പട്ന: ബിഹാറിൽ അഞ്ചുമണിക്കൂർ നേരത്തേക്ക് കോടിപതിയായി മാറി ഒമ്പതാം ക്ലാസുകാരൻ. വിദ്യാർഥിയായ സെയ്ഫ് അലി പ്രദേശത്തെ കഫേയിൽ പോകാനായി 500 രൂപ പിൻവലിക്കാനായി എത്തിയതായിരുന്നു വിദ്യാർഥി. തുക പിൻവലിച്ച ശേഷം ബാലൻസ് പരിശോധിച്ചപ്പോഴാണ് വിദ്യാർഥി ഞെട്ടിപ്പോയത്. അക്കൗണ്ടിൽ ബാക്കിയുള്ളത് 87.65 കോടി രൂപ! അബദ്ധം സംഭവിച്ചതാണെന്ന് കരുതി വീണ്ടും ബാലൻസ് പരിശോധിച്ചപ്പോഴും അക്കൗണ്ടിൽ 87.65 കോടി രൂപയുണ്ട്.
സെയ്ഫ് ഉടൻ വീട്ടിലേക്കോടി അമ്മയോട് കാര്യങ്ങൾ പറഞ്ഞു. ഒരു അയൽവാസിയുടെ സഹായത്തോടെ അമ്മയും മകനും കസ്റ്റമർ സർവീസ് പോയിന്റ് വഴി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു. എന്നാൽ അപ്പോഴേക്കും അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് വരുന്ന ആ തുക അപ്രത്യക്ഷമായിരുന്നു. അക്കൗണ്ടിൽ 532 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാൽ കൂടുതൽ തട്ടിപ്പുകൾ നടക്കാതിരിക്കാൻ വിദ്യാർഥിയുടെ അക്കൗണ്ട് പെട്ടെന്ന് മരവിപ്പിക്കുകയായിരുന്നു. പിന്നീട് സെയ്ഫും അമ്മയും ബാങ്കിലെത്തി കാര്യങ്ങൾ ധരിപ്പിച്ചു. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ബാങ്ക് അധികൃതർക്കും ഇക്കാര്യം ബോധ്യപ്പെട്ടു. എങ്ങനെയാണ് ഇത്രയും വലിയ തുക വിദ്യാർഥിയുടെ അക്കൗണ്ടിലെത്തിയത് എന്നതിനെ കുറിച്ച് നോർത്ത് ബിഹാർ ഗ്രാമീണ ബാങ്ക് അധികൃതർ അന്വേഷണം തുടങ്ങി.
എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണം ബാങ്ക് അധികൃതർ ഇതുവരെ നൽകിയിട്ടില്ല. അതേസമയം സൈബർ തട്ടിപ്പുകാർ വിദ്യാർഥി അറിയാതെ അക്കൗണ്ട് കുറച്ച് സമയത്തേക്ക് ദുരുപയോഗം ചെയ്തതിനു ശേഷം ആ പണം മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റിയതാവും എന്നാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.