തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ച് തന്‍റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതിന് യാതൊരു തടസവും തന്‍റെ ഭാഗത്തു നിന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കും. ബൂത്ത് അടിസ്ഥാനത്തിൽ വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ ശ്രമിക്കും. പാർട്ടിയിലെ ഒരു പ്രമുഖ നേതാവും തന്നെ കടന്നാക്രമിച്ചിട്ടില്ല. അങ്ങനെ ആക്രമിക്കാൻ ആരും തയാറാവില്ല. ബി.ജെ.പി കേന്ദ്രകമ്മിറ്റിയംഗം ശിവരാജൻ തനിക്കെതിരെയല്ല രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അധ്യക്ഷന് തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി.
വി. മുരളീധരന്‍റെ കാലത്തും തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോൺഗ്രസിന്‍റെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, പാലക്കാട്ടെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റിയാൽ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വോട്ട് മറിച്ചെന്ന ആരോപണം പ്രമീള ശശിധരൻ തള്ളി. ആർ.എസ്.എസിലൂടെ പ്രവർത്തിച്ചുവന്ന ഒരാൾക്കും വോട്ട് മറിക്കാൻ സാധിക്കില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പിൽ വ്യക്തമായത്. തന്‍റെ വാർഡിൽ വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നും പ്രമീള പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാർഥിയാക്കണമെന്ന് ഒരാൾ പറഞ്ഞാൽ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കിൽ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാർഥിയെ കുറിച്ച് പരാതി ഉയർന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. സി. കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. ബി.ജെ.പി ജയിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയെങ്കിലും ജനവിധി എതിരായെന്ന് പ്രമീള ചൂണ്ടിക്കാട്ടി.
ഒരേ ആൾ തന്നെ ആവർത്തിച്ച് സ്ഥാനാർഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിന് സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ സി. കൃഷ്ണകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി പദവി രാജിവെക്കുമോ എന്നും തനിക്കറിയില്ല. കേന്ദ്ര, സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട കാര്യത്തിൽ പ്രതികരിക്കുന്നില്ല.
നഗരസഭ ഭരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന, ജില്ല നേതൃത്വമാണ് ഇടപെടേണ്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട്ടുകാരനാണ്. പിഴവുണ്ടെങ്കിൽ അക്കാര്യം അറിയിക്കേണ്ടത് നേതൃത്വമാണ്. ജില്ലാ നേതൃത്വത്തോട് ആലോചിച്ചാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത്.
തോൽവിയുടെ കാരണം നഗരസഭയുടെ മേൽ കെട്ടിവെക്കുകയാണ്. ജില്ല നേതൃത്വത്തിന്‍റെ കീഴിലുള്ള നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.