പ്ലംബിങ്ങിനെന്ന പോലെ ഇലക്ട്രിക്കൽ വർക്കിനും ലേഔട്ട് വേണം. നല്ല എൻജിനീയറുടെയും ആർക്കിടെക്റ്റിെൻറയും കീഴിൽ ഇതിനുള്ള വിദഗ്ധരും ഉണ്ടാകും. പരിചയസമ്പന്നനായ ഇലക്ട്രീഷ്യനൊപ്പമിരുന്ന് ആവശ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിച്ചാൽ പാഴ്ചെലവ് ഒഴിവാക്കാം. സ്വിച് ബോർഡുകളുടെ സ്ഥാനവും മറ്റും ലേഔട്ടിൽ കൃത്യമായി രേഖപ്പെടുത്തും. ഭിത്തി കെട്ടുമ്പോൾത്തന്നെ ഇതിന് ഒരുക്കങ്ങൾ നടത്തണം. കോൺക്രീറ്റിനുള്ളിലൂടെ കടന്നുപോകേണ്ട പൈപ്പുകൾ യഥാസമയം ഇടണം. പിന്നീട് കുത്തിപ്പൊളിക്കുന്നത് ഇരട്ടിപ്പണിയാകും.
വയറുകളും പൈപ്പുകളും കുറച്ചുപയോഗിക്കുന്ന രീതിയിലാകണം പ്ലാനിങ്. തൊട്ടടുത്ത മുറികളിൽ ഒരേ ചുമരിൽ സ്വിച്ബോർഡ് വരുമ്പോൾ ചുമര് തുളച്ച് മറുവശത്ത് കണക്ഷൻ നൽകാം. വയർ, പൈപ്പ്, പണിക്കൂലി എന്നിവ ഇതുവഴി ലാഭിക്കാം. സീലിങ്ങിലെ വയറിങ്ങിനുള്ള പൈപ്പ് കോൺക്രീറ്റിങ്ങിന് കമ്പികെട്ടുന്ന സമയത്ത് ഇടണം. ഭിത്തി കെട്ടുന്ന സമയത്തും ഇതു ശ്രദ്ധിക്കണം. ഇലക്ട്രിക് ലേഔട്ട് നേരത്തേ തയാറാക്കിയാൽ ഇതൊന്നും വിലങ്ങുതടിയാവില്ല.
സുരക്ഷക്ക് മുൻതൂക്കം നൽകി വേണം സാമഗ്രികളുടെ തെരഞ്ഞെടുപ്പ്. വയറും സ്വിച്ചും പ്ലഗും എല്ലാം മികച്ചവ തെരഞ്ഞെടുക്കണം. എണ്ണവും അളവും ബ്രാൻഡും നിശ്ചയിച്ച് മൂന്നോ നാലോ കടയിൽനിന്ന് ക്വട്ടേഷൻ വാങ്ങി കുറഞ്ഞവിലക്ക് നൽകുന്നിടത്തുനിന്ന് വാങ്ങാം. കോപ്പറിനുപകരം ഇരുമ്പുപയോഗിക്കുന്ന വയറുകൾക്ക് വില കുറയും, ആയുസ്സും. അതിനാൽ വിശ്വസ്ത കമ്പനികളുടേതുമാത്രമേ ഉപയോഗിക്കാവൂ. എൽ.ഇ.ഡിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ഗേജ് ഉള്ള വയർ മതി. ഇതുവഴിമാത്രം ചെലവിൽ ഗണ്യമായ കുറവുണ്ടാകും. വീടിെൻറ ശൈലിക്കനുസരിച്ചാണ് ലൈറ്റ് ഫിക്സ്ചേഴ്സ് വേണ്ടത്. പരമ്പരാഗത വീടുകൾക്ക് ആൻറിക് രീതിയിലുള്ളതാണ് ചേർച്ച.
വയറിങ്–പ്ലംബിങ് ജോലികൾ കരാർ നൽകുന്നതാണ് നാട്ടുനടപ്പ്. വയറിങ്ങിന് പോയൻറ് കണക്കിലുപരി വീടിെൻറ അളവിനനുസരിച്ചാണ് ഇപ്പോൾ കരാർ. ചതുരശ്ര അടിക്ക് ശരാശരി 40 രൂപയാണ് കൂലി. വയറിങ്ങിനും പ്ലംബിങ്ങിനുംകൂടിയാണ് ഈ കൂലിനിരക്ക്. 1000 ചതുരശ്ര അടിയുള്ള വീടിെൻറ വയറിങ്ങും പ്ലംബിങ്ങ് ജോലികൾക്ക് 40,000 രൂപ കൂലിച്ചെലവ് വരും.
വയറിങ് ചെലവു കുറക്കാം
വിവരങ്ങൾക്ക് കടപ്പാട്: വി.പി. പ്രദീപ്,
വയറിങ്/പ്ലംബിങ് കോൺട്രാക്ടർ, തൃശൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.