മനാമ: പ്രവാസിയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നൊസ്റ്റാൾജിക് അനുഭൂതി നൽകാനായി പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവ് ബഹ്റൈനിൽ. ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബി.കെ.എസ് സംഗീതരത്ന പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയ അദ്ദേഹം, അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി 26ന് രാത്രി അരങ്ങേറും.
സംഗീതത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വകലാശാലയില്‍നിന്നും ബിരുദവും സംഗീതസംവിധാനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ നിരവധിയാണ്.
എൺപതുകൾ മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്. 86ാം വയസ്സിലും സംഗീതസപര്യ ഭംഗമേതുമില്ലാതെ തുടരുന്ന അദ്ദേഹം 50 ഗായകരെയും ഓർക്കസ്ട്ര ടീമിനെയും അണിനിരത്തി ബഹ്റൈനിൽ അവതരിപ്പിക്കുന്ന സിംഫണി ചരിത്രമായി മാറും.
1984ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ, മനസ്സേ ആസ്വദിക്കൂ.. ആവോളം...’ തുടങ്ങിയ ഗാനങ്ങളുടെ നീണ്ട നിര അദ്ദേഹത്തിന്റേതായിട്ടുണ്ട്.
മഞ്ഞണിക്കൊമ്പിൽ, മിഴിയോരം നനഞ്ഞൊഴുകും, മഞ്ചാടിക്കുന്നില്‍, കൊഞ്ചും ചിലങ്കേ, ആളൊരുങ്ങി അരങ്ങൊരുങ്ങി, ആയിരം കണ്ണുമായ്, ദേവദുന്ദുഭി, കണ്ണോടു കണ്ണോരം നീ കണിമലരല്ലേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, വാചാലം എൻ മൗനവും, കിളിയേ കിളിയേ നറുതേന്മൊഴിയേ, ഓ പൂവട്ടക തട്ടിച്ചിന്നി, പവിഴമല്ലി പൂത്തുലഞ്ഞ... തുടങ്ങിയവ എക്കാലത്തെയും ഹിറ്റുകളാണ്.
ആദ്യകാലത്ത് കൊച്ചി ബോസ്കോ കലാസമിതിയിലെ ഗായകനായിരുന്ന ജെറി അമൽദേവ് സെമിനാരി പഠനം ഉപേക്ഷിച്ചാണ് സംഗീതവഴി തെരഞ്ഞെടുക്കുന്നത്. കുറച്ചുകാലം അധ്യാപകനായി ക്വീന്‍സ് കോളജില്‍ ജോലിചെയ്തിരുന്നു.
മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളജിലും അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂളിലും സംഗീതം പഠിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ജീവിതത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്ന അദ്ദേഹം ഉത്തരേന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകനായ നൗഷാദിന്റെ കൂടെ ജോലിചെയ്തിട്ടുണ്ട്.
ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്കുതന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടി. 1986ൽ മാർപാപ്പ കേരളത്തിലെത്തിയപ്പോൾ അഞ്ഞൂറു ഗായകരെയും നാൽപതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചതും ജെറി അമൽദേവ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.