പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് - ജിദ്ദ നവോദയ
ജിദ്ദ: മുൻ കാലങ്ങളെ പോലെ പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് ആണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. വിദേശ റിട്ടയർമെന്റ് അക്കൗണ്ടുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ചട്ടങ്ങൾ കൊണ്ടുവരും എന്ന വാഗ്ദാനം ഒഴികെ സാധാരണ പ്രവാസികളുടെ ഒരുവിഷയം പോലും ബജറ്റിൽ ഇടം കണ്ടില്ല. കോവിഡ് കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിപ്പോയ ലക്ഷക്കണക്കിന് പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് ഒരക്ഷരം ബജറ്റിൽ പ്രതിപാദിക്കുന്നില്ല. പ്രവാസികാര്യത്തിനായി ഒരു കൃത്യമായ തുക വകയിരുത്താൻ പോലും കഴിഞ്ഞിട്ടില്ല. വിദേശ രാജ്യങ്ങളിൽ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് എംബസികളിൽ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള തുക ബജറ്റിൽ വകയിരുത്തണം എന്നുള്ള കാലാകാലങ്ങളായി പ്രവാസികൾ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം പരിഗണിച്ചിട്ടേയില്ല. ഇത്രയും വേദനാജനകവും നിരാശാജനകവുമായ ബജറ്റിനെ പ്രവാസി വിരുദ്ധ ബജറ്റ് ആയി കണക്കിലെടുത്ത് പ്രവാസലോകത്തുനിന്ന് ശക്തമായ പ്രധിഷേധം ഉയർന്നുവരണമെന്ന് നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം മറ്റു ഭാരവാഹികളായ കിസ്മത് മമ്പാട്, ശ്രീകുമാർ, മീഡിയ കൺവീനർ റഫീഖ് പത്തനാപുരം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രവാസികളെ കടുത്ത നിരാശയിലാക്കി -ജിദ്ദ ഒ.ഐ.സി.സി
ജിദ്ദ: പ്രവാസികളെ കടുത്ത നിരാശയിലാക്കിയ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നും പ്രതിസന്ധിയുടെ ആഴക്കടലിൽ അകപ്പെട്ട പ്രവാസികളെ ചെറുതായെങ്കിലും പരാമർശിക്കാൻപോലും മനസ്സുകാണിക്കാത്ത ധനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനറും സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീർ പറഞ്ഞു. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിച്ചതിനുശേഷമുള്ള ബജറ്റിൽ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന ഒരു നിർദേശവും ബജറ്റിലില്ല. ഡിജിറ്റൽ യുഗത്തിൽ പ്രവാസികളുടെ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള പഠനത്തിനും മറ്റു കാര്യങ്ങൾക്കുമുള്ള ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ല. കോവിഡ് മൂലം വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ലാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വെർച്വൽ കറൻസി വിനിമയത്തിൽ ഗിഫ്റ്റ് നികുതി ഒഴിവാക്കില്ലെന്നതും പ്രവാസികളുടെ മേൽ കൂടുതൽ ഭാരമേൽപിക്കാൻ സാധ്യതയുണ്ടെന്നും കെ.ടി.എ. മുനീർ പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റ് നിരാശജനകം -ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി
റിയാദ്: രാജ്യം വളരെ ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് തീർത്തും നിരാശജനകമായി എന്ന് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. അടിസ്ഥാനപ്രശ്നങ്ങളെ പാടെ അവഗണിച്ച ഒരു ബജറ്റാണിത്. ദേശീയതലത്തിൽ ശ്രദ്ധേയമായ ഒരു പദ്ധതിപോലും ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും പരാമർശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. പ്രതിരോധമേഖലയിലെ സ്വകാര്യവത്കരണവും എൽ.ഐ.സിയുടെ സ്വകാര്യവത്കരണവും സാധാരണക്കാർക്കിടയിലും രാജ്യസുരക്ഷയുടെ കാര്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്. രാജ്യത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ പാടെ അവഗണിച്ചിരിക്കുന്നു. ഇതിലൂടെ ഈ ബജറ്റ് കച്ചവടക്കാർക്കും കോർപറേറ്റുകൾക്കും സഹായകരമായ ബജറ്റാണെന്ന് ഒറ്റനോട്ടത്തിൽതന്നെ കാണാൻ കഴിയും.
അടുത്ത് നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനമാണ് നടന്നത്. പകർച്ചവ്യാധികൾ പെരുകുന്ന കാലത്ത് രാജ്യത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനോ പുതിയ ആശുപത്രികൾ തുടങ്ങുന്നതിനെപ്പറ്റിയോ ഒരു പരാമർശവും ബജറ്റിൽ ഉൾപ്പെടുത്താത്തതും പ്രതിഷേധാർഹമാണ്. രാജ്യത്തിന്റെ നട്ടെല്ലായ, സമരം ചെയ്യുന്ന കർഷകരുടെ ആശങ്കകൾ അകറ്റാൻ വ്യക്തമായ പദ്ധതികളോ കാർഷിക രംഗത്തെ മുന്നേറ്റത്തിന് ആസൂത്രിതമായ നീക്കങ്ങളോ ഒന്നുമില്ല എന്നുള്ളതും കർഷകരെ വീണ്ടും വീണ്ടും ഈ ഗവൺമെന്റ് അവഗണിക്കുന്നതിനു തെളിവാണ്. എല്ലാ മേഖലകളിലും ഡിജിറ്റലൈസേഷൻ പറയുമ്പോഴും എല്ലാം പഴയ ബജറ്റുകൾപോലെ വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
പ്രവാസികളടക്കം എല്ലാ വിഭാഗത്തെയും അവഗണിച്ച ബജറ്റ് -കെ.എം.സി.സി
മനാമ: കേന്ദ്ര ബജറ്റ് പ്രവാസികളടക്കം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും പാടെ അവഗണിച്ച ബജറ്റാണെന്ന് ബഹ്റൈൻ കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ചും കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്കും ഗുണംചെയ്യാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രസിഡന്റ ഹബീബ്റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അഭിപ്രായപ്പെട്ടു.
നിരാശജനകം -ഒ.ഐ.സി.സി
മനാമ: കേന്ദ്ര ബജറ്റ് തീർത്തും നിരാശജനകമാണെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി പൂർണമായും അവസാനിച്ചിട്ടില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടില്ല. കോവിഡ് മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്ന അനേകം പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ടു. ഇങ്ങനെ ജോലി നഷ്ടപ്പെട്ട ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാൻ വേണ്ട ഒരു പദ്ധതിയുമില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പോലും ആവശ്യത്തിന് പണം വകയിരുത്തിയില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച തുക പോലും വകയിരുത്താതിരുന്നത് പ്രതിഷേധാർഹമാണ്. കർഷകർക്ക് അർഹിക്കുന്ന തരത്തിൽ ആനുകൂല്യങ്ങൾ നൽകാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല. യുവാക്കളെയും തൊഴിൽ ഇല്ലാത്ത ആളുകളെയും പൂർണമായും അവഗണിച്ച ബജറ്റ് നിരാശജനകമാണെന്ന് ബിനു കുന്നന്താനം കുറ്റപ്പെടുത്തി.
പ്രവാസികളെ അവഗണിച്ചു -സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: കേന്ദ്ര ബജറ്റ് ഇന്ത്യയിലെ 18 ദശലക്ഷം വരുന്ന പ്രവാസി സമൂഹത്തെ സമ്പൂർണമായി അവഗണിച്ചെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ കുറ്റപ്പെടുത്തി. എണ്ണവില തകർച്ചയും സ്വദേശിവത്കരണവും കോവിഡും തൊഴിൽ നഷ്ടപ്പെടുത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ബജറ്റിൽ ഒന്നുമില്ല. കോവിഡ് മൂലം വിദേശത്ത് മരിച്ചുപോയ പ്രവാസികളെയും ബജറ്റ് കണ്ടില്ലെന്ന് നടിച്ചു. സാധാരണക്കാരന്റെ ആനുകൂല്യം വെട്ടിക്കുറക്കുകയും കോർപറേറ്റുകൾക്ക് തഴച്ചുവളരാനുള്ള അവസരം ഉണ്ടാക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.