ചുരുക്കിപ്പണിയാന്‍ വിസ്തരിച്ചൊരു പാഠം

തൊട്ടിലിലുള്ള മകള്‍ വലുതായി അവളെ പെണ്ണുകാണാന്‍ വരുമ്പോള്‍,  വീട്ടിലെ സ്ത്രീകള്‍ക്ക് ചെറുക്കനെ മറഞ്ഞുനിന്നുകാണാന്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേക സ്റ്റെയര്‍കേസ് പണിത ‘ദീര്‍ഘദര്‍ശി’യെ  ആയിരിക്കുമോ നിങ്ങള്‍ വീടുനിര്‍മാണത്തിന് മാതൃകയാക്കുക?
വീട് സ്വപ്നം കാണുമ്പോള്‍,  സ്വപ്നരാജ്യത്ത് എന്തിനാണ് ഇടയ രാജാവ് എന്ന് കരുതി കാടുകയറി സ്വപ്നം കണ്ടേക്കരുത്. കാരണം, ഈ സ്വപ്നം സഫലമാകാനുള്ളതാണ്. നമ്മുടെയും കുടുംബത്തിന്‍െറയും ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍, വരുമാനം എന്നിവയെല്ലാം  പരിഗണിച്ചുള്ള അഭിലാഷമായിരിക്കണം.


നിര്‍മാണ സാമഗ്രികള്‍ക്ക് അനുദിനം വിലകൂടുകയാണ്. വലിയ തുക ഒന്നിച്ച് കൈയില്‍വരുന്നത് വരെ കാക്കേണ്ടതില്ല. ആദ്യം ഒരു ചെറിയ വീടുണ്ടാക്കുക. ഭാവിവികസനം കൂടി കണ്ടുവേണം ആദ്യഘട്ടം തയാറാക്കാന്‍. ഭക്ഷണം പാകം ചെയ്യാനും ഉണ്ണാനും ഉറങ്ങാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമാണ് ആദ്യം സ്ഥലമൊരുക്കേണ്ടത്. കുഞ്ഞ് വലുതാവുന്ന മുറക്ക് അടുത്ത· മുറി പണിയാം. മുകള്‍നില പണിയുന്നുണ്ടെങ്കില്‍ സ്റ്റെയര്‍കെയ്സിന് നേരത്തേ സ്ഥലം കണ്ടത്തെണം. കൂട്ടിച്ചേര്‍ത്ത് വീടുണ്ടാക്കുമ്പോള്‍ ഭംഗി പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ളൊരു ആര്‍കിടെക്ടിന്‍െറ സഹായം തേടാം.


ഭൂമിയുടെ വില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ച് ഭൂമിയും ഫലപ്രദമായി ഉപയോഗിക്കണം. വീടു വെക്കാന്‍ സ്ഥലം വാങ്ങുമ്പോള്‍ സ്ഥലഘടന (വീടു വെക്കാന്‍ അനുയോജ്യമായ സ്ഥലമാണോ) പരിശോധിക്കണം. നിര്‍മാണത്തിന് അനുമതി കിട്ടുന്ന സ്ഥലമാണോ എന്ന് നോക്കണം. പുറമ്പോക്ക് ഭൂമി വരെ വിറ്റ് കാശാക്കുന്ന കാലമാണ്. വെള്ളം, വായു, വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. മറ്റു വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വെള്ളം കയറുമോ എന്നും കല്ലുവെട്ട് കുഴിയാണോ എന്നും നോക്കണം. വീട് നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ ഇനി പറയുന്ന  ആറു കാര്യങ്ങള്‍ മനസ്സില്‍നിന്നു പോവരുത്.

1 വില കുറവാണെന്ന് കരുതി ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കള്‍ വാങ്ങിയാല്‍ ഭാവിയില്‍ ഇരട്ടിചെലവിന് വഴിവെക്കും.
2 വീടുനിര്‍മാണത്തിന്‍െറ ചെലവിന് പരിധിയില്ല. നാം നിശ്ചയിക്കുന്നതാവണം പരിധി.
3 പണി തുടങ്ങുംമുമ്പ് അന്തിമ പ്ളാന്‍ തയാറാക്കുക. അതില്‍ ഉറച്ച്നില്‍ക്കുക.
4 ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടു·ുക.
5 ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക; അലങ്കാരം പിന്നെ. ഏത് അലങ്കാരവും കുറച്ചുകാലം കഴിഞ്ഞാല്‍ മടുക്കും.
6 നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിലെയും വിശദാംശങ്ങള്‍ വിശദമായി എഴുതിവെക്കുക. ഇതിനായി ഒരു പുസ്തകം കരുതുക.

വീടിന്‍െറ വലുപ്പം, മുറികള്‍, വേണ്ട സൗകര്യങ്ങള്‍ എന്നിവ സാമ്പത്തികനിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കണം. ബജറ്റിന്‍െറ 70 ശതമാനവും ചെലവ് വരുന്നത് നിര്‍മാണ സാമഗ്രികള്‍ക്കാണ്. ശേഷിക്കുന്നവ കൂലിച്ചെലവും. അടിത്തറ പൂര്‍ത്തിയാകുമ്പോഴേക്കും ബജറ്റിന്‍െറ 20 ശതമാനം ചെലവാകും. സ്ട്രെക്ചര്‍ ആകുമ്പോഴേക്കും അത് പകുതി കടക്കും. ഫിനിഷിങ് ജോലികള്‍ക്കുള്ളതാണ് ശേഷിക്കുന്ന 40 ശതമാനം.  മുറികള്‍ക്ക് ആവശ്യത്തിലേറെ വലുപ്പം വേണമെന്ന് ശഠിച്ചാല്‍ അധികച്ചെലവിന് വേറെ വഴിനോക്കേണ്ട. ബീമും മറ്റുമുണ്ടാക്കാനാണ് അധികച്ചെലവ് വരുക. ആര്‍കിടെക്ചറല്‍ ഹോം വിത്ത് ഇന്‍റീരിയര്‍ എന്ന ആശയവുമായാണ് വീടുമോഹികള്‍ ആര്‍കിടെക്ടിനെ കാണാനത്തെുന്നത്. കുറഞ്ഞ ചെലവില്‍ വേണമെന്ന ഉപാധിയും ആദ്യമേ മുന്നോട്ട് വെക്കും. വീട് നിര്‍മിക്കാനുദ്ദേശിക്കുന്ന ആളെ ഒരു പടി താഴേക്കിറക്കുക എന്ന ജോലി അപ്പോള്‍തന്നെ ആര്‍കിടെക്ടിന്‍െറ ചുമതലയാകും. ‘ബജറ്റ് ഹോം വിത്ത് ഇന്‍റീരിയര്‍’ എന്ന ആശയത്തിന് പിന്നാലെ സ്വപ്നഗേഹിയെ വഴിനടത്തലാകും പിന്നത്തെ·പണി.

2500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടിന്‍െറ ആശയവുമായത്തെിയ ആളെ 1500-1600 ചതുരശ്ര അടിയിലേക്ക് ചെറുതാക്കണം. ഉള്ളില്‍ അത്യാവശ്യത്തിന് മാത്രം ഭി·ത്തികള്‍ എന്ന കാര്യം അംഗീകരിച്ചാല്‍ വലുപ്പക്കുറവ് തോന്നുമോ എന്ന ചോദ്യത്തെ· നിസ്സാരവത്കരിക്കാം. ഡൈനിങ്ങിനും സ്വീകരണമുറിക്കുമൊന്നും ഭിത്തികള്‍ വേണ്ട. ഭിത്തി ഒഴിവാകുന്നതോടെ കൂടുതല്‍ ഇടം തോന്നും. ആകര്‍ഷണവും വരും. നടുമുറ്റം വേണമെന്ന വാശിയില്‍നിന്ന് പിടിവിട്ടില്ളെങ്കില്‍ ചെറിയ സ്ഥലം അതിനായി നീക്കി വെക്കുക. കേരളത്തില്‍ മഴയെ അകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന്‍െറ ദോഷങ്ങള്‍ കേള്‍ക്കുന്നതോടെ ആകാശവെട്ടത്തോടെയുള്ള നടുമുറ്റപ്പുരക്ക് ആരും തയാറാകും. ലാളിത്യത്തിന്‍െറ പ്രാധാന്യം ചെറുതല്ല. സ്റ്റെയര്‍ കെയ്സ്, ബാത്ത് റൂം, സ്റ്റെയര്‍ ഹാന്‍ഡ്റെയില്‍, ജനല്‍ ഗ്രില്‍... ലാളിത്യംവഴി ചെലവ് ചുരുക്കാവുന്ന മേഖലകള്‍ നിരവധിയാണ്. അത് കണ്ടത്തെി നടപ്പാക്കിയാല്‍ ബജറ്റ് ഹോം അപ്രാപ്യമല്ല.


നിര്‍മാണത്തിനൊരുങ്ങുമ്പോള്‍


തറയെടുക്കാന്‍ തൂമ്പ വാങ്ങുന്നതു മുതല്‍ തുടങ്ങണം ശ്രദ്ധ. ഒന്നു കണ്ണുതെറ്റിയാല്‍  കല്ലും മണലും സിമന്‍റുമെല്ലാം കണ്ണിലെ കരടായി മാറുന്ന തരത്തിലാണ് വിപണിയിലെ കളികളും കളിപ്പിക്കലും. കല്ല്, മണ്ണ്, സിമന്‍റ്, കമ്പി തുടങ്ങിയ പേരുകള്‍ സുപരിചിതമാണെങ്കിലും ഇവയുടെ വകഭേദങ്ങളും നിലവാരവുമെല്ലാം പലര്‍ക്കും അറിയാന്‍ കഴിയില്ല. നിര്‍മാണ സാമഗ്രികളെ അടുത്തറിയാന്‍ ചില വിവരങ്ങളിതാ...

സിമന്‍റ്

മൂന്ന് ഗ്രേഡ് സിമന്‍റുണ്ട്.
33ാം ഗ്രേഡ്: സെറ്റാകാന്‍ സമയമെടുക്കുന്ന ഇത് ഭിത്തി കെട്ടാനും മറ്റും ഉപയോഗിക്കും
43ാം ഗ്രേഡ്: വാര്‍ക്കാന്‍ ഉപയോഗിക്കുന്നു (സെറ്റാകാന്‍ അത്ര സമയം വേണ്ട)
53ാം ഗ്രേഡ്: ഉറപ്പു കൂടുമെങ്കിലും വേനല്‍ക്കാലത്ത് കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് സെറ്റായി വെയിലില്‍ വിണ്ട് കീറും. മഴക്കാലത്ത് പ്രശ്നമില്ല. വെള്ളമുള്ള പ്രതലത്തില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഈ ഗ്രേഡാണ് ഉപയോഗിക്കുക.
സിമന്‍റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍:
നല്ല ബ്രാന്‍ഡ് മാത്രം വാങ്ങുക
പുതിയതാണെന്ന് ഉറപ്പുവരുത്തുക
വിശ്വാസ്യതയുള്ള ഡീലര്‍മാരില്‍നിന്നുമാത്രം വാങ്ങുക




കരിങ്കല്ല്

തറ നിര്‍മാണത്തിനാണ് പ്രധാനമായും കരിങ്കല്ല് ഉപയോഗിക്കുക. ഷോവാളിനും ഡിസൈന്‍ കെട്ടിടത്തിനും ഉപയോഗിക്കാറുണ്ട്. നല്ല കറു· നിറമുള്ള കല്ലാണ് മുന്തിയത്. പക്ഷേ, ഇത് കിട്ടാന്‍ പ്രയാസമായതിനാല്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന കല്ലാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്. വെള്ളക്കല്ലിന്‍െറ മെറ്റല്‍ കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. യൂനിറ്റ് അടിസ്ഥാനപ്പെടുത്തിയാണ് അളവ് (100 ക്യൂബിക് ഫീറ്റ് ഒരു യൂനിറ്റ്) കണക്കാക്കുക. വലിയ ലോറിയില്‍ ഒരു യൂനിറ്റ് കല്ല് നിറക്കാം. (100 ക്യൂബിക് ഫീറ്റ് വില 1200 രൂപ -ക്വാറി വില). ക്വാറിയില്‍നിന്നുള്ള ദൂരത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരാം. ഒരു യൂനിറ്റ് കൊണ്ട് രണ്ടടി വീതി, രണ്ടടി ഉയര·ില്‍ 25 അടി നീള·ില്‍ കെട്ടാം.

ചെങ്കല്ല്/വെട്ടു
കല്ല്

ഭിത്തി നിര്‍മാണത്തിന് മലബാറില്‍ വെട്ടുകല്ല് എന്നറിയപ്പെടുന്ന ചെങ്കല്ലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഉറപ്പുള്ള ചെങ്കല്ല് തറ നിര്‍മാണത്തിനുവരെ ഉപയോഗിക്കാറുണ്ട്. ദ്വാരങ്ങള്‍ കുറഞ്ഞ വെള്ളയില്ലാത്ത· കല്ലാണ് ഗുണമേന്മയുള്ളത്. 35x20x20 സെ.മീ വലുപ്പ·ിലുള്ള കല്ലിന് 15 രൂപ (ക്വാറി വില) വരും.
ക്വാറിയില്‍നിന്നുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസം വരും. ചത്തൊത്ത കല്ല് പടവ് ചെയ്യാന്‍ സിമന്‍റ് കൂടുതല്‍ വേണം. നന്നായി ചത്തെിയ കല്ല് തേക്കാതെയിട്ടും ഉപയോഗിക്കുന്നുണ്ട്. കല്ലുറപ്പിക്കാന്‍ 6:1 എന്ന തോതില്‍ മണലും സിമന്‍റും ചേര്‍· മിശ്രിതമാണ് ഉപയോഗിക്കുക.

ഇഷ്ടിക

ചൂട് നിയന്ത്രിക്കാമെന്നതും വിള്ളലിന് സാധ്യത കുറവാണെന്നതും തേപ്പിന് സിമന്‍റ് കുറച്ച് മതിയെന്നതും ഇഷ്ടികയുടെ ഗുണമാണ്. മൂന്ന് തരം ഇഷ്ടികയുണ്ട്. നാടന്‍ കട്ട, വയര്‍കട്ട്, സെമി വയര്‍ കട്ട്. ഫാക്ടറിയില്‍ ചൂളയില്‍ ചുട്ടെടുക്കുന്നതാണ് വയര്‍കട്ട്, സെമി വയര്‍കട്ട് എന്നിവ. ഇവക്ക് വിലയും ഗുണവും കൂടും. എട്ട് ഇഷ്ടിക ചേര്‍ന്നാല്‍ ഒരു ചെങ്കല്ലിന്‍െറ സൈസ് ആവും. രണ്ടെണ്ണം കൂട്ടിയിടിച്ചാല്‍ ലോഹങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെങ്കില്‍ ഇഷ്ടിക ബലമുള്ളതാണെന്ന് മനസ്സിലാക്കാം. നല്ല ഇഷ്ടിക ഒരു മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ടാലും പൊട്ടില്ല.

കോണ്‍ക്രീറ്റ് ബ്ളോക്

ചെങ്കല്ല്, ഇഷ്ടിക എന്നിവയെ അപേക്ഷിച്ച് കോണ്‍ക്രീറ്റ് ബ്ളോക്കിന് വില കുറവാണ്. തേക്കാന്‍ സിമന്‍റ് കുറച്ച് മതി എന്നതും ഗുണമാണ്. ഹോളോ ബ്ളോക്, സോളിഡ് ബ്ളോക് എന്നിങ്ങനെ രണ്ടുതരം കോണ്‍ക്രീറ്റ് ബ്ളോക്കുകളുണ്ട്. ദ്വാരമുള്ള ഹോളോ ബ്ളോക്കിന് ഭാരവും ചൂടും കുറവാണ്. പക്ഷേ, അധികം ഭാരം വഹിക്കാനാവില്ല എന്ന ദോഷമുണ്ട്. തൂണിനും ലിന്‍റലിനുമിടയില്‍ മുട്ടിക്കാനാണ് ഹോളോ ബ്ളോക് ഉപയോഗിക്കുന്നത്. സിമന്‍റ്, ജെല്ലി, പാറപ്പൊടി എന്നിവകൊണ്ട് നിര്‍മിക്കുന്ന ഹോളോ ബ്ളോക്കിന് ഭാരം കുറവായതിനാല്‍ വന്‍ കെട്ടിടങ്ങളിലും ഫ്ളാറ്റുകളിലും, അധികം ഭാരംവരാ· ഭാഗങ്ങളില്‍ ഭിത്തിക്ക് ഉപയോഗിക്കാറുണ്ട്. ചുറ്റുമതില്‍ കെട്ടാനും ഹോളോ ബ്ളോക് വ്യാപകമായി ഉപയോഗിക്കുന്നു. സോളിഡ് ബ്ളോക്കിന് ദ്വാരമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഭാരവും കൂടും. വശങ്ങളില്‍ ഞരടി നോക്കിയാല്‍ പൊടിയുന്നുണ്ടെങ്കില്‍ നിലവാരം കുറവാണെന്ന് സംശയിക്കണം.

ഇന്‍റര്‍ലോക് ഇഷ്ടിക

മണല്‍ക്ഷാമം ഇന്‍റര്‍ലോക് ഇഷ്ടികക്ക് പ്രചാരമേറ്റിയിട്ടുണ്ട്. സിമന്‍റ് ഉപയോഗിക്കേണ്ടതില്ലാത്തതിനാല്‍ ചെലവുകുറഞ്ഞ രീതിക്ക് നല്ലതാണ് ഇന്‍റര്‍ലോക് ഇഷ്ടിക.  കട്ടകള്‍ പരസ്പരം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുറത്തും തേക്കേണ്ടതില്ല. എന്നാല്‍, പെയിന്‍റടിക്കുകയോ പോളിഷ് ചെയ്യുകയോ ചെയ്തില്ളെങ്കില്‍ പൂപ്പല്‍ വരും. 1000 ചെങ്കല്ല് വേണ്ടിടത്ത് 1800 ഇന്‍റര്‍ലോക് ഇഷ്ടിക വേണം.


കമ്പി


ഐ.എസ്.ഐ മുദ്രയുള്ള കമ്പിതന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. ലാഭം കൂടുമെന്നതിനാല്‍ ഐ.എസ്.ഐ മുദ്രയില്ലാത്തത് വില്‍ക്കാന്‍ ചില വ്യാപാരികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കും.
വാര്‍ക്കാനും മറ്റും പിരിയുള്ള കമ്പിയും (ടോര്‍ സ്റ്റീല്‍) ജനല്‍ക്കമ്പി പോലുള്ളതിന് പിരിയില്ലാത്ത കമ്പിയും ഉപയോഗിച്ചുവരുന്നു. വളച്ചാല്‍ വളയുന്നതാണ് നല്ല കമ്പി. നിലവാരമില്ലാത്തത് വളച്ചാല്‍ പൊട്ടിപ്പോകും. ടി.എം.ടി (തെര്‍മോ മെക്കാനിക്കലി ട്രീറ്റഡ്) കമ്പികള്‍ തുരുമ്പ് പിടിക്കാന്‍ സാധ്യത കുറവാണ്. എല്ലാ ടി.എം.ടി കമ്പികളും ഐ.എസ്.ഐ മുദ്രയുള്ളതല്ല. ഫുള്‍ലെങ്ത് (12 മീറ്റര്‍)കമ്പികള്‍ വാങ്ങിയാല്‍ വേസ്റ്റ് കുറക്കാന്‍ സഹായിക്കും. പഴയ കമ്പി  ഉരുക്കിയുണ്ടാക്കുന്ന റീ റോളിങ് കമ്പികള്‍ നല്ല കമ്പികളുമായി കൂട്ടിക്കലര്‍ത്തി വില്‍ക്കാനുള്ള ശ്രമത്തില്‍ വഞ്ചിതരാവാതിരിക്കുക. വാര്‍ക്കക്കമ്പി കൂട്ടിക്കെട്ടുന്ന കെട്ടുകമ്പിയും നല്ലത് തന്നെ വാങ്ങണം. ആറ് എം.എം മുതല്‍ 32 എം.എം വരെയുള്ള കമ്പിയുണ്ട്. കോണ്‍ക്രീറ്റിന് സാധാരണ ആറ്, എട്ട് എം.എം കമ്പിയാണുപയോഗിക്കുക. 300 സ്ക്വയര്‍ഫീറ്റ്  നാലിഞ്ച് കനത്തില്‍ (ഒരു യൂനിറ്റ്) വാര്‍ക്കാന്‍ 150 -175 കിലോ കമ്പി വേണ്ടി വരും. വലിയ മുറികള്‍ വാര്‍ക്കാന്‍ മുഴുവനായും എട്ട് എം.എം കമ്പിതന്നെ ഉപയോഗിക്കണം.

ഹോളോ മണ്‍ബ്ളോക്

ചുരുങ്ങിയ ചെലവില്‍ പ്രകൃതിക്കിണങ്ങിയ വീട് നിര്‍മിക്കാന്‍ ഹോളോ മണ്‍ബ്ളോക് ഉപയോഗിക്കാം. ഹോളോ മണ്‍ബ്ളോക് കൊണ്ട് ഭിത്തികെട്ടിയാല്‍ തേക്കുകയോ പെയിന്‍റ് ചെയ്യുകയോ വേണ്ട. വാതില്‍ കട്ടിളയുടെയും ജനലിന്‍െറയും വശം മൂന്ന് ഇഞ്ച് വലുപ്പ·ില്‍ തേക്കാം. പടവ് ചെങ്കല്ലിനും ഇഷ്ടികക്കും സമാനമാണ്. മൂലകളില്‍ എട്ട് എം.എം കമ്പിയുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യണം. മൂലയില്‍ തൂണ്‍ ബ്ളോക് കുത്തിനിര്‍ത്തി കമ്പിയും കോണ്‍ക്രീറ്റ് മിശ്രിതവും നിറക്കും.

ചുമരിന് ചുറ്റും രണ്ട് കോണ്‍ക്രീറ്റ് ബെല്‍റ്റുകള്‍ ഇടാറുണ്ട്. മേല്‍ക്കൂരയും ഹോളോ മണ്‍ബ്ളോക്കുകൊണ്ട് നിര്‍മിക്കാം. ആദ്യം നാലിഞ്ച് വീതിയില്‍ റൂഫ് ചാനലുകള്‍ നീളത്തില്‍ നിരത്തി എട്ട് എം.എം കമ്പിയുപയോഗിച്ച് കോണ്‍ക്രീറ്റ് ബീമുണ്ടാക്കുക. പിന്നീട്, ഹോളോ സീലിങ് ബ്ളോക്കുകള്‍ പാകി അതിന് മുകളില്‍ രണ്ടിഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു. ചെലവ് കാര്യമായി കുറയും. വീടിനകത്ത് കാര്യമായി ചൂടുമുണ്ടാവില്ല. മേല്‍ക്കൂര പൂര്‍ത്തിയായാല്‍ ചുവരുകള്‍ ആസിഡ് വാഷ് ചെയ്യുന്നതോടെ ഫ്ളോറിങ് ഒഴികെയുള്ള പണിയെല്ലാം കഴിഞ്ഞു. ചുട്ടെടുത്ത കളിമണ്‍ ബ്ളോക്കായതിനാല്‍ ഉറപ്പുണ്ടാകും. ഇഷ്ടമുള്ള നിറങ്ങളില്‍ വീട് അലങ്കരിക്കാന്‍ കഴിയില്ല, എപ്പോഴും വെള്ളം തട്ടുന്ന ഭാഗത്ത് പൂപ്പല്‍ വരും എന്നീ ദോഷങ്ങളും ഹോളോ മണ്‍ബ്ളോക്കിനുണ്ട്. വാര്‍ണിഷ് ചെയ്താല്‍ പൂപ്പല്‍ ഒഴിവാക്കാം.


കലവറയില്‍ നിന്നെടുക്കാം


സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മണല്‍, സിമന്‍റ്, കമ്പി എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ തുറന്ന കേന്ദ്രങ്ങളാണ് കലവറ.
2000 ചതുരശ്ര അടിയില്‍ താഴെ വീടുവെക്കുന്ന സാധാരണക്കാര്‍ക്കാണ് നിര്‍മാണ സാമഗ്രികള്‍ ലഭിക്കുക. 600 ചതുരശ്ര അടിയില്‍ താഴെ വീടുവെക്കുന്ന ബിപി.എല്ലുകാരില്‍നിന്ന് ലാഭമെടുക്കില്ല. മണലിന് പുറമെ ഒരു ഉപഭോക്താവിന് 100 ചാക്ക് സിമന്‍റും 50 കിലോ കമ്പിയും ലഭിക്കും. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച വീടിന്‍െറ പ്ളാനും റേഷന്‍ കാര്‍ഡുമായി അതത് കേന്ദ്രങ്ങളില്‍ അപേക്ഷിക്കണം.


മൊത്തം കരാറോ പണിമാത്രമോ


 നിര്‍മാണം ഒന്നിച്ച് ഒരു കരാറുകാരനെ ഏല്‍പിക്കാം. അവര്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈയില്‍ തരും. തിരക്കേറെയുള്ളവര്‍ക്കും സ്ഥലത്തില്ലാ·വര്‍ക്കും ഈ രീതി അഭികാമ്യമാണ്. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതും പണി നടത്തുന്നതുമെല്ലാം കരാറുകാരനായതിനാല്‍ ശ്രദ്ധിക്കണം. സാധനങ്ങള്‍ ഗുണനിലവാരമുള്ളതാണെന്നും പണിയില്‍ കൃത്രിമമില്ളെന്നും ഉറപ്പുവരുത്തണം.

വിശ്വസിക്കാവുന്ന കരാറുകാരനെ മാത്രമേ ഏല്‍പിക്കാവൂ. അയാള്‍ മുമ്പ് പണിത വീടുകള്‍ സന്ദര്‍ശിച്ച് ഉടമയോട് വിവരങ്ങള്‍ ആരായണം. മതിയായ വിദഗ്ധ തൊഴിലാളികളും നിര്‍മാണ സാമഗ്രികളും ഉള്ളയാളാണോ എന്ന് നോക്കണം.  പണം ഘട്ടംഘട്ടമായേ നല്‍കാവൂ. സൂപ്പര്‍വൈസറുടെയോ എന്‍ജിനീയറുടെയോ മേല്‍നോട്ടം നല്ലതാണ്. നിര്‍മാണച്ചെലവും കരാറുകാരന്‍െറ മാര്‍ജിനും അടക്കം ആകെ ചെലവ് കൂടുതലായിരിക്കും.


നിര്‍മാണ വസ്തുക്കള്‍ ഉടമ നല്‍കി പണി മാത്രം കരാര്‍ നല്‍കാം. ഓരോ ജോലിയും വ്യത്യസ്ത കരാറുകാരെ ഏല്‍പിക്കാം. അതത് മേഖലയിലെ വിദഗ്ധ സംഘങ്ങളെ നിര്‍മാണത്തില്‍ പങ്കാളിയാക്കാം എന്നതാണിതിന്‍െറ മേന്മ. ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഉറപ്പിക്കുകയും ചെയ്യാം. മുഴുവന്‍ കരാര്‍ ഏല്‍പിക്കുന്നതിനെ  അപേക്ഷിച്ച് ആകെ ചെലവില്‍ 15 ശതമാനം വരെ കുറവുണ്ടാകും. പണലഭ്യതക്കനുസരിച്ച് പണി മുന്നോട്ട് കൊണ്ടുപോകാമെന്നതാണ് മറ്റൊരു മെച്ചം. പ്ളംബിങ്, സാനിട്ടറി, ഇലക്ട്രിക്കല്‍, മരപ്പണി, ഫ്ളോറിങ്, പെയിന്‍റിങ് എന്നിവക്ക് ഈ രീതിയാണ് നല്ലത്.  


സാധനങ്ങള്‍ വാങ്ങുന്നതും പണിക്കാരെ വെക്കുന്നതുമെല്ലാം ഉടമ തന്നെ ചെയ്യുന്ന രീതിയുമുണ്ട്. നന്നായി  ചെയ്താല്‍ ചെലവ് കാര്യമായിതന്നെ കുറയും. പക്ഷേ, ഉടമക്ക് സമയവും വീട് നിര്‍മാണ രംഗത്ത് നല്ല അറിവും വേണം.


‘സൂപ്പര്‍’വൈസിങ്

നല്ളൊരു സൂപ്പര്‍വൈസറുടെ സാന്നിധ്യം ജോലിയുടെ കാര്യക്ഷമതയിലും ഗുണനിലവാരത്തിലും വളരെ മാറ്റം വരുത്തും. തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ കാര്യവും ശ്രദ്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ജോലി ചെയ്യിക്കുകയാണ് സൂപ്പര്‍വൈസിങ്. പ്ളാന്‍ അനുസരിച്ച് സമയബന്ധിതമായി ജോലി പൂര്‍·ത്തിയാക്കാന്‍ ഇത് സഹായിക്കും. ആര്‍കിടെക്ടിനെയോ എന്‍ജിനീയറെയോ സ്ഥാപനത്തെയോ സൂപ്പര്‍വൈസിങ് ഏല്‍പിക്കാം. വിശ്വസ്തരായ ആളുണ്ടെങ്കില്‍ സ്വന്തമായി വെക്കുകയും ചെയ്യാം. ആകെ ചെലവിന്‍െറ നിശ്ചിത ശതമാനം സൂപ്പര്‍വൈസിങ് ചാര്‍ജായി നല്‍കേണ്ടി വരും.

പണിയും വിധം

വീടിന്‍െറ ഭാരം മണ്ണില്‍ ചേര്‍ത്തുവെക്കുന്നത് അടിത്തറയാണ്. അടിത്തറക്ക് രണ്ട് ഭാഗങ്ങളുണ്ട്. മണ്ണിനടിയിലെ ഭാഗം ഫൗണ്ടേഷന്‍. പുറത്ത് കാണുന്നത് ബേസ്മെന്‍റ്. മണ്ണിന്‍െറ ഉറപ്പ് പരിശോധിച്ച് അതിനനുസരിച്ച ആഴം മതി തറക്ക്.  മണ്ണുപരിശോധനക്ക് ഒരു നാടന്‍ വഴിയുണ്ട്. രണ്ടടി ആഴത്തിലും വിസ്താരത്തിലും കുഴിയെടുത്ത് അതേ മണ്ണ് കുഴിയിലിടുക. കുഴി നിറയുന്നില്ളെങ്കില്‍ മണ്ണ് ദുര്‍ബലമാണെന്ന് മനസ്സിലാക്കാം. ഇപ്പോള്‍ മണ്ണിന്‍െറ ഉറപ്പ് പരിശോധിക്കാന്‍ എന്‍ജിനീയറിങ് കോളജിലെയും മറ്റും സോയില്‍ മെക്കാനിക് ലാബില്‍ ശാസ്ത്രീയ സംവിധാനങ്ങളുണ്ട്. മണ്ണ് ഉറപ്പുള്ളതാണെങ്കില്‍ ഫൗണ്ടേഷന് 60-70 സെന്‍റിമീറ്റര്‍ താഴ്ച മതിയാവും. കരിങ്കല്‍ തറക്ക് 60 സെ.മീ വീതി മതി. ബേസ്മെന്‍റിന് 45 സെ.മീ.
വീതികൂട്ടി മണ്ണെടുക്കുന്നത് അധികച്ചെലവിനിടയാക്കും. മികച്ച രീതിയില്‍ അടുക്കിയ ഫൗണ്ടേഷന് സിമന്‍റ് വേണമെന്നില്ല. കരിങ്കല്‍ ചീള് വെച്ച് പടുത്ത് മുകളില്‍ പാറപ്പൊടി നിരത്തി വെള്ളമടിച്ചാല്‍ നല്ല ഉറപ്പായി. ബേസ്മെന്‍റിന്‍െറ പുറത്ത് സിമന്‍റ് കൊണ്ട് പോയിന്‍റ് ചെയ്യാം. ഭൂഗര്‍ഭ ജലം ഉപരിതലത്തോട് ചേര്‍ന്നാണെങ്കില്‍ കരിങ്കല്ലുകൊണ്ടാണ് തറ കെട്ടേണ്ടത്. താഴ്ന്നാണെങ്കില്‍  ഉറപ്പുള്ള ചെങ്കല്ല് മതിയാവും. സമീപത്തെ· കിണറുകളില്‍ നിന്ന് ഇത് മനസ്സിലാക്കാം. കോണ്‍ക്രീറ്റ് ബെല്‍റ്റിട്ട് അടിത്തറക്ക് ബലം നല്‍കുന്നത് നല്ലതാണ്. ആറിഞ്ച് കനത്തില്‍ എട്ട് എം.എം കമ്പിയുപയോഗിച്ചാണ് ബെല്‍റ്റിടുക. ബെല്‍റ്റിടുന്നതിന് സ്ട്രിപ്പ് ഫൗണ്ടേഷന്‍ എന്നും അടിയില്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് റാഫ്റ്റ് രീതിയെന്നും പറയും. വയലുകളിലും ചതുപ്പ് നിലങ്ങളിലുമാണ് റാഫ്റ്റ് രീതിയുപയോഗിക്കുക. 

 
വലിയ കെട്ടിടങ്ങള്‍ക്കും കല്ലുവെട്ട്കുഴി, കുളം നികത്തിയ സ്ഥലം എന്നിവിടങ്ങളില്‍ വീടുവെക്കാനും  പൈലിങ് വേണ്ടിവരും.  ചെറിയ നിര്‍മാണത്തിന് മണല്‍, മുള, പാറപ്പൊടി എന്നിവ ഉപയോഗിച്ചും പൈലിങ് ചെയ്യാറുണ്ട്.

തറയൊരുക്കിക്കഴിഞ്ഞാല്‍ ഭിത്തിനിര്‍മാണം തുടങ്ങാം. ഒമ്പത് മുതല്‍ 11 വരെ അടി ഉയരത്തിലാണ് സാധാരണ ഒരുനില ഭിത്തികെട്ടുക. ഭാരം വഹിക്കേണ്ടതാണെങ്കില്‍ കനത്തില്‍ കെട്ടണം. അല്ളെങ്കില്‍, അഞ്ചിഞ്ച് കനം മതി. നന്നായി ചത്തെിയ കല്ളോ ഇഷ്ടികയോ ഉപയോഗിച്ചാണ് ഭിത്തിനിര്‍മാണമെങ്കില്‍ തേച്ചില്ളെങ്കിലും നല്ല ഭംഗിയുണ്ടാകും. കല്ലും ഇഷ്ടികയും ഒരേ വലുപ്പത്തിലുള്ളതാണെന്ന് ഉറപ്പാക്കണം. വിദഗ്ധ തൊഴിലാളികളല്ളെങ്കില്‍ ചുവര്‍ പാമ്പ് ഇഴയുന്ന പോലെയുണ്ടാകും. ഇത് തേപ്പിന് സിമന്‍റും മണലും കൂടുതല്‍ ചെലവാക്കും. ഭിത്തിയില്‍ തന്നെ ഷോകേസും അലമാരയും നിര്‍മിച്ചാല്‍ സ്ഥലവും പണവും ലാഭിക്കാം. 1:5 അനുപാതത്തില്‍ സിമന്‍റും മണലും ചേര്‍ത്താണ് ഭിത്തി തേക്കുക.

തേപ്പിനുശേഷം ഏതാനും ദിവസം ചുവര്‍ നനച്ചുകൊടുത്താല്‍ വിള്ളല്‍ വീഴില്ല. മേല്‍ക്കൂരയുടെ ഭാരം താങ്ങാന്‍ ഭിത്തിയോടൊപ്പം തൂണുകളുമുണ്ടാകും. ഭാരം താങ്ങാനും ഭംഗിക്ക് വേണ്ടിയും തൂണ്‍ വെക്കാറുണ്ട്. തുറന്ന വരാന്തയില്‍ തൂണ്‍ നിര്‍ബന്ധമാണ്. വഹിക്കേണ്ട ഭാരം, തറയുടെയും മണ്ണിന്‍െറയും ഘടന തുടങ്ങിയവ പരിഗണിച്ചാണ് തൂണിന്‍െറ വലുപ്പവും കരുത്തും നിശ്ചയിക്കുന്നത്. ചെങ്കല്ല് , ഇഷ്ടിക, മരം, കോണ്‍ക്രീറ്റ് എന്നിവയില്‍ തൂണ്‍ പണിയാം. ലിന്‍റലാണ് ഭാരം താങ്ങുന്ന മറ്റൊരു താരം. വാതിലിന്‍െറയും ജനലിന്‍െറയും മുകളില്‍  ഭാരം താങ്ങാന്‍ ഭിത്തിയുടെ തന്നെ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് ലിന്‍റല്‍ എന്ന് പറയുന്നത്. ഭിത്ത·ി മുഴുവനായും ലിന്‍റല്‍ ചെയ്യേണ്ടതില്ല. വാതിലിന് 10 സെ.മീ, ജനലിന് 15 സെ.മീ കനത്തില്‍ വാര്‍ക്കണം. ലിന്‍റലിനോട് ചേര്‍ന്നാണ് സണ്‍ഷേഡ് വാര്‍ക്കുന്നത് (സണ്‍ഷേഡ് കോണ്‍ക്രീറ്റില്‍ ആണെങ്കില്‍). ഇതും ജനലിന് മുകളില്‍ മാത്രമേ ആവശ്യമുള്ളൂ.


ഭിത്തിയുയര്‍ന്ന് കഴിഞ്ഞാല്‍ മേല്‍ക്കൂരയൊരുക്കലായി പിന്നെ. 1:2:4 അനുപാതത്തിലാണ്  കോണ്‍ക്രീറ്റിന്  സിമന്‍റും മണലും മെറ്റലും ചേര്‍ക്കേണ്ടത്. ഒരു യൂനിറ്റ്  (100 ഘനയടി) കോണ്‍ക്രീറ്റിന് 18 ചാക്ക് സിമന്‍റ്, 100 ഘനയടി മെറ്റല്‍, 50 ഘനയടി മണല്‍, 150- 175 കിലോ കമ്പി എന്നിവ വേണം. ഒരു ചാക്ക് സിമന്‍റിന് 28-30 ലിറ്റര്‍ വെള്ളം ചേര്‍ക്കണം. ഒന്നര രണ്ടര അടി അകലത്തില്‍ മുട്ട് കൊടുക്കണം. മുട്ട് ഇളകരുത്. മുട്ടിന് മുകളില്‍ പലകയോ ഷീറ്റോ ജോയന്‍റ് ചെയ്യുന്നിടത്ത് വിടവില്ലാതെ നോക്കണം. കമ്പി കോണ്‍ക്രീറ്റിന്‍െറ ഉള്ളില്‍ വരണം. കമ്പി ഭിത്തിയിലേക്ക് കയറ്റിനിര്‍ത്തുക.

നാലിഞ്ച് കനത്തിലാണ് സാധാരണ മേല്‍ക്കൂര വാര്‍ക്കുക. ഇടക്കെട്ടില്ലാത്തയിടങ്ങളില്‍ കനം കൂട്ടി വാര്‍ക്കണം. കമ്പി കെട്ടുന്നതിനൊപ്പം വയറിങ് നടത്തണം. വയര്‍ കയറ്റിയ പൈപ്പ്  കോണ്‍ക്രീറ്റ് കഴിഞ്ഞാല്‍ പുറത്ത് കാണാത്തവിധം കയറ്റിവെക്കണം. ഫാനും മറ്റും കെട്ടാനാവശ്യമായ ഹുക്കും ടെറസിലെ വെള്ളം പുറത്തത്തെിക്കാനാവശ്യമായ പൈപ്പുമെല്ലാം ഇടേണ്ട സ്ഥാനം നേര·േ നിശ്ചയിച്ച് വെക്കുക. കോണ്‍ക്രീറ്റ് മിശ്രിതം ഇടുന്നതിനൊപ്പം കമ്പികൊണ്ട് നന്നായി കുത്തിക്കൊടുക്കണം. കുത്തുന്നതിന് പകരം കംപ്രസര്‍ ഉപയോഗിച്ചുള്ള വൈബ്രേറ്റര്‍ കൊണ്ട് സെറ്റ് ചെയ്താല്‍മതി. കോണ്‍ക്രീറ്റ് മിശ്രിതത്തിനിടയില്‍ സിമന്‍റ് ചാക്കിന്‍െറ നൂലോ മറ്റോ കുടുങ്ങിക്കിടക്കുന്നത് ചോര്‍ച്ച വരുത്തിയേക്കും. കോണ്‍ക്രീറ്റ് മിശ്രിതം തയാറാക്കാന്‍ മിക്സര്‍ വാടകക്കെടുത്താല്‍ പണവും സമയവും ലാഭിക്കാം. കഴിയുന്നതും ഒറ്റ ദിവസംകൊണ്ട് വാര്‍ക്കല്‍ പൂര്‍ത്തിയാക്കുക. സാധ്യമല്ളെങ്കില്‍, എന്‍ജിനീയറോട് ചോദിച്ച് പ്രത്യേക ഭാഗത്ത് മാത്രം നിര്‍ത്തുക.

മെയിന്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നിങ്ങനെ രണ്ടായാണ് വാര്‍പ്പിന് കമ്പി കെട്ടുക. മെയിന്‍ എട്ട് എം.എമ്മും ഡിസ്ട്രിബ്യൂട്ടര്‍ ആറ് എം.എമ്മും ഉപയോഗിക്കുന്നു. സണ്‍ഷേഡ്, റാക്ക് എന്നിവക്ക് മെയിന്‍ എട്ട് എം.എമ്മും ഡിസ്ട്രിബ്യൂട്ടര്‍ ആറ് എം.എമ്മുമായിരിക്കും. എട്ട് എം.എം 18 സെ.മീ ഇടവിട്ടും ആറ് എം.എം 20 സെ.മീ ഇടവിട്ടുമാണ് കെട്ടുക.  വാര്‍പ്പിന് മുകളില്‍ പ്ളാസ്റ്റിക് മിശ്രിതം തേച്ച് പിടിപ്പിക്കുന്നത് ചോര്‍ച്ച തടയും. ഇങ്ങനെ ചെയ്താല്‍ അതിന് മുകളില്‍ നിര്‍ബന്ധമായും സിമന്‍റ് തേക്കണം. മേച്ചിലോടോ ചിരട്ട കമിഴ്ത്തിയോ അല്ളെങ്കില്‍ ഹോളോബ്രിക് നിരത്തിയോ കോണ്‍ക്രീറ്റ് ചെയ്താല്‍ പണം ലാഭിക്കാം, ചൂടും കുറക്കാം. ഉറപ്പിന് കുറവൊന്നുമുണ്ടാകില്ല. കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞാല്‍ മുട്ടും പലകയും രണ്ടാഴ്ചത്തേക്ക് എടുക്കരുത്. രണ്ട് മൂന്നാഴ്ചത്തേക്ക് കോണ്‍ക്രീറ്റ് നന്നായി നനക്കണം. മേല്‍ക്കൂരക്ക് മുകളില്‍ ബണ്ട് കെട്ടി വെള്ളം നിര്‍ത്തുക. തൂണില്‍ ചാക്ക് ചുറ്റിക്കെട്ടി വെള്ളം തളിച്ച് നനവ് നിലനിര്‍ത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.