കോട്ടയം: ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത- ഭവനരഹിതരായ 13 കുടുംബങ്ങൾക്ക് വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ ഭവനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ആദ്യ മൂന്നുഘട്ട പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്വന്തമായി പാർപ്പിടം എന്ന സ്വപ്നം സർക്കാർ യാഥാർഥ്യമാക്കി. കഴിഞ്ഞ ആറു വർഷംകൊണ്ട് മൂന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സർക്കാർ സുരക്ഷിത താമസ സൗകര്യം ഒരുക്കിയത്.
3,22,366 വീടാണ് സർക്കാർ നിർമിച്ചുനൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇതുവരെ 54,000 പട്ടയം വിതരണം ചെയ്തു. ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിലൂടെ ഇതുവരെ 2350 സെന്റ് സ്ഥലമാണ് സർക്കാറിന് സംഭാവനയായി ലഭിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന ഒന്നും രണ്ടും നൂറുദിന കർമപദ്ധതികളുടെ ഭാഗമായി 32,875 വീട് കൈമാറി. 28,603 വീടിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. അവയും സമയബന്ധിതമായി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഭവനങ്ങളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി.
‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിക്കും അംഗൻവാടി, ഹോമിയോ ആശുപത്രി എന്നിവയുടെ നിർമാണത്തിനും സ്ഥലം വിട്ടുനൽകിയ വ്യക്തികളെ തോമസ് ചാഴികാടൻ എം.പി ആദരിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ ജാഫർ മാലിക് പദ്ധതിയിലേക്ക് സ്ഥലം വിട്ടുനൽകിയവരിൽനിന്ന് സമ്മതപത്രം ഏറ്റുവാങ്ങി. കാമ്പയിനിലൂടെ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ആർ.ബി. ബാബു, സഹോദരി ഡോ. ആർ.ബി. രാജലക്ഷ്മിയും ലൈഫ് ഭവന പദ്ധതിക്കായി വിട്ടുനൽകിയ 65 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് 13 കുടുംബങ്ങൾക്കായി സുരക്ഷിത ഭവനം ഒരുക്കിയത്. ലൈഫ് ഭവന പദ്ധതിക്കായി ഒരു പഞ്ചായത്തുതന്നെ നേരിട്ട് സൗകര്യങ്ങൾ ഒരുക്കി നൽകി വീടുകൾ നിർമിച്ചു നൽകുന്നത് കേരളത്തിൽ തന്നെ ആദ്യമായാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിത കുമാർ, ജില്ല പഞ്ചായത്ത് അംഗം ടി.എസ്. ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. മഹിളാമണി, ഷിനി സജു, ഒ.കെ. ശ്യാംകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽ ഭാസ്കർ, തങ്കമ്മ വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ ഷറഫ് പി. ഹംസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എൻ. സോണിക, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, കെ.എസ്. സചിൻ, ലിസി സണ്ണി, ജെ. നിയാസ്, സുമ തോമസ്, ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.