മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള പ്രവാസികൾ എംബസിയുടെ കനിവ് കാത്ത് കഴിയുന്നു. ഒക്ടോബർ ആദ്യവാരം രാജ്യത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഏറെ നാശം നേരിട്ടത് ബാത്തിന മേഖലയിലായിരുന്നു. വെള്ളം കയറി നിരവധി വീടുകളാണ് മേഖലയിൽ വാസയോഗ്യമല്ലാതായത്.
ദുരന്തത്തിൽ നിരവധി പേരുടെ വസ്തുവകകളും കൃഷിവിളകളും വാഹനങ്ങളും പാർപ്പിടവും കച്ചവട സ്ഥാപനങ്ങളും നശിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ നാശം നേരിട്ടത് കച്ചവടക്കാരാണ്. മലയാളികളടക്കമുള്ളവരുടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും തകർന്നു. മലയാളികളടക്കം ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾക്കും വസ്തുവഹകൾക്കും നേരിട്ട നഷ്ടം ഭീമമാണ്. സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും മറ്റു സംവിധാനങ്ങളുടെയും ചിട്ടയായ പ്രവർത്തനത്താൽ ബാത്തിന മേഖല സാധാരണ നിലയിലേക്ക് തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. ഇവയിൽ 90 ശതമാനവും അറ്റകുറ്റപ്പണികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്. കടമെടുത്തും കൈയിലുള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് പലരും വീണ്ടും ഒന്നിൽനിന്ന് തുടങ്ങിയിരിക്കുന്നത്. കോവിഡ് കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാൽ പുത്തൻ സീസണിൽ പ്രതീക്ഷയർപ്പിച്ച് സാധനങ്ങളുടെ സ്റ്റോക്കിറക്കിയിരുന്നു. ഇങ്ങനെയുള്ള സാധനങ്ങളാണ് ശഹീൻ ചുഴറ്റിയെറിഞ്ഞത്. മഹാമാരിയുടെ പിടിയിലമർന്നതിനാൽ പല കടകളും മാസങ്ങളോറം തുറക്കാൻ സാധിച്ചിരുന്നില്ല.
ഇത്തരം കടകൾക്ക് പലതിനും ഭീമമായ വാടകയും നൽകാനുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങൾ എംബസി അധികൃതർ സന്ദർശിച്ചിരുന്നു. ഈ സമയത്ത് വ്യാപാരികളടക്കമുള്ളവരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ സാമ്പത്തിക നഷ്ടത്തിന് അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് എംബസിയുടെ ഓപൺ ഹൗസിലും ഈ വിഷയങ്ങൾ ഉന്നയിച്ചു. എന്നാൽ, കെടുതി നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും എംബസി അധികൃതരുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
അതേസമയം, ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് അധികൃതർ നൽകിയ ഫോറം പൂരിപ്പിച്ച് സാമൂഹിക പ്രവർത്തകർ മുഖേന എംബസിക്ക് നൽകിയിട്ടുണ്ട്. ഇത് ഡൽഹിയിലെ മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കും. അവിടുന്ന് വരുന്ന നിർദേശമനുസരിച്ചായിരിക്കും പാസ്പോർട്ടുകൾ പുതുക്കിനൽകലും മറ്റും. നാട്ടിൽ പോകേണ്ടവരുടെയും വിസ കഴിയാറായവരുടെയും പാസ്പോർട്ട് ഇക്കൂട്ടത്തിലുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൂക്ഷിച്ചതും സ്വന്തമായി കൈയിൽ വെച്ചതുമായ പാസ്പോർട്ടുകളൊക്കെയാണ് നശിച്ചുപോയത്. ബാത്തിന മേഖലകളിലെ വിവിധ വിലായത്തുകളിലായി 26,000ത്തിലധികം ആളുകൾക്കാണ് ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം ബാധിച്ചതെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചിരുന്നു. മുസന്ന 4,446, സുവൈഖ് 14,311, ഖാബൂറ 6,101, സഹം 1,308 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 24 വരെയുള്ള കണക്കുപ്രകാരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.