യമന് പിന്തുണയുമായി സൗദി മന്ത്രിസഭ; അന്താരാഷ്ട്ര സമ്മേളനം ചേരാൻ ആഹ്വാനം

റിയാദ്: യമന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും എണ്ണയുൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി അന്താരാഷ്ട്ര സമ്മേളനം നടത്താൻ സൗദി മന്ത്രിസഭയുടെ ആഹ്വാനം. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്‍റെ പ്രതിസന്ധി അവസാനിപ്പിക്കാൻ പുതുതായി രൂപവത്കരിച്ച പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന് സൗദിയുടെ പിന്തുണ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർ ആവർത്തിച്ചു. പ്രാദേശിക അന്തർദേശീയ വികസനം, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് സൗദിയുടെ അധ്യക്ഷതയിൽ ചേർന്ന ജി.സി.സിയുടെ 151-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍റെ ഫലങ്ങളും യോഗം അവലോകനം ചെയ്തു.

ഈ വർഷത്തെ ഹജ്ജിൽ 10 ലക്ഷം തീർഥാടകരെ അനുവദിച്ചത് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് അവരുടെ മതപരമായ കടമകൾ നിറവേറ്റാൻ സഹായിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അറബ് ധനകാര്യസ്ഥാപനങ്ങളുടെ വാർഷിക യോഗ ഫലങ്ങളെക്കുറിച്ച് ചർച്ച നടത്തി. സംയുക്ത അറബ് നടപടികളെ സൗദി അറേബ്യ തുടർന്നും പിന്തുണക്കുമെന്നും യോഗം അറിയിച്ചു. അറബ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിന് സംഭാവന നൽകുമെന്നും അടിയന്തരാവസ്ഥയെയും മാനുഷിക പ്രതിസന്ധികളെയും നേരിടുന്നതിന് രാജ്യം സഹായഹസ്തം നീട്ടുമെന്നും മന്ത്രിസഭായോഗം ആവർത്തിച്ചു.

കോവിഡ് സൃഷ്ടിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹത്തിനുള്ള പിന്തുണ യോഗം ഊന്നിപ്പറഞ്ഞു. മദീനയിലെ ഖുബാഅ് മസ്ജിദിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയെ മന്ത്രിസഭ അഭിനന്ദിച്ചു. ഖുബാഅ് മസ്ജിദിന്‍റെ പരിസരത്തെ 50,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കുകയും ഉൾക്കൊള്ളൽ ശേഷി 66,000 പേരായി ഉയർത്തുകയും ചെയ്യും. 'ഇഹ്‌സാൻ' പ്ലാറ്റ്‌ഫോമിലൂടെ സുരക്ഷിതവും ഔദ്യോഗികവുമായി സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ദേശീയ ജീവകാരുണ്യ കാമ്പയിന്‍റെ വിജയത്തെയും യോഗം പ്രശംസിച്ചു. സൽമാൻ രാജാവ് മൂന്നു കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ടുകോടി റിയാലും നൽകിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഇഹ്‌സാൻ പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷം 1.78 ശതകോടി റിയാലിലധികം സമാഹരിക്കാൻ കഴിഞ്ഞെന്നും യോഗം വിലയിരുത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് മന്ത്രിസഭ യോഗം ചേർന്നത്. യോഗാനന്തരം അത്താഴ വിരുന്നും നടന്നു.

Tags:    
News Summary - Saudi cabinet backs Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.