ഷാര്‍ജ: പെരുന്നാൾ തലേന്ന് ഒമാനിലേക്ക് പോവുകയായിരുന്ന മലയാളി സംഘത്തിന്റെ കാറിന് യാത്രക്കിടെ തീപിടിച്ചു. ഷാര്‍ജ പള്ളിയുടെ എതിര് വശത്ത് മലീഹാ റോഡിലാണ് സംഭവം.വടകര വില്യാപ്പള്ളി സ്വദേശി സി.കെ. ഫഹദും രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഫഹദായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. കാറിന്റെ വേഗത കുറയുന്നത് ശ്രദ്ധയില്‍പെട്ട ഇദ്ദേഹം വാഹനം റോഡരികിലേക്ക് മാറ്റിനിർത്തി യന്ത്രഭാഗം തുറന്ന് പരിശോധിച്ചപ്പോഴാണ് തീപിടിക്കുന്നതായി മനസ്സിലായത്.
ഉടന്‍ യാത്രാരേഖകളുമായി കാറില്‍ നിന്നും മൂവരും ഇറങ്ങിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഫഹദിന്റെ സമയോചിത ഇടപെടലാണ് വൻ അപകടം വഴിമാറിയത്. മൂവരും ഇറങ്ങി മിനിറ്റുകള്‍ക്കകം കാര്‍ പൂർണമായും കത്തിയമര്‍ന്നു. കച്ചവട ആവശ്യാര്‍ഥം ഒമാനില്‍നിന്നും ദുബൈയിലേക്ക് വന്നതായിരുന്നു മൂന്നുപേര്‍ അടങ്ങുന്ന മലയാളികളായ യാത്രാസംഘം. വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സിയൂഹ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വൈകീട്ടോടെ ഒമാനില്‍ നിന്നും വന്ന സുഹൃത്തിന്റെ കാറില്‍ സംഘം തിരിച്ചുപോയി. ഇന്‍ഷുറന്‍സ് കമ്പനിക്കായുള്ള രേഖകള്‍ നിയമ നടപടികള്‍ക്ക് ശേഷം നല്‍കാമെന്ന് പൊലീസ് സ്റ്റേഷനില്‍നിന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.