റിയാദ് സീസൻ: ലോക ശ്രദ്ധയിലേക്ക് ആഘോഷത്തിന്‍റെ വർണ്ണം വിതച്ചു റിയാദ് നഗരം

റിയാദ്: ലോക ശ്രദ്ധയിലേക്ക് ആഘോഷത്തിന്റെ വർണ്ണം വിതച്ചു റിയാദ് സീസണ് തുടക്കം. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലേക്കാണ് ലോകമെമ്പാടുമുള്ള എല്ലാവരുടെയും കണ്ണുകൾ. സൗദി അറേബിയയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവത്തിനു തലസ്ഥാന നഗരിയായ റിയാദിൽ ബുധനാഴ്ച തുടക്കമാകും. "ഇമാജിൻ മോർ" എന്ന മുദ്രാവാക്യത്തിൽ "റിയാദ് സീസണിന്റെ" രാവും പകലും രാജ്യം ആഘോഷ തിമിർപ്പിലാകും. ഉദ്ഘാടന ചടങ്ങിൽ 1,500 -ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ആകർഷകമായ പരേഡും 2,760 ഡ്രോണുകൾ ഉൾക്കൊള്ളുന്ന ആകർഷകവുമായ ഷോയും പരിപാടിക്ക് മാറ്റുകൂട്ടും.

സൗദിയിൽ ഏറെ ആരാധകരുള്ള രാജ്യാന്തര റാപ്പർ അർമാൻറ്റോ ക്രിസ്ത്യാന പിറ്റ്ബുളിന്റെ സമരിയൻ നൃത്ത പ്രകടനവും സംഗീതക്കച്ചേരിയും ഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തിളക്കമേകും. തലസ്ഥാന നഗരത്തിന്റെ പല കോണുകളിൽ നിന്നും റിയാദിന്റെ ആകാശം പ്രകാശിപ്പിക്കുന്ന മനോഹരമായ നിറ പടക്കങ്ങളും ഇതോടൊപ്പം ഉണ്ടാകും. റിയാദ് സീസൺ 2 ന്റെ ഉദ്ഘാടന പരേഡ് ശ്രദ്ധേയവും മിഴിവുറ്റതുമായ പരിപാടിയായിരിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് നേരത്തെ പറഞ്ഞു.

2022 മാർച്ച് വരെ നീണ്ടുനിൽക്കുന്ന ഉത്സവ വേളയിൽ മൊത്തം 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 14 വിനോദ മേഖലകളിലായി 7,500 അതിശയകരമായ പരിപാടികളും നടക്കും. കഴിഞ്ഞ ദിവസം റിയാദ് സീസണിന്റെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയത് പരിപാടിയുടെ ആഗോള പ്രതീക്ഷയും ആവേശവും ഇരട്ടിയാക്കുന്നതായി സംഘാടകർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീസണിലേക്ക് ആരാധകർ ഒഴുകി എത്തിത്തുടങ്ങി.

ദുബായ് എക്സ്പോ കഴിഞ്ഞു റിയാദ് സീസൺ കണ്ടുമടങ്ങാൻ വിദേശികളായ ടൂറിസ്റ്റുകൾ ഇരു രാജ്യങ്ങളിലും തമ്പടിച്ചിട്ടുണ്ട്. 500 ഇലക്ട്രോണിക് ഗെയിമുകൾ, ഒൻപത് അന്താരാഷ്ട്ര സ്റ്റുഡിയോകൾ, നാല് തിയേറ്ററുകൾ, 40 ശതമാനത്തിലധികം ശേഷിയുള്ള ലോകത്തിലെ ആദ്യത്തേതും വലുതുമായ മൊബൈൽ സ്കൈലൂപ്പ്, ഒരു അന്താരാഷ്ട്ര വേദി, 3 കിലോമീറ്റർ നടപ്പാത, ഒരു ഗോൾഫ് മൈതാനം കൂടാതെ 12 ടെന്നീസ് കോർട്ടുകളും വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്. സീസണിൽ 7500 ഓളം പരിപാടികൾ അരങ്ങേറും.

റിയാദ് സീസണോടനുബന്ധിച്ചു നൂറോളം സംവേദനാത്മക അനുഭവങ്ങളും 10 അന്താരാഷ്ട്ര പ്രദർശനങ്ങളും നടക്കും. 350 നാടക പരിപാടികൾക്കൊപ്പം 18 അറബ് നാടകങ്ങളും ആറ് അന്താരാഷ്ട്ര നാടകങ്ങളും കലാ -നാടക പ്രേമികളെ ആവേശം കൊള്ളിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. യുദ്ധ ടാങ്കുകൾ ഓടിക്കുന്നതിന്റെയും തത്സമയ വെടിമരുന്ന് ഉപയോഗിച്ച് 15 ഇന്ററാക്ടീവ് ഷൂട്ടിംഗ് റേഞ്ചുകളിൽ വെടിവയ്ക്കുന്നതിന്റെയും ആവേശകരമായ അനുഭവങ്ങൾ സന്ദർശകർക്ക് കാണാൻ കഴിയും.

ഇത്തരത്തിൽ രാജ്യം ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ആഘോഷ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് സംഘാടകർ. തലസ്ഥാന നഗരിയിൽ വിവിധ കോണുകളിലായി നിരവധി വേദികൾ അണിഞ്ഞൊരുങ്ങി കഴിഞ്ഞിരിക്കുന്നു സീസണെ വരവേൽക്കാൻ.

Tags:    
News Summary - riyadh season 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.