മനാമ: ബഹ്റൈൻ ഫെസ്റ്റിവ് സീസൺ 2024 ആഘോഷങ്ങളുടെ ഭാഗമായി ഡിസംബറിൽ ബഹ്റൈനിൽ 12 ക്രൂയിസ് ഷിപ്പുകൾ എത്തുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറ അഹമ്മദ് ബുഹേജി അറിയിച്ചു.
നവംബർ മുതൽ ഏപ്രിൽ വരെ നീളുന്ന 2024-2025 ക്രൂയിസ് സീസണിൽ 40 ക്രൂയിസ് കപ്പലുകളെയാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഏകദേശം 1,00,000 വിനോദസഞ്ചാരികളെത്തും. ഗ്രീക്ക് കപ്പൽ സെലസ്റ്റിയൽ ജേണി ഉൾപ്പെടെ ആഡംബര ക്രൂസ് കപ്പലുകൾ ഈ മാസമെത്തും. കപ്പൽ ലേ ബോഗൻവില്ല, ജർമൻ കപ്പൽ ഐഡ, സ്വിസ്-ഇറ്റാലിയൻ ക്രൂസ് കപ്പലുകൾ എന്നിവയും വരും.
അന്താരാഷ്ട്ര സന്ദർശകർക്ക് വൈവിധ്യമാർന്ന ആകർഷണങ്ങൾ പ്രദാനം ചെയ്യുന്ന പ്രമുഖ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമെന്ന പദവി ബഹ്റൈന് ലഭിച്ചതിന്റെ സൂചനയാണ് ഈ സന്ദർശനങ്ങൾ. 2024-2025 സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ക്രൂയിസ് കപ്പൽ എം.എസ്.സി യൂറിബിയ കഴിഞ്ഞമാസം ഖലീഫ ബിൻ സൽമാൻ തുറമുഖത്തെത്തിയിരുന്നു.
ബഹ്റൈൻ ഫെസ്റ്റിവ് സീസൺ 2024 പ്രവർത്തനങ്ങൾ, വിന്റർ ബീച്ച് ടൂറിസം, പൈതൃക സ്ഥലങ്ങൾ, വിപണികൾ എന്നിവയിലേക്കുള്ള ടൂറുകൾ സംഘടിപ്പിക്കാൻ ക്രൂയിസ് വിനോദസഞ്ചാരികൾക്ക് കഴിയുമെന്ന് സി.ഇ.ഒ പറഞ്ഞു. ബഹ്റൈനിന്റെ വ്യതിരിക്തമായ സാംസ്കാരിക സ്വത്വം പ്രദർശിപ്പിക്കുന്ന ഷോപ്പിങ് സെന്ററുകളടക്കം വിനോദസഞ്ചാരികൾ സന്ദർശിക്കും.
തുറമുഖത്തെ അത്യാധുനിക ക്രൂയിസ് ടെർമിനൽ ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രൂയിസ് കപ്പലുകളെ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. വരും ദിവസങ്ങളിൽ ഇനിയും നിരവധി ക്രൂയിസ് കപ്പലുകൾ തീരത്തടുക്കും. തടസ്സങ്ങളില്ലാതെ യാത്രക്കാരെ സ്വീകരിക്കാനും മുൻനിര സൗകര്യങ്ങൾ ഏർപ്പെടുത്താനുമുള്ള ശേഷി തുറമുഖത്തിനുണ്ട്. ആഗോള ക്രൂയിസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറിയിട്ടുണ്ട്.
മറൈൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും ടൂറിസം വർധിപ്പിക്കാനുമുള്ള ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി കൂടുതൽ യാനങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.