പുതുക്കിയ ഡീസല്‍, മണ്ണെണ്ണ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ 

മനാമ: രാജ്യത്ത് പുതുക്കിയ ഡീസല്‍, മണ്ണെണ്ണ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. വില കൂട്ടാന്‍ കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ലിറ്ററിന് 120 ഫില്‍സിനായിരിക്കും പമ്പുകളില്‍ ഡീസലും മണ്ണെണ്ണയും ലഭ്യമാവുക. 
ഡീസലിന് 100 ഫില്‍സും മണ്ണെണ്ണക്ക് 25 ഫില്‍സുമാണ് ഇപ്പോള്‍ ഈടാക്കുന്നത് (1000 ഫില്‍സാണ് ഒരു ദിനാര്‍). വിദേശികളുടെ വൈദ്യുതി, വെള്ളം സബ്സിഡി വെട്ടിക്കുറക്കുന്നത് സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ പറഞ്ഞു. 
പെട്രോള്‍ സബ്സിഡി കുറക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറകെ ബഹ്റൈനും ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. പെട്രോള്‍ വില ഇപ്പോള്‍ കൂട്ടിയിട്ടില്ളെങ്കിലും ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. വിദേശികള്‍ക്ക് മാംസത്തിനുള്ള സബ്സിഡി നേരത്തെ എടുത്തുകളഞ്ഞിരുന്നു. 
വൈദ്യുതി, വെള്ളം സബ്സിഡി കൂടി വെട്ടിക്കുറക്കുന്നതോടെ ജീവിതച്ചെലവ് വര്‍ധിക്കുമെന്നത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതിനാല്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കുടുംബത്തെ നാട്ടിലയക്കാനുള്ള തയാറെടുപ്പിലാണ് പലരും. 
ബഹ്റൈന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ധനകാര്യ മന്ത്രിതല സമിതി നടത്തിയ പഠനമനുസരിച്ചാണ് പൊതു ചെലവ് 30 ശതമാനം കുറക്കാനും ഇന്ധന വില വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിരിക്കുന്നത്. 
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഡീസലിനും ബേക്കറികള്‍ക്ക് മണ്ണെണ്ണക്കും സബ്സിഡി തുടരും. മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ഡീസലിനും മണ്ണെണ്ണക്കും ബഹ്റൈനില്‍ ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹെവി വാഹനങ്ങള്‍ ഒഴികെയുള്ളവയെല്ലാം പെട്രോള്‍ ഉപയോഗിക്കുന്നതിനാല്‍ ഇപ്പോഴത്തെ വില വര്‍ധന പൊതുജനങ്ങളെ ബാധിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഡീസല്‍ വില പ്രതിവര്‍ഷം 20 ഫില്‍സ് വീതം കൂട്ടി 2019ല്‍ 180ലത്തെിക്കും. ഡീസല്‍ കള്ളക്കടത്ത് തടയുകയെന്ന ലക്ഷ്യവും വിലവര്‍ധനക്ക് പിന്നിലുണ്ട്. 1983ലാണ് അവസാനമായി മണ്ണെണ്ണ വില വര്‍ധിപ്പിച്ചത്. ഡീസല്‍ വില 2008ല്‍ 100 ഫില്‍സായി നിശ്ചയിക്കുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.