ഓരോ പ്രളയവും ഓരോ ഓർമപ്പെടുത്തലാണ്. നമ്മുടെ നാട്ടറിവുകളുടെ ഭംഗിയും പൈതൃകങ്ങളുടെ ചാരുതയും സന്തുലിത ആവാസവ്യവസ്ഥയുടെ ആവശ്യകതയും ഈ ദുരന്തകാലം ഒാർമപ്പെടുത്തുകയാണ്. കാലാവസ്ഥ വ്യതിയാനം അടിക്കടി കേരളത്തിൽ ഇനിയും ദുരിതാവസ്ഥ സൃഷ്ടിക്കുവാൻ ഇടയുണ്ട്. ഈ പശ്ചാത്തലത്തിൽ കരുതലോടെയുള്ള ഒരു നിർമാണ പരിപ്രേക്ഷ്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. മണ്ണും മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ജൈവബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതും ഊർജം സംഭരിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഒരു നിർമാണശൈലിയാണ് രാജ്യത്തിന് അഭികാമ്യമെന്ന് ഞാൻ കരുതുന്നു. കേരളത്തിലെ വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് രൂപകൽപനയിൽതന്നെ വ്യതിയാനങ്ങൾ കാണും.
എല്ലാകാലത്തും തനത് വാസ്തുശിൽപം ഉരിത്തിരിഞ്ഞ് വന്നിട്ടുള്ളത് നാട്ടിലെ കാലാവസ്ഥക്കും സാമൂഹിക കാലാവസ്ഥക്കും അനുസൃതമായിട്ടാണ്. കേരളത്തിെൻറ ഭൂവിനിയോഗത്തിൽ സംഭവിച്ച വലിയ തെറ്റുകൾ പൊതുമനസ്സിെൻറ മുന്നിൽ പ്രളയം തിരിച്ചുകൊണ്ടുവന്ന് ഇട്ടിരിക്കുന്നു. പുഴയോരങ്ങളിലെ അനധികൃത നിർമാണവും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകളുമൊക്കെ അധിനിവേശത്തിെൻറ കരുത്തിൽ നിർമിക്കപ്പെട്ടവയാണ്.
അതെല്ലാം നമ്മുടെ പ്രകൃതി തകർത്തുകളഞ്ഞിരിക്കുന്നു. നമ്മുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുസൃതമായിട്ടാണ് എല്ലാക്കാലവും വാസ്തുശിൽപം വികാസംപ്രാപിച്ചത്. കഴിഞ്ഞ 40 വർഷങ്ങളായി ഈ ആശയങ്ങളിൽ വന്ന മൂല്യച്യുതി വലിയരീതിയിലുള്ള പരിസ്ഥിതി നാശത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
അതൊക്കെ പൊളിച്ചെഴുതേണ്ട സമയം ഇതാ ആഗതമായിരിക്കുന്നുവെന്നാണ് ഈ പ്രളയക്കാലം നമ്മൾ ഓരോരുത്തരെയും ഓർമപ്പെടുത്തിയത്. നിലവിലുള്ള കെട്ടിടനിർമാണ നിയമങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. കെട്ടിടനിർമാണ രംഗത്ത് കേരളത്തിൽ ബദൽ സങ്കൽപങ്ങൾ പ്രചരിപ്പിക്കാൻ ഏറ്റവും നല്ല അവസരമാണ് നമുക്ക് കൈവന്നിരിക്കുന്നത്.
മലമ്പ്രദേശങ്ങളിൽ തട്ടുതട്ടായി വീടുകൾ രൂപകൽപന ചെയ്യുകയാണെങ്കിൽ ഭൂമിയെ വലുതായി പരിക്കേൽപിക്കാതെ രക്ഷപ്പെടുകയും അതുവഴി മൂലധനം കുറക്കുകയും ചെയ്യാം. അതേപോലെ കുട്ടനാട് പോലെയുള്ള എപ്പോഴും വെള്ളം കയറാവുന്ന ഭൂവിഭാഗങ്ങളിൽ തൂണുകൾ താങ്ങിനിർത്തുന്ന നിർമിതിയും പരീക്ഷിക്കാം.
അക്ഷരവീടുകൾ അതിജീവിച്ചത് ചരിത്രത്തിെൻറ ഭാഗം
മാധ്യമം ‘അക്ഷരവീട്’ പദ്ധതിയിലൂടെ മലയാളത്തിെൻറ മണമുള്ള 51 വീടുകൾ കേരളത്തിെൻറ പലഭാഗങ്ങളിലുമായി നിർമിച്ചുവരുകയാണ്. അതിൽ പലതും കൈമാറിക്കഴിഞ്ഞു. ഈ പദ്ധതിയിലും നമ്മൾ നടപ്പാക്കാൻ ഉദ്ദേശിച്ചത് പാർപ്പിട സാക്ഷരത എന്ന ഉദാത്തമായ സന്ദേശമാണ്. കേരളത്തിൽ ഇതിനകംതന്നെ കൈമാറിയ കെട്ടിടങ്ങൾ സന്തുലിത കെട്ടിടനിർമാണത്തി െൻറ മകുടോദാഹരണങ്ങളാണ്.
വീട് എന്നത് നാല് ചുവരുകൾ മാത്രമല്ല, അതിനപ്പുറത്തുള്ള മണ്ണും പ്രകൃതിയും ഒക്കെ ചേർന്നതാണ് എന്ന അവബോധം അക്ഷരവീടുകൾ മുന്നോട്ടുവെക്കുന്നു. ചെറുതും ലളിതവുമായ വീടുകളാണ് നമുക്ക് അഭികാമ്യമെന്നും പണിതീരാത്ത വലിയ വീടുകളേക്കാളും പണിചെയ്ത് തീർക്കാവുന്ന കുഞ്ഞുവീടുകളാണ് നമുക്ക് വേണ്ടതെന്നും മലയാളി തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഈ പ്രളയക്കെടുതിയിലും ചുറ്റുമുള്ള വീട്ടിലെല്ലാം വെള്ളം കയറുന്ന സ്ഥിതിയിലും അക്ഷരവീടുകൾ അതിജീവിച്ചത് ചരിത്രത്തിെൻറ ഭാഗമാണ്. ഈ വഴിയാണ് നേരിെൻറയും നന്മയുടെയും വഴിയെന്ന്ഞങ്ങൾ കരുതുന്നു. ദുരന്തത്തെ അതിജീവിക്കുന്ന രൂപകൽപനയും നിർമാണരീതികളുമാണ് ഈ കെട്ടിടങ്ങളിലാകെ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വരും കാലങ്ങളിലേക്കുള്ള സന്ദേശങ്ങളായി ഈ വീടുകൾ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.