ഫീസ് വര്‍ധന മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയുടേത് ഒളിച്ചോട്ടമെന്ന് യു.പി.പി

മനാമ: അന്യായമായ ഫീസ് വര്‍ധന നടപ്പാക്കാന്‍ സ്വീകരിച്ച കുതന്ത്രങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുമെന്ന ഘട്ടത്തിലാണ് ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ‘വെടിനിര്‍ത്തി’ ഒളിച്ചോടാന്‍ ശ്രമിക്കുന്നതെന്ന് യു.പി.പി കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്‍െറയും ആത്മാര്‍ഥമായ  ഇടപെടലുകള്‍ എന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
സ്കൂള്‍ കമ്മിറ്റിയുടെ പുതിയ തീരുമാനം  രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഒളിച്ചോടാനുള്ള  കുറുക്കു വഴിയാണ്.  ഫീസ് വര്‍ധന മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് നടന്നത്. ഇക്കാര്യം യോഗത്തിലെ ‘കേരളീയ സംഘടനാ പ്രതിനിധി’കളെ കൊണ്ട് ശിപാര്‍ശ ചെയ്യിച്ച് പാസാക്കിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് തങ്ങളല്ല രക്ഷിതാക്കളാണ് ഫീസ് ശിപാര്‍ശ ചെയ്തതെന്ന് പ്രചരിപ്പിക്കാനാണ് കമ്മിറ്റി ശ്രമിച്ചത്.
ഫീസ് വര്‍ധന ആദ്യം ശിപാര്‍ശ ചെയ്തത് ചെയര്‍മാന്‍െറ മാതൃസംഘടനയുടെ സജീവ പ്രവര്‍ത്തകനും ഒരു അധ്യാപികയുടെ ഭര്‍ത്താവും ആണെന്നതില്‍ അസ്വാഭാവികതയുണ്ട്. ഈ ഭരണസമിതിയുടെ കാലത്ത് നല്‍കിയ സ്ഥാനക്കയറ്റത്തിനുള്ള ഉപകാരസ്മരണയാണോ ഇതെന്ന് സംശയിക്കുന്നു.സ്കൂള്‍ അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പള വര്‍ധന നടപ്പാക്കാന്‍  ഈ കമ്മിറ്റി ബാധ്യസ്ഥരാണെന്നും യു.പി. പി പറഞ്ഞു.
തങ്ങളെ താങ്ങി നിര്‍ത്തുന്ന കേരളീയ സംഘടനയും അതിലെ ഇടപെടലും മാത്രമാണ് സാംസ്കാരിക പ്രവര്‍ത്തനം എന്ന മൂഢവിശ്വാസം കൊണ്ടാവാം പ്രതിപക്ഷ നേതാക്കളെ ആ നിലയിലും തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത്.  
ജഷന്‍മാള്‍ ഹാളും സ്കൂള്‍ ഗ്രൗണ്ടും വാടകക്ക് കൊടുക്കുന്നതില്‍ പോലും രാഷ്ട്രീയം കളിക്കുന്നവര്‍ ‘ഫെയര്‍’ നടത്താനുള്ള ത്രാണിയില്ലായ്മ കൊണ്ട് സ്കൂളിന് നഷ്ടപ്പെടുന്ന വരുമാനത്തെക്കുറിച്ചോര്‍ക്കാതെ ഇല്ലായ്മ പറയുന്നത് പരിതാപകരമാണ്. സ്കൂള്‍ ആറു വര്‍ഷം നയിച്ച യു.പി.പിക്ക് നിര്‍ദ്ദേശിക്കാനൊന്നുമില്ല എന്ന ഭരണ സമിതിയുടെ വിമര്‍ശനം രക്ഷിതാക്കള്‍ പുഛിച്ചു തള്ളും.  
പൊതുസമൂഹവുമായി സഹകരിച്ച് ഇന്ത്യന്‍ സ്കൂളിനെ വിജയകരമായി  മുന്നോട്ടു കൊണ്ടുപോകാനുള്ള നിര്‍ദ്ദേശങ്ങള്‍ യു.പി.പി നേരത്തെ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അന്യായമായി ഫീസ് കൂട്ടാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും യു.പി.പി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.