ഒരു ഹിമാലയന്‍ വീട്

തിമ്പുവില്‍ ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിനെ രണ്ടുദിവസം കാണാതിരുന്നപ്പോള്‍ ഒന്നു വിളിച്ചു, ‘എന്തുപറ്റി സര്‍.’
‘ഏയ് പ്രത്യേകിച്ചൊന്നുമില്ല, ഗ്രാമത്തിലെ ഭാര്യവീട് കത്തിപ്പോയി’ -അദ്ദേഹം പറഞ്ഞു. ഭൂട്ടാനില്‍ എത്തുന്നതിനുമുമ്പായിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തിയേനെ. പക്ഷേ, വീട് കത്തിയമര്‍ന്ന സ്ഥലത്ത് അധികം താമസിയാതത്തെന്നെ ഒരു പുതിയ വീട് പണിയാന്‍ ഗ്രാമീണരും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടുമെന്ന അറിവ് ഈ ഹിമാലയന്‍ രാജ്യത്തെ ബന്ധങ്ങളുടെ ഊഷ്മളതയെ ഓര്‍മിപ്പിച്ചു. സുഹൃത്ത് ഓഫിസില്‍ തിരിച്ചത്തെി, വീടിനെക്കുറിച്ച് അധികമൊന്നും പറയാതെ മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി.
ലോകത്തിലേറ്റവും ജനസംഖ്യയുള്ള ഇന്ത്യക്കും ചൈനക്കുമിടയില്‍ വെറും ഏഴുലക്ഷം മാത്രം ജനങ്ങള്‍ പാര്‍ക്കുന്ന ഭൂട്ടാന്‍ ഒരു കുന്നിന്‍ ചെരുവിലെ നാട്ടിന്‍പുറം പോലെയാണ്. എല്ലാവര്‍ക്കും എല്ലാവരെയും അറിയാം. അതുകൊണ്ടുതന്നെ പരസ്പരസഹകരണം ഇല്ലാതെ ജീവിക്കുക അസാധ്യമാണ്. സ്വകാര്യത ഒരു അശ്ളീലവാക്കായി ഈ താന്ത്രിക്ക് ബുദ്ധിസ്റ്റ് രാജ്യത്തിലെ ബഹുഭൂരിപക്ഷവും ഇപ്പോഴും കരുതുന്നതുകൊണ്ടാണ് എന്‍െറ സുഹൃത്തിന് തീയിലമര്‍ന്ന വീടിനെക്കുറിച്ച് വേവലാതികള്‍ ഇല്ലാതിരുന്നത്.

ഗ്രാമീണര്‍ ചേര്‍ന്ന് അടുത്തുള്ള കാടുകളില്‍നിന്ന് വീട് നിര്‍മാണത്തിനുള്ള മര ഉരുപ്പടികള്‍ക്ക് ആവശ്യമായ പൈന്‍മരങ്ങള്‍ ശേഖരിക്കാന്‍ പോവും.  രാജ്യത്തിന്‍െറ 60 ശതമാനം എല്ലാകാലത്തും കാടായി നിലനിര്‍ത്തണം എന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ഈ രാജ്യത്തിന്‍െറ 80 ശതമാനം ഇപ്പോഴും കാടാണ്. എന്നു കരുതി തോന്നുന്നതുപോലെ മരം വെട്ടാന്‍ പറ്റില്ല. ഫോറസ്റ്റ് വകുപ്പില്‍നിന്ന് പെര്‍മിറ്റ് എടുക്കണം, ഒരു ചെറിയ തുകയും കെട്ടണം. വീടിനാവശ്യമായ മരങ്ങള്‍ക്കൊപ്പം ഏറ്റവും ഉയരത്തിലുള്ള ഒരു ഒറ്റത്തടി പൈന്‍ കൂടി വെട്ടും; പുതിയ വീടിന്‍െറ മുന്‍വശത്ത് ബുദ്ധിസ്റ്റ് സൂക്തങ്ങള്‍ എഴുതിയ ഒരു കൊടിമരമായി അതുയരും. മിഷനറി പ്രവര്‍ത്തനത്തിനുള്ള ഏറ്റവും സര്‍ഗാത്മകമായ ടെക്നോളജിയാണ് ഈ കൊടിമരങ്ങള്‍. കാറ്റിനോടൊപ്പം, കൊടിയില്‍ എഴുതിയിരിക്കുന്ന പ്രാര്‍ഥനകളും നാലുദിക്കുകളിലേക്കും സഞ്ചരിക്കും എന്നാണ് സങ്കല്‍പം.  
ചിലപ്പോള്‍ വീട് നിര്‍മിക്കുന്ന സ്ഥലത്തിനടുത്തുതന്നെ, അല്ളെങ്കില്‍ അധികം അകലെയല്ലാതെ പശിമയുള്ള മണ്ണുണ്ടാവും. പിന്നെ പുഴയില്‍നിന്ന് കല്ലും. മരം, മണ്ണ്, കല്ല്, ബുദ്ധന്‍,  വീടുണ്ടാക്കാന്‍ ഇത്രയും മതി. വീടിന്‍െറ പ്ളാന്‍ കടലാസിലല്ല, മേസ്തിരിയുടെ മനസ്സിലാണ്. അദ്ദേഹം നിര്‍ദേശിക്കുന്ന സ്ഥലത്തു കുഴിച്ച്, ഏകദേശം ചതുരാകൃതിയില്‍ അടിസ്ഥാനത്തിനുള്ള കുഴി കോരി, അതില്‍ കല്ലുകള്‍ നിറക്കും. അടിസ്ഥാനത്തുനിന്ന് തടിപ്പലകകള്‍ ഉയര്‍ത്തി, അതിനുള്ളിലേക്ക്  ഈര്‍പ്പമുള്ള മണ്ണ് നിറച്ച്, ഉലക്കപോലുള്ള തടിക്കഷണങ്ങള്‍കൊണ്ട് അമര്‍ത്തിയാണ് ഭിത്തികള്‍ നിര്‍മിക്കുക.
  ദുഷ്ടമൂര്‍ത്തികളെ ഭയപ്പെടുത്താനായി വീടിന്‍െറ കട്ടിളയില്‍ തൂക്കിയിടാന്‍ തടികൊണ്ട് ഭീമാകാരമായ ലിംഗങ്ങള്‍ ആണുങ്ങള്‍ കൊത്തിയെടുക്കും.    സ്ത്രീകളാണ് നൂറ് സെന്‍റീമീറ്ററെങ്കിലും വീതിയുള്ള ഭിത്തികള്‍ നിര്‍മിക്കുന്നത്.
മിക്ക വീടുകളും രണ്ട് നിലയാണ്. താഴത്തെ നില കന്നുകാലിത്തൊഴുത്താണ്. വീടിന് പുറത്തുകൂടെ  മുകള്‍നിലയിലേക്ക് ഒറ്റത്തടിയില്‍ വെട്ടിയെടുത്ത പടികള്‍ കയറുന്നത് വലിയ ഒരു സ്വീകരണമുറിയിലേക്കായിരിക്കും. ഇതുതന്നെയാണ് കിടപ്പുമുറിയും. ശൈത്യകാലത്ത് കിടപ്പ് അടുപ്പെരിയുന്ന അടുക്കളയിലേക്ക് മാറും. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പൂജാമുറിയിലെ അള്‍ത്താരയില്‍ ഒരു നെയ്വിളക്ക് എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കും. ബുദ്ധിസ്റ്റ് വീടുകളിലെ ഏറ്റവും പ്രധാന ദിനചര്യകളിലൊന്ന് ഏഴ് ചെറിയ പാത്രങ്ങളില്‍ ജലം നിറച്ച് അള്‍ത്താരയില്‍ വെക്കുക എന്നതാണ്.  ഒരു അരിമണി വ്യത്യാസത്തില്‍ പരസ്പരം സ്പര്‍ശിക്കാതെയാണ് ഈ പാത്രങ്ങള്‍ വെക്കുക. തെറ്റുകള്‍ക്ക് ക്ഷമ യാചിച്ചും, സര്‍വചരാചരങ്ങള്‍ക്കും നന്മനേര്‍ന്നുകൊണ്ടുമാണ് അതിരാവിലെ ഈ ചര്യ ആരംഭിക്കുന്നത്. അതിഥികള്‍ വരുമ്പോഴും പൂജാമുറിയിലാണ് മത്തെ ഒരുക്കുക.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനവാസമുള്ള പര്‍വതചരിവുകളില്‍ ഒന്നായ ലയ എന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പോകാനിടയായി. മൂന്നു ദിവസം നടന്നു വേണം അവിടെയത്തൊന്‍. അവിടെ സമ്പത്ത് അളക്കുന്നത് ഒരു കുടുംബത്തിന് എത്ര യാക്കുകള്‍ ഉണ്ട് എന്നതനുസരിച്ചാണ്. അങ്ങനെ 18ഓളം യാക്കുകളും, അതിലുമധികം കുതിരകളുമുള്ള ദോര്‍ജിയുടെ വീട്ടിലാണ് ആദ്യത്തെ ദിവസം അന്തിയുറങ്ങിയത്.
രാത്രിമുഴുവന്‍ യാക്ക് എല്ലിന്‍െറ സൂപ്പ് തിളച്ചുകൊണ്ടിരുന്ന ഒരു അടുപ്പിന് അരികെ, വീട്ടിലെ സ്ത്രീകള്‍തന്നെ നെയ്ത യാക്ക് രോമംകൊണ്ടുള്ള പുതപ്പിനടിയില്‍ സുഖനിദ്ര. അടുത്ത ദിവസം തണുപ്പ് കുറവായതുകൊണ്ട് കിടപ്പ് പൂജാമുറിയിലേക്ക് മാറ്റി. കുടുംബത്തിലെ മറ്റുള്ളവരെല്ലാം ഏകദേശം രണ്ട് വര്‍ഷത്തേക്കെങ്കിലുമുള്ള അരി ചാക്കുകളിലാക്കി അടുക്കിവെച്ചിരുന്ന സ്വീകരണമുറിയിലാണ് ഉറങ്ങിയത്.
ആധുനികതയോടൊപ്പം ഭൂട്ടാനിലേക്ക് ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് റോഡുകളും എത്തി. അങ്ങനെ നഗരങ്ങളില്‍ സിമന്‍റും കമ്പിയും കൊണ്ട് പുതിയ കെട്ടിടങ്ങളുയര്‍ന്നു. തൊഴിലാളികള്‍ മുഴുവന്‍ ബംഗാളികളാണ്.  അവര്‍ ആദ്യം ഭൂട്ടാനിലത്തെി. ബാക്കിയുള്ളവര്‍ കേരളത്തിലേക്കും ട്രെയിന്‍ കയറി. ഇന്ത്യന്‍ മേസ്ത്രിമാര്‍ പണിത വീടുകള്‍ക്ക് മുറികള്‍ കൂടുതലാണ്. അങ്ങനെ വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ മുറികളിലേക്കും സ്വന്തം സ്മാര്‍ട്ട് ഫോണുകളിലേക്കും ഇപ്പോള്‍ ഒതുങ്ങുന്നുണ്ട്  അണുകുടുംബങ്ങളിലെ സ്വകാര്യ തുരുത്തുകള്‍.
എന്നാലിപ്പോഴും കിടപ്പുമുറികളില്ലാത്ത ഗ്രാമങ്ങളിലെ സാധാരണവീടുകളില്‍  അംഗങ്ങള്‍ ഒരുമിച്ചുതന്നെയാണ് ഉറങ്ങുന്നത്. പ്രായപൂര്‍ത്തിയായ മകനെയൊ മകളെയോ മാറ്റിക്കിടത്തുന്ന ഏര്‍പ്പാടുകള്‍ ഇവിടെയില്ല.
 ഓരോരുത്തരും പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം ഇണയെ കണ്ടത്തെി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. എല്ലാവരും ഒരുമിച്ച് പാര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.