റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി കൂടുതൽ യാത്രക്കാർക്ക് സൗകര്യം. പുതിയ രണ്ട് പാസഞ്ചർ ടെർമിനലുകൾ കൂടി തുറന്നു. നവീകരണത്തിനും വിപുലീകരണത്തിനും ശേഷം മൂന്ന്, നാല് ടെർമിനലുകൾ അന്തർദേശീയ യാത്രികർക്കായി തിങ്കളാഴ്ച റിയാദ് പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു.
റിയാദ് വിമാനത്താവളത്തിൽ നിലവിലുള്ള അഞ്ച് ടെർമിനലുകളിൽ ഒന്നും രണ്ടുമാണ് അന്താരാഷ്ട്ര സർവിസുകൾക്കായി ഉപയോഗിച്ചു വന്നത്. അഞ്ചാമത്തേത് ആഭ്യന്തര സർവിസുകൾക്കായും ഉപയോഗിക്കുന്നു. 1983ൽ വിമാനത്താവളം തുറന്നത് മുതൽ നാലാം ടെർമിനൽ പ്രവർത്തനരഹിതമായിരുന്നു. അതും മൂന്നാം ടെർമിനലുമാണ് നവീകരിച്ചും ശേഷി വികസിപ്പിച്ചും പ്രവർത്തനം ആരംഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ പതിന്മടങ്ങ് യാത്രക്കാരെ ഉൾക്കൊള്ളാനാവും.
ഉദ്ഘാടനത്തിനായി വിമാനത്താവളത്തിൽ എത്തിയ ഗവർണറെ ഗതാഗത, ചർക്കുനീക്ക മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് അൽ-ജാസിർ, പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലിജ് എന്നിവർ സ്വീകരിച്ചു. വിപുലീകരിച്ച ടെർമിനലുകളിലെ സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനവും അമീർ ഫൈസൽ നോക്കിക്കണ്ടു. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പുതുതലമുറക്ക് നൽകുന്ന സമ്മാനമാണിതെന്ന് ഉദ്‌ഘാടന പ്രഭാഷണത്തിൽ ഗവർണർ പറഞ്ഞു.
ഫിഫ ലോകകപ്പിന്റെ ആരംഭത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര യാത്രകൾക്ക് ഇരു ടെർമിനലുകളും സഹായകമാകുമെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി അൽ-ജാസിർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. വ്യവസായത്തിന്റെയും നിക്ഷേപ സംരംഭങ്ങളുടെയും ആഗോള ഹബ്ബായി മാറുന്ന റിയാദിന്റെ സാമ്പത്തിക, വിനോദ സഞ്ചാര മേഖലകളുടെ ശാക്തീകരണത്തിനും പുതിയ ടെർമിനലുകൾ സഹായകമാകും. രാജ്യത്തെ വിമാനത്താവളങ്ങളുടെ ശേഷിയും സൗകര്യങ്ങളും വർധിപ്പിക്കുക എന്നത് വിഷൻ-2030ന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനലുകൾ തുറന്നതോടെ പ്രതിവർഷം 1.3 കോടി അന്താരാഷ്ട്ര യാത്രക്കാർക്ക് റിയാദിൽ വന്നുപോകാൻ സൗകര്യമുണ്ടാകുമെന്ന് 'ഗാക' പ്രസിഡന്റ് അൽ ദുവൈലിജ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.