വെറ്ററിനറി സർവകലാശാലയിലും ഗവർണറെ വെട്ടി; വി.സി നിയമനത്തിന് സർക്കാർ സെർച് കമ്മിറ്റി വിജ്ഞാപനം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്ക് (കെ.ടി.യു) പിന്നാലെ വെറ്ററിനറി സർവകലാശാലയിലും ഗവർണറെ തള്ളി സർക്കാർ രൂപവത്കരിച്ച സമാന്തര സെർച് കമ്മിറ്റി വി.സി നിയമന നടപടികൾ ആരംഭിച്ചു. ഗവർണറുടെ സെർച് കമ്മിറ്റിക്കെതിരെ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റി വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കി.

ആരോഗ്യ സർവകലാശാല മുൻ വി.സി ഡോ.ബി. ഇഖ്ബാൽ അധ്യക്ഷനായി മൃഗസംരക്ഷണ വകുപ്പ് രൂപവത്കരിച്ച സെർച് കമ്മിറ്റിയാണ് വി.സി നിയമനത്തിന് വിജ്ഞാപനമിറക്കിയത്. സർവകലാശാല പ്രതിനിധിയായ ഡോ.ബി. ഇഖ്ബാലിന് പുറമെ, യു.ജി.സി പ്രതിനിധിയായി പ്രഫ. നീലിമാ ഗുപ്ത, ( മധ്യപ്രദേശ് ഹരിസിങ് ഗൗർ വിശ്വവിദ്യാലയ വി.സി) സംസ്ഥാന സർക്കാർ പ്രതിനിധിയായി പ്രഫ. പി. രാജേന്ദ്രൻ (കാർഷിക സർവകലാശാല മുൻ വി.സി), ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധിയായി പ്രഫ. രാമൻ സുകുമാർ (റിട്ട. പ്രഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് പ്രതിനിധിയായി ഡോ. രാഘവേന്ദ്ര ഭട്ട എന്നിവരാണ് സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റി അംഗങ്ങൾ.

ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിച്ചത്. നേരത്തേ ഗവർണർ രൂപവത്രിച്ച സെർച് കമ്മിറ്റിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനും ഗവർണർ രൂപവത്കരിച്ച സെർച് കമ്മിറ്റിക്കെതിരെ സ്റ്റേ സമ്പാദിച്ച സർക്കാർ സമാന്തര കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനമിറക്കിയിരുന്നു. സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള അധികാരം നിയമനാധികാരിയായ ചാൻസലർക്കാണെന്ന് ഗവർണർ വാദിക്കുന്നത്.

എന്നാൽ, യു.ജി.സി റെഗുലേഷൻ പ്രകാരം സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്നതിൽ അവ്യക്തതയുണ്ടെന്നും ഈ സാഹചര്യത്തിൽ ഭരണഘടനയുടെ 162ാം അനുച്ഛേദ പ്രകാരം സംസ്ഥാനത്തിനുള്ള എക്സിക്യുട്ടിവ് അധികാരം ഉപയോഗിച്ച് സെർച് കമ്മിറ്റി രൂപവത്കരിക്കുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത്. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് വി.സി പദവിയിലേക്ക് അപേക്ഷിക്കാമെന്ന് വെറ്ററിനറി വി.സി നിയമന വിജ്ഞാപനത്തിൽ പറയുന്നു. വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ മൂന്ന് പകർപ്പുകളും സഹിതം ഡിസംബർ ഏഴിനകം സർവകലാശാലയുടെ വിലാസത്തിൽ ലഭിക്കണം. അപേക്ഷകൾ sscvc.chairman@kvasu.ac.in എന്ന ഇ-മെയിലിലും അയക്കണം.

Tags:    
News Summary - Government Search Committee Notification for Appointment of V.C in veterinary university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.