ബ്രിട്ടനിലെ പ്രശസ്തമായ 1188 കോടിയുടെ സ്വപ്നസൗധം സ്വന്തമാക്കി ഇന്ത്യക്കാരനായ ശതകോടീശ്വരൻ. സമീപകാലത്ത് ബ്രിട്ടനിൽ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടാണിത് എന്ന പൊലിമയും ഇതിനുണ്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇടപാട് ആദ്യം റിപ്പോർട്ട് ചെയ്തത്.
ശതകോടീശ്വരനും എസ്സാര്‍ ഗ്രൂപ്പിന്‍റെ സഹ ഉടമയുമായ രവി റൂയ ആണ് ഈ കൊട്ടാരം സ്വന്തമാക്കിയത്. ലണ്ടന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട് സ്വന്തമാക്കുന്നത് എല്ലാവർക്കും സ്വപ്നമായിരുന്നു.
റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആൻഡ്രി ഗോഞ്ചരെങ്കോയില്‍ നിന്നാണ് റൂയ കൊട്ടാരം വാങ്ങിയത്. ജിബ്രാൾട്ടർ ഇൻകോർപ്പറേറ്റഡ് ഹോൾഡിംഗ് കമ്പനി മുഖേനയായിരുന്നു ഇടപാടുകൾ.
റഷ്യൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമായ ഗാസ്‌പ്രോം ഇൻവെസ്റ്റ് യുഗിന്റെ മുൻ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ബംഗ്ലാവിന്‍റെ മുന്‍ ഉടമ ഗോഞ്ചരെങ്കോ. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം ബംഗ്ലാവ് സ്വന്തമാക്കിയത്. നേരത്തെ, കൺസർവേറ്റീവ് പാർട്ടിയുടെ രാജ്കുമാർ ബാഗ്രിയിൽ നിന്ന് 120 മില്യൺ പൗണ്ടിന് 2012ലാണ് ഗോഞ്ചരെങ്കോ ലീസിനെടുക്കുന്നത്. ബംഗ്ലാവ് നിർമ്മാണത്തിലാണെന്നും ആകര്‍ഷകമായ വിലക്ക് ലഭ്യമായതിനാലാണ് സ്വന്തമാക്കിയതെന്നും റൂയ ഫാമിലി ഓഫീസ് വക്താവ് വില്യം റീഗോ ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു.
വിഖ്യാത ബ്രിട്ടീഷ് ആർക്കിടെക്ടായ ജോൺ നാഷ് 1827ൽ ജനറൽ റോബർട്ട് ആർബർത്നോട്ടിനായാണ് ബംഗ്ലാവിന്റെ രൂപകല്പന നിർവഹിച്ചത്. ബക്കിങ് ഹാം പാലസ്, മാർബിൾ ആർച്ച് തുടങ്ങിയവയുടെ രൂപകല്പന നിർവഹിച്ചത് ജോൺ നാഷ് ആയിരുന്നു എന്നത് ബംഗ്ലാവിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു. എന്നാൽ നിലവിൽ ഹാനോവർ ബംഗ്ലാവിൽ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ചരിത്ര പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ഗ്രേഡ് 2 പട്ടികയിലാണ് ബംഗ്ലാവ് ഉൾപ്പെടുത്തിയിരിക്കുന്നത്.1990 കളിൽ യു.കെയിലെ ഫ്രഞ്ച് അംബാസിഡർ താമസിച്ചിരുന്നത് ഈ ബംഗ്ലാവിലാണ്.
2400 ചതുരശ്രമീറ്ററാണ് ഹാനോവർ ലോഡ്ജിന്റെ സ്ഥലവിസ്തൃതി. ആവശ്യാനുസരണം ആഴം കുറക്കുകയും കൂട്ടുകയും ചെയ്യാവുന്ന തരത്തിൽ ഫ്ലോട്ടിങ് ഫ്ലോറോടു കൂടിയ അണ്ടർഗ്രൗണ്ട് സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. ബോൾറൂമായും ഈ സംവിധാനം മാറ്റിയെടുക്കാൻ സാധിക്കും. ജിംനേഷ്യവും ഗ്യാലറിയും സ്റ്റാഫുകൾക്ക് താമസത്തിനുള്ള സൗകര്യവും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. യോഗാ റൂം, ട്രെയിനിംഗ് റൂം, മസാജ് റൂം എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.
10 ആഡംബര ബാത്റൂമുകൾ, യൂട്ടിലിറ്റി റൂമുകൾ, പുതിയ അടുക്കള, ലിഫ്റ്റ് സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്താനായാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.