ചെന്നൈ: ഒറ്റനിലയുള്ള വീട്. കിടപ്പുമുറി, ഹാൾ, അടുക്കള എല്ലാം കൂടി 600 ചതുരശ്രയടി വിസ്തീർണ്ണം. എന്നിട്ടും ഈ വീടൊരുക്കാൻ ഇന്ത്യയിൽ എടുത്ത സമയമാകട്ടെ വെറും പത്തുദിവസം. ചെലവാകുന്ന തുകയിലുമുണ്ട് മാറ്റം, ചതുരശ്രയടിക്ക് 800 രൂപ മുതൽ പരമാവധി 1200 രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ ഐ.ഐ.ടിയാണ് നിർമാണമേഖലയിൽ പുതിയ വിപ്ലവം കുറിക്കുന്ന കോൺക്രീറ്റ് ത്രീഡി പ്രിൻറിങ്ങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ചെലവ് കുറക്കുന്നതിനൊപ്പം, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാമെന്നത് മാത്രമല്ല അനാവശ്യ ചെലവുകളും നിർമാണ സമയത്തുണ്ടാകുന്ന മാലിന്യങ്ങളുടെ അളവിൽ വലിയ കുറവും ഉറപ്പാക്കുന്നുവെന്നത് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്.
കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത് വെച്ചിരിക്കുന്ന പ്ലാൻ അനുസരിച്ച് നിർമാണ സാമഗ്രികൾ നിറച്ച് വെച്ചിരിക്കുന്ന കോൺക്രീറ്റ് ത്രീഡി പ്രിൻറിങ്ങ് യൂണിറ്റ് വീട് നിർമാണം ആരംഭിക്കും. ചെന്നൈ ഐ.ഐ.ടിയിലെ പൂർവ വിദ്യാർഥികൾ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനി ടിവാസ്തയാണ് ഈ ടെക്നോളജിയുടെ പിന്നിൽ.
ഇന്ത്യയിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വീടൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ടിവാസ്തയുടെ അണിയറ പ്രവർത്തകരായ സി.വിദ്യാശങ്കർ, പരിവർത്തൻ റെഡ്ലി, വി.എസ് ആദിത്യൻ,സന്തോഷ് കുമാർ എന്നിവർ പറയുന്നു.
ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുമായി സഹകരിച്ചാണു ടിവാസ്തയുടെ പ്രവർത്തനം. ത്രീഡി ടെക്നോളജിയിലൊരുക്കിയ വീടിെൻറ നിർമാണോദ്ഘാടനം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നിർവഹിച്ചു. വിദേശ രാജ്യങ്ങളിൽ ത്രീഡി ടെക്നോളജി നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും ഇന്ത്യയിലിതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.