നാനോ വീടുകള്‍

ഗൃഹനിര്‍മാണ രംഗത്തെ പുത്തന്‍രീതിയാണ് ‘നാനോ മോഡല്‍’. സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരമാണ് ഇതിന്. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍  ഇത്തരം വീടുകള്‍ മാറ്റങ്ങളോടെ നിര്‍മിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവക്ക് മതിയായ പ്രചാരം ഇതുവരെ ഉണ്ടായിട്ടില്ല. ഭവന നിര്‍മാണബോര്‍ഡും മറ്റും നിര്‍മിക്കുന്ന ചെലവുകുറഞ്ഞ വീടുകള്‍ക്ക് സമാനമാണിവ എന്നതാണ് ഇതിന് കാരണം പറയുന്നത്.

ചെലവ് കുറവ്
അന്തിയുറങ്ങാന്‍ ഒരിടം എന്നതാണ് വിദേശരാജ്യങ്ങളില്‍ നാനോ മോഡല്‍ അഥവാ നാനോ വീടുകള്‍ എന്നതുകൊണ്ടര്‍ഥമാക്കുന്നത്. അതേസമയം കേരളത്തില്‍ അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളുമടങ്ങുന്ന കുടുംബത്തിന് താമസിക്കാവുന്ന താരതമ്യേന ചെലവുകുറഞ്ഞതും മതിയായ എല്ലാ സൗകര്യങ്ങളുമുള്ള ഭവനങ്ങളാണ് നാനോ വീടുകള്‍.
ഒരുതരത്തില്‍ പുതിയ തലമുറക്കുള്ള, നിര്‍മാണ ചെലവുകുറഞ്ഞ വീട് എന്നും ഇതിനെ വ്യാഖ്യാനിക്കാം.
വിദേശരാജ്യങ്ങളില്‍, മൂന്നോ നാലോ ഹെക്ടര്‍  സ്ഥലത്ത് നൂറുകണക്കിനു വീടുകള്‍ ഒരുമിച്ച് നിര്‍മിക്കുകയാണ് പതിവ്. ഫൈബര്‍ ഷീറ്റുകള്‍, ഇരുമ്പ് പൈപ്പ്, ഇരുമ്പ് കമ്പി, മരം, ആസ്ബസ്റ്റോസ് എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. തറയില്‍ പോലും ഷീറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ പൊളിച്ചുനീക്കാനും എളുപ്പമാണ്. ഒരിടത്തെ വീടുപൊളിച്ച് മറ്റൊരിടത്ത് അതേ മാതൃകയില്‍ എളുപ്പം നിര്‍മിക്കുകയും ചെയ്യാം.
വാടക വീടുകളായാണ് ഇവ അറിയപ്പെടുന്നത്. ചില ഇടത്തരം കമ്പനികള്‍ തങ്ങളുടെ താല്‍കാലിക ജീവനക്കാര്‍ക്ക് നിശ്ചിത കാലത്തേക്ക് ഇത്തരം വീടുകള്‍ നിര്‍മിച്ചുനല്‍കാറുണ്ട്.
ഒരു വലിയകിണറും അനുബന്ധമായി നിര്‍മിക്കുന്ന ജലസംഭരണിയും ഉപയോഗിച്ചാണ് എല്ലാ വീടുകളിലേക്കും വെള്ളമത്തെിക്കുന്നത്. ഇതേ തരത്തില്‍ തന്നെയാണ് ടോയ്ലറ്റ് സംവിധാനവും മാലിന്യസംസ്കരണവും. ഇക്കാരണങ്ങളാല്‍ ഈ വകയിലുള്ള നിര്‍മാണച്ചെലവുകള്‍ നന്നേ കുറവാണ്.
പ്രത്യേക ഭൂഗര്‍ഭ കേബ്ള്‍ വഴിയാണ് എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്നത്.
ചുവരുകളും മറ്റും ഫൈബര്‍ഷീറ്റുകളായതിനാല്‍ മണല്‍, പെയിന്‍റ് എന്നീ ഇനങ്ങളിലും വലിയ തുക ചെലവാകുന്നില്ല.
 

കേരള മാതൃക
ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് ശാന്തിനഗറില്‍ നാനോ മാതൃകക്ക് സമാനമായ രീതിയില്‍ നിരവധി കോണ്‍ക്രീറ്റ് വീടുകള്‍ പണിതിട്ടുണ്ട്. സൂനാമി, ഭൂകമ്പ  ദുരിതബാധിതര്‍ക്കും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇത്തരം മാതൃകയില്‍ വീടുകള്‍ പണിതിട്ടുണ്ട്.
വായ്പയെടുക്കാതെ കൈയിലെ പണം ഉപയോഗിച്ച് തങ്ങള്‍ക്കിണങ്ങുന്ന മതിയായ സൗകര്യങ്ങളുള്ള വീട് നിര്‍മിക്കുന്ന പ്രവണത മലയാളികളില്‍ കൂടിവരുന്നുണ്ട്. സാങ്കേതികമായി ഈ രീതിയെ നാനോ മോഡല്‍ എന്നുവിളിക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആര്‍ഭാടങ്ങളും അനാവശ്യങ്ങളും പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ സവിശേഷത.


നിര്‍മാണം

തറയുടെ അതേവീതിയില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് പണിയുന്നത് ഒഴിവാക്കി ചുവരിന്‍െറ വീതിയില്‍ മാത്രം (പരമാവധി 20 സെ.മീ) ബെല്‍റ്റ് വാര്‍ത്തഢാല്‍ മതി. വാതിലുകള്‍ക്കും ജനലുകള്‍ക്കും മുകളിലുള്ള കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് വാതിലിന്‍െറയും ജനലിന്‍െറയും ഇരുവശത്തേക്കും കേവലം 20 സെ.മീ വീതം  നീളം മതി. സണ്‍ഷെയ്ഡുകള്‍ ചുറ്റിലും നിര്‍മിക്കുന്നത് ഒഴിവാക്കി ജനലുകള്‍ക്ക് മുകളില്‍ മാത്രമാക്കണം. മേല്‍ക്കൂര ചെരിച്ച് വാര്‍ക്കുന്നത് ഒഴിവാക്കിയാല്‍ കോണ്‍ക്രീറ്റ് ചെലവ് പകുതിയോളം ലാഭിക്കാം. മുകളില്‍ ഓടുമേയേണ്ട ആവശ്യവുമില്ല. ഇത്തരം രീതികള്‍ പിന്തുടര്‍ന്നാല്‍ മണല്‍, കമ്പി, മെറ്റല്‍, സിമന്‍റ് എന്നിവ ലാഭിക്കാം. കോണ്‍ക്രീറ്റിന്‍െറ ചതുരശ്രയടി വന്‍തോതില്‍ കുറയുന്നതിനാല്‍ കൂലിയും ലാഭിക്കാം.
ഇനി മരത്തിന്‍െറ കാര്യം. വീടിനുപയോഗിച്ച മരം മുഴുവന്‍ തേക്കാണ്, വീട്ടിയാണ്, പ്ളാവാണ് എന്നിങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ അഭിമാനം കൊള്ളുന്ന മലയാളികള്‍ നിരവധിയാണ്. ഈ പ്രവണതയില്‍ മാറ്റം വരുത്തിയാലും ഏറെ ലാഭം നേടാം. തേക്ക്, പ്ളാവ്, എന്നിവ പോലെ നല്ല ഉറപ്പുള്ള മരമാണ് ‘ഇരൂളും’ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റു മരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരൂളിന് വില കുറവാണ്. ചിതലരിക്കുമെന്ന പേടിയും വേണ്ട. വീടിന്‍െറ മുന്നിലേയും പിന്നിലേയും വാതിലുകളും കട്ടിളയും ഇരൂള്‍കൊണ്ട് നിര്‍മിക്കാം. അതേസമയം മറ്റിടങ്ങളില്‍ കോണ്‍ക്രീറ്റ് കട്ടിളകള്‍  മതിയാകും. ഇവ നല്ലരീതിയില്‍ മിനുക്കി പെയിന്‍റടിച്ചാല്‍ മരമല്ളെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. കിടപ്പുമുറികളുടെ വാതിലുകള്‍ ഫൈബറാക്കുന്നതും ചെലവ് ചുരുക്കും. ജനലിന് വെല്‍ഡ്ചെയ്ത ഗ്രില്ലുകള്‍ ഉപയോഗിക്കാതെ കമ്പിയും പട്ടയും ഇട്ടാലും ചെലവ് കുറയും. വീടിന്‍െറ ചുവരിന് പത്തടി ഉയരം മതി. ചുവരുകളുടെ ഉയരം കൂടുന്തോറും കല്ല്, സിമന്‍റ്, മണല്‍, കൂലി എന്നീ ഇനത്തില്‍ അധികചെലവുണ്ടാക്കും.അടുക്കളയില്‍ ഉള്‍പ്പെടെയുള്ള റാക്കുകള്‍ ആറ് എം.എം കമ്പിയിട്ട് ഒന്നര ഇഞ്ച് കനത്തില്‍ വാര്‍ത്താല്‍ മതി. ഇരുവശത്തേയും തേപ്പുകൂടിയാകുമ്പോള്‍ ഇതിന് ശരാശരി രണ്ടര ഇഞ്ച് കനംവരും. കമ്പികള്‍ അനാവശ്യമായി മുറിച്ച് തറയ്ക്കുന്നത് ഒഴിവാക്കി നീളത്തില്‍ ഉപയോഗിക്കുന്നതും മെച്ചമാണ്. അര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഉള്ളതാണ് കോണ്‍ക്രീറ്റിനുപയോഗിക്കുന്ന ഇരുമ്പുഷീറ്റുകള്‍. ഇതു കൃത്യമായി നിരത്തി കോണ്‍ക്രീറ്റ് ചെയ്താല്‍ ജോയന്‍റുകളില്‍ മാത്രമേ സിമന്‍റ് ഒലിച്ചിറങ്ങി കട്ടപിടിച്ചു കിടക്കൂ. അവിടം ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് വിദഗ്ധ തൊഴിലാളിയെക്കൊണ്ട് ചിപ്പ് ചെയ്യിച്ചാല്‍ മുകള്‍ഭാഗം തേയ്ക്കുന്നത് ഒഴിവാക്കാം. ചുവരുകള്‍ കെട്ടാന്‍ ചെങ്കല്ലിനു പകരം മേല്‍ത്തരം ഇന്‍റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ചാല്‍ തേക്കേണ്ട ആവശ്യവുമില്ല.
ഈ രീതികള്‍ അവലംബിച്ചാല്‍ 450 ചതുരശ്രയടി വരെ വലുപ്പമുള്ള വീടുണ്ടാക്കാന്‍ ശരാശരി മൂന്നര ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.