലവാരം കുറഞ്ഞതാണെന്നു മനസ്സിലാക്കാം. വളരെ കൂടുതല്‍ കാല്‍സ്യം ഉപയോഗിച്ചതാണെങ്കില്‍ ഷീറ്റ് ഒടിഞ്ഞു പോകുക തന്നെ ചെയ്യും. ചിലതില്‍ വെള്ളം നനഞ്ഞാല്‍ പൂപ്പല്‍ബാധ ഉണ്ടാകുകയും ചെയ്യും. സ്ഥിരമായി വെയിലു കൊണ്ടാല്‍ നരച്ചുപോകുന്നതും ഫൈബര്‍ ഓടാമ്പല്‍ എളുപ്പം കേടാകുമെന്നതുമാണ് ഇവയുടെ ന്യൂനത.


കടപ്പാട്: ശ്യാം
സിന്‍റക്സ്, തിരുവല്ല
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.