ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നായി അറിയപ്പെടുന്ന ‘വില്ല വാരി’ സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരൻ. സ്വിറ്റ്സർലൻഡിൽ സ്ഥിതി ചെയ്യുന്ന വീട് ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളുമാണ് വാങ്ങിയത്. 200 മില്യൺ ഡോളർ അഥവാ 1649 കോടി രൂപയ്‍ക്കാണ് കച്ചവടം നടന്നത്.
4.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജനീവയിൽ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഈ വസതി സ്ഥിതി ചെയ്യുന്ന ജിൻജിൻസ് എന്ന മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരും. കാന്റൺ ഓഫ് വോഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് എന്ന ബഹുമതിയും വില്ല വാരിക്ക് സ്വന്തമാണ്. നഗരങ്ങളുടെ ബഹളങ്ങളില്ലാത്ത വിദൂരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ആഡംബരവസതിയിലിരുന്നാൽ മൗണ്ട് ബ്ലാങ്ക് കണ്ടാസ്വദിക്കാം. മഞ്ഞുമൂടിയ ആൽപ്‌സിന്റെ കാഴ്ചകളും ഇവിടെ നിന്ന് കാണാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായി അറിയപ്പെടുന്ന വില്ല വാരി അത്തരം വീടുകളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഓസ്വാൾ അഗ്രോ മിൽസ്, ഓസ്വാൾ ഗ്രീൻടെക്ക് എന്നിവയെല്ലാം സ്ഥാപിച്ച പരേതനായ അഭയ് കുമാർ ഓസ്വാളിന്റെ മകനാണ് വില്ല വാരി സ്വന്തമാക്കിയ കോടീശ്വരൻ പങ്കജ് ഓസ്വാൾ. 2016 -ൽ പിതാവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹം ഓസ്വാൾ ഗ്രൂപ്പ് ഗ്ലോബലിന്റെ ചുമതല ഏറ്റെടുക്കുന്നത്. പെട്രോകെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, വളനിർമാണം, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലെ ഖനന ബിസിനസ് എന്നിവയെല്ലാം ഓസ്വാൾ ഗ്രൂപ്പിന് കീഴിലുണ്ട്.
ഗ്രീക്ക് ഷിപ്പിങ് ബിസിനസുകാരനായ അരിസ്റ്റോട്ടിൽ ഒനാസിസിന്റെ മകളായ ക്രിസ്റ്റീന ഒനാസിസിന്‍റെ ഉടമസ്ഥതയിലായിരുന്നു ഇതിനുമുമ്പ് വില്ല വാരി. ഒബ്‌റോയ് രാജ് വിലാസ്, ഒബ്‌റോയ് ഉദൈ വിലാസ്, ലീല ഹോട്ടൽസ് തുടങ്ങിയ പ്രൊജക്‌റ്റുകളിലൂടെ പേരുകേട്ട പ്രശസ്ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വിൽക്‌സ് ആണ് വില്ല വാരിയുടെ അകത്തളം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.