ചോര്‍ച്ച വരുന്ന വഴിയും പോംവഴിയും

ഏതൊരാളെയും അലട്ടുന്ന പ്രശ്നമാണ് വീട്. സ്വരുക്കൂട്ടിയും കടമെടുത്തും ആ വീട് പണിതു കഴിഞ്ഞാലും തീരുന്നില്ല ആശങ്കകള്‍. ചിലപ്പോള്‍ പണിതീര്‍ന്നയുടനെ, അല്ളെങ്കില്‍ ഒരുവര്‍ഷം കഴിഞ്ഞ് അതാവരുന്നു ചോര്‍ച്ച. പോരേ മനസ്സിന്‍െറ ആധി കൂടാന്‍. പിന്നെ, സിമന്‍േറാ വൈറ്റ് സിമന്‍േറാ കുഴച്ചുതേച്ചിട്ട് എന്തു കാര്യം? വെള്ളമെന്ന വിദ്വാന്‍ തടസ്സങ്ങള്‍ മാറ്റി ഒലിച്ചിറങ്ങുകതന്നെ ചെയ്യും. എങ്ങനെയാണ് ചോര്‍ച്ച? എവിടെയാണ് ചോര്‍ച്ച? തടയാന്‍ എന്താണ് മാര്‍ഗങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇവിടെയുണ്ട്.

കോണ്‍ക്രീറ്റിങ്ങിലെ തകരാറുകള്‍
ഉറവിടം കണ്ടത്തൊതെ ഓട്ടയടച്ചതുകൊണ്ട് ഒഴിഞ്ഞുപോവുന്ന ഒന്നല്ല ചോര്‍ച്ച. മേല്‍ക്കൂരയിലും സണ്‍ഷേഡിലും മഴവെള്ളം താഴേക്ക് ഒഴുക്കിവിടാനുള്ള വലിയ പി.വി.സി പൈപ്പുകള്‍ ഭിത്തിയുമായി ചേരുന്നിടത്തുമൊക്കെയാണ് സാധാരണ ചോര്‍ച്ച വരിക. പരന്ന മേല്‍ക്കൂരയുള്ള ടെറസ് വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് താഴേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യത ഏറെയാണ്. കാലം കഴിയുന്തോറും ചോര്‍ച്ചക്കുള്ള സാധ്യതയും കൂടും. കോണ്‍ക്രീറ്റ്  പൊരിവെയിലില്‍ ചുട്ടുപഴുത്ത് ആവി പറത്തി നില്‍ക്കുമ്പോഴായിരിക്കും പൊടുന്നനെ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യുക. പഴുത്ത കോണ്‍ക്രീറ്റ് പെട്ടെന്ന് തണുക്കുമ്പോള്‍ ചെറിയ വിള്ളലുകള്‍ ഉണ്ടാകും. പിന്നെയും മഴ പെയ്ത് വെള്ളമേറുമ്പോള്‍ വിള്ളലുകള്‍ പൊട്ടിക്കീറി വെള്ളം ഊര്‍ന്നിറങ്ങാന്‍ തുടങ്ങും. കോണ്‍ക്രീറ്റിങ്ങിലെ പിഴവുകള്‍ ഉള്ള ഭാഗത്തുകൂടി ഒലിച്ചിറങ്ങുന്ന വെള്ളം കമ്പിയിലൂടെ ഒഴുകി വീടിനകത്ത് കോണ്‍ക്രീറ്റിങ്ങും പ്ളാസ്റ്ററിങ്ങും മോശമായ ഭാഗങ്ങളിലൂടെ ഇറ്റുവീഴും. ടെറസില്‍ ടൈലുകള്‍ പതിച്ചാലും ഇതിന്‍െറ വിള്ളലുകള്‍ക്കിടയിലൂടെ വെള്ളം ഊര്‍ന്നിറങ്ങാന്‍ സാധ്യതയുണ്ട്.

പാരപ്പറ്റ് കെട്ടുമ്പോള്‍ പരന്നതിന് പകരം ചെരിഞ്ഞതായിരുന്നാല്‍ വെള്ളം ഒഴുകിപ്പോയിക്കോളും. ഇനി പരന്നതാണെങ്കില്‍ നന്നായി തേച്ചുമിനുസപ്പെടുത്തി പായലും പൂപ്പലും പിടിക്കാത്ത എക്സ്റ്റീരിയര്‍ എമല്‍ഷന്‍ പെയിന്‍റ് അടിച്ചാല്‍ മതിയാകും. ചെരിച്ചുവാര്‍ക്കുന്ന സണ്‍ഷേഡുകളില്‍ ഓടുകള്‍ പതിക്കുന്നത് ചോര്‍ച്ച തടയാനും മനോഹരമാക്കാനും ഉപകരിക്കും. മണലിന്‍െറ കുറവ് രൂക്ഷമായതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പാറപ്പൊടിയുടെ ഗുണക്കുറവും രൂപത്തിലെ വ്യത്യസ്തതകളും കോണ്‍ക്രീറ്റിങ്ങിലെ തകരാറുകള്‍ക്ക് കാരണമാകാറുണ്ട്.  
ഗുണനിലവാരമുള്ള സിമന്‍റ് ഉപയോഗിക്കുന്നതും പ്രശ്നങ്ങള്‍ പരിഹരിക്കും.

വെള്ളം കൂട്ടിയും സിമന്‍റും മണലും അളവ് കുറച്ചും കെട്ടിടം പണിയുന്നത് ഒഴിവാക്കുന്നത് നന്ന്. പഴയ വീടിന്‍െറ ചില ഭാഗങ്ങള്‍ നിലനിര്‍ത്തി പുതിയ മുറികള്‍ മേല്‍ക്കൂര കൂട്ടിച്ചേര്‍ത്ത് പണിയുക സര്‍വസാധാരണമാണ്. കൂട്ടിച്ചേര്‍ക്കുന്നത് നന്നായില്ളെങ്കില്‍ ഈഭാഗം വഴി വെള്ളം ഒലിച്ചിറങ്ങുമെന്നതില്‍ തര്‍ക്കമില്ല.

പലയിടത്തും  ഇത്തരത്തില്‍ ചോരുന്ന വീടുകള്‍ കാണാന്‍ കഴിയും. ചേര്‍പ്പുകളില്‍ പോളിയുറത്തേീന്‍ അല്ളെങ്കില്‍ പോളിസള്‍ഫൈഡ് സീലന്‍റ് പൂശുന്നത് ഗുണംചെയ്യും.



 

 

 

പ്ളംബിങ്ങിലെ തകരാറുകള്‍
മനോഹാരിതക്കുവേണ്ടി പലരും ചുവരിനുള്ളില്‍കൂടി പൈപ്പിടുന്ന കണ്‍സീല്‍ഡ് പ്ളംബിങ്ങാണ് തെരഞ്ഞെടുക്കുക. അത് നേരുമാണ്. ചെലവ് കുറവാണെങ്കിലും പുറംഭിത്തിയില്‍ കൂടി പൈപ്പുകള്‍ നീണ്ടുകിടക്കുന്നത് ലക്ഷങ്ങള്‍ ചെലവാക്കി മിനുക്കിയ വീടുകളുടെ സൗന്ദര്യം ചോര്‍ത്തും.
എന്നാലും,  ചോര്‍ച്ചയോ മറ്റോ ഉണ്ടെങ്കില്‍ എളുപ്പം പരിഹരിക്കാന്‍ ഭിത്തിക്ക് പുറത്തുള്ള പ്ളംബിങ്ങാണ് അനുയോജ്യം. പൈപ്പ് അകത്താണെങ്കില്‍ ചോര്‍ച്ച കണ്ടത്തെിയാല്‍ മാറ്റാന്‍ കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കേണ്ടി വരും. ഒന്നിലധികം നിലയുള്ള വീടുകളില്‍ രണ്ടാംനിലയിലാണ് ചോര്‍ച്ചയെങ്കില്‍ കുത്തിപ്പൊളിക്കാനും വീണ്ടും പണിയാനുമുള്ള ചെലവ് താങ്ങാനാവാതെ വരും. ഉള്ളിലൂടെ ഇടുന്ന പൈപ്പുകളിലെ ചോര്‍ച്ചയും വീടുകളുടെ ആകര്‍ഷണീയത കുറക്കും. പിന്നെ ബാത്റൂമില്‍ നിന്നും അടുക്കളയില്‍നിന്നും മലിനജലം ഉള്‍പ്പെടെ സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പുകളിലെ ചോര്‍ച്ചയും വീട്ടുകാരുടെ സൈ്വരം കെടുത്തും. ഇത് ഒഴിവാക്കാന്‍ രണ്ടുതരം പ്ളംബിങ്ങും വീടിന് പിന്നിലെ ഭിത്തിയില്‍ കൂടി ആക്കുന്നതാണ് നല്ലത്.

വാട്ടര്‍ ടാങ്കുകള്‍
ഇന്ന് പല വീടുകളുടെയും മുകളില്‍ രണ്ട് പ്ളാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ കാണും. കാരണം എല്ലാം ഇരുനില വീടായിരിക്കും. ഈ ടാങ്കുകള്‍ കവിയുന്ന വെള്ളം കൃത്യമായി പുറത്തേക്ക് ഒഴുക്കിക്കളഞ്ഞില്ളെങ്കില്‍ ചോര്‍ച്ചക്കിടയാക്കും. അതിനാല്‍ വാട്ടര്‍ ടാങ്ക് വെക്കുന്ന ഭാഗം നന്നായി തേച്ചുമിനുസപ്പെടുത്തി പെയിന്‍റടിക്കുന്നത് ഗുണകരമായിരിക്കും. ഇപ്പോള്‍ അത്ര വ്യാപകമല്ളെങ്കിലും ഇഷ്ടിക ഉപയോഗിച്ച് നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കുകള്‍ ചോര്‍ച്ചയുടെ അളവ് കൂട്ടും. കാലപ്പഴക്കത്താല്‍ വിള്ളലുണ്ടായി പലയിടങ്ങളിലൂടെയും വെള്ളം ഊര്‍ന്നിറങ്ങാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പൈപ്പുകള്‍ പോകുന്ന വഴികളില്‍ പോളിമര്‍ ചേര്‍ത്ത വാട്ടര്‍ പ്രൂഫിങ് മിശ്രിതം തേക്കുന്നത് ഫലപ്രദമാണ്.
കെട്ടിനില്‍ക്കുന്ന വെള്ളം
വീടിന് ചുറ്റും മുറ്റത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് കേശികത്വം (കാപിലറി ആക്ഷന്‍) വഴി മുറിക്കകത്ത് വെള്ളം കയറാന്‍ ഇടയാക്കും. ഭൂഗര്‍ഭ ജലനിരപ്പ് ഉയരുന്നതാണ് ഇതിന് കാരണം. ഇതൊഴിവാക്കാന്‍ തറ റോഡ് അല്ളെങ്കില്‍ തോട്, പുഴ നിരപ്പില്‍നിന്ന് ഉയര്‍ത്തി പണിയണം. മാത്രമല്ല, കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാനുള്ള പാത്തി നിര്‍മിക്കുകയും വേണം. എന്നിട്ടും വെള്ളം മുറിക്കകത്ത് കയറുന്നത് ഒഴിവാക്കാന്‍ തറക്കടിയില്‍ ഫലപ്രദമായ വാട്ടര്‍ പ്രൂഫിങ് സംവിധാനം ഒരുക്കേണ്ടിവരും.



ചോര്‍ച്ച തടയാനുള്ള വഴികള്‍

കേരളം പോലെ മഴ നന്നായി പെയ്യുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്ക് ചരിഞ്ഞ മേല്‍ക്കൂരയാണ് അനുയോജ്യമെന്നാണ് വാസ്തുവിദഗ്ധരുടെ ഉപദേശം. അത് ശരിയുമാണ്. ചെരിഞ്ഞ മേല്‍ക്കൂര വെള്ളം തടഞ്ഞുനിര്‍ത്താതെ ഒഴുക്കിവിടും. അതിനാല്‍ ചോര്‍ച്ച ഒരു പരിധി വരെ ഉണ്ടാവില്ല. ഇക്കാര്യം അറിയാവുന്ന പലരും പരന്ന മേല്‍ക്കൂരയുള്ള വീടുകളുണ്ടാക്കി ചോര്‍ച്ചയെ ക്ഷണിച്ചുവരുത്താറുണ്ട്. ചിലര്‍ വീടുകളുടെ മുന്‍ഭാഗം മാത്രം ചെരിച്ചും മറ്റുഭാഗങ്ങള്‍ പരന്ന ആകൃതിയിലും പണിതുയര്‍ത്തും. ചെരിഞ്ഞ ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം പതിക്കുന്നത് പരന്നയിടത്തായിരിക്കും. കൃത്യമായി ഒഴുകിപ്പോകാന്‍ വഴി നല്‍കിയില്ളെങ്കില്‍ അവിടെ കെട്ടിക്കിടന്ന് ഊര്‍ന്നിറങ്ങാന്‍ തുടങ്ങും.

ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓട് പതിച്ചും ചോര്‍ച്ച തടയാം. എന്നാല്‍ ഓടിനും കോണ്‍ക്രീറ്റിനും ഇടയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വെള്ളം കെട്ടിനിന്ന് ഈര്‍പ്പമായി കോണ്‍ക്രീറ്റിലൂടെ അരിച്ചിറങ്ങും. ഓടിന് അടിയില്‍ വെള്ളം ഇറങ്ങിയാല്‍ ഒലിച്ചുപോകാന്‍ സംവിധാനം ഒരുക്കണം.

തേച്ചുമിനുക്കിയ ടെറസുകള്‍ ഒരു പരിധി വരെ ചോര്‍ച്ച തടയും. സിമന്‍റും മണലും തുല്യമായി ചേര്‍ത്ത് ടെറസ് വീണ്ടും തേക്കുന്നത് നല്ലതാണ്. ടെറസിലെ ഒഴുക്കിക്കളയാനുള്ള പൈപ്പുകളില്‍ തടസ്സമുണ്ടെങ്കില്‍ നീക്കണം. വിള്ളലുകള്‍ ക്രാക്ക്ഫില്ലര്‍ ജെല്ലുകള്‍ ഉപയോഗിച്ച് അടക്കണം.
 

എവിടെയാണ് ചോര്‍ച്ചയെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മേല്‍ക്കൂര മുഴുവന്‍ ജലം പ്രതിരോധിക്കുന്ന (വാട്ടര്‍ പ്രൂഫ്) തരത്തിലാക്കണം. അതിന് വാട്ടര്‍ പ്രൂഫിങ് വസ്തുക്കള്‍ മേല്‍ക്കൂരയില്‍ ഒട്ടിക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. പോളിമര്‍, ബിറ്റുമിന്‍ (ടാര്‍), അക്രിലിക് എന്നിവ വാട്ടര്‍പ്രൂഫിങ് മെറ്റീരിയലായി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 25 മുതല്‍ 50 രൂപ വരെ ചെലവ് വരും.

 മഴക്കാലത്ത് പരന്ന മേല്‍ക്കൂരയില്‍ പായല്‍ പിടിക്കുന്നത് ചോര്‍ച്ചക്കിടയാക്കും.  മാസത്തില്‍ ഒരിക്കലെങ്കിലും മേല്‍ക്കൂരയില്‍ കുമ്മായമോ ബ്ളീച്ചിങ് പൗഡറോ വിതറുന്നത് ഇതിന് നല്ലതാണ്. പായല്‍ പിടിക്കാത്ത ആന്‍റി ഫംഗസ് പെയിന്‍റുകളും പൂശാം. ഇതുകൊണ്ടും ചോര്‍ച്ച പോയില്ളെങ്കില്‍ പരന്ന ടെറസില്‍ അലൂമിനിയം, ടിന്‍, ഫൈബര്‍ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര നിര്‍മിക്കേണ്ടി വരും. ഇത് ഏറെ ചെലവുള്ളതാണ്.  ഷീറ്റിട്ടാല്‍  പലതുണ്ട് ഉപയോഗം. മഴക്കാലത്ത് തുണിയുണക്കാനും വേനല്‍ക്കാലത്ത് വിശ്രമിക്കാനും ടെറസ് ഉപയോഗിക്കാം.

ചിലപ്പോള്‍ തറയിലും ഭിത്തിയിലും വെള്ളം കിനിഞ്ഞ് പായല്‍ പിടിക്കാറുണ്ട്. തറയുടെ അകത്തും മുകളിലും വാട്ടര്‍പ്രൂഫ് കോണ്‍ക്രീറ്റ് മിശ്രിതം മൂന്ന് ഇഞ്ച് കനത്തില്‍ തേച്ചുപിടിപ്പിക്കുകയാണ് പരിഹാരം. തറയുടെ ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. തറക്കു ചുറ്റും ഇടത്തിണ്ണ കെട്ടുന്നതും നല്ലതാണ്. ഭിത്തിയില്‍ വെള്ളം കിനിയാന്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച വഴിയൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.