മലയാളികള്‍ തിരിച്ചുപോകാനുള്ള വഴികള്‍ തേടുന്നു

മനാമ: റിക്രൂട്മെന്‍റ് ഏജന്‍സിയുടെ ചതിയില്‍പെട്ട മലയാളികള്‍ സനദിലെ ലേബര്‍ ക്യാമ്പില്‍ കടുത്ത ദുരിതത്തില്‍.
പുനലൂര്‍ സ്വദേശി നസീര്‍ ജാന്‍,  തിരുവന്തപുരം സ്വദേശികളായ  സുഭാഷ്, കുമാരന്‍, നിഷാദ്, ജോണ്‍, ഷബിന്‍, കൊല്ലം സ്വദേശി ഷാഹിര്‍,  പത്തനംതിട്ട സ്വദേശി ഹാരിസ്, ആലപ്പുഴ സ്വദേശി ബിനു എന്നിവരാണ് മാസങ്ങളായി ദുരിതം പേറി കഴിയുന്നത്.  ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റ് സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിലാണ്. 
 തിരുവനന്തപുരത്തെ റോളക്സ് ട്രാവല്‍സ് മുഖേനെയാണ് ഇവര്‍ ബഹ്റൈനിലത്തെിയത്. ജി.സി.സി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കുമെന്നും ഇവര്‍ക്ക് 110-130 ദിനാര്‍ ശമ്പളവും ഓവര്‍ടൈം അലവന്‍സും ലഭിക്കുമെന്നും വാഗ്ധാനം ചെയ്തിരുന്നു. എന്നാല്‍ ഇവരത്തെിയത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കായിരുന്നു. ‘ടി മാക്’എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിച്ചു.  
അരലക്ഷം മുതല്‍ 65,000 രൂപ വരെ വിസക്കു നല്‍കിയാണ് പലരും വന്നത്. ‘ടി മാക്’  എന്ന കമ്പനിയുടെ കേരളത്തിലെ ചുമതല വഹിക്കുന്നത് വര്‍ക്കല സ്വദേശിയായ ശശി എന്നയാളാണ്. 
നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. ഇക്കാലയളവില്‍ നേരിട്ട പലവിധ പീഢനങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ ‘കമ്പനി വിസ’ എന്ന മോഹന വാഗ്ദാനം മൂലമാണ് വീണ്ടും ഗള്‍ഫ് ജീവിതം തെരഞ്ഞെടുത്തത്. ഒക്ടോബറിലാണ് ഇവര്‍ ബഹ്റൈനിലത്തെിയത്.  ഇവിടെ എത്തിയപ്പോള്‍ ഇവര്‍ക്ക് 80-90 ദിനാര്‍ മാത്രമാണ് ശമ്പളം ലഭിച്ചത്. ഒരു ദിവസം ലീവെടുത്താല്‍ രണ്ടുദിവസത്തെ ശമ്പളം പിടിക്കുമായിരുന്നു. 
നാലു ബ്ളോക്കുകളിലായി  2000ത്തോളം തൊഴിലാളികളെയാണ് ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്നത്.  600 പേര്‍ താമസിക്കുന്ന  ഒരു ബ്ളോക്കില്‍ അഞ്ച് ബാത്ത് റൂം മാത്രമാണുള്ളത്.  
പ്രശ്നം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. 
ഒന്നര മാസത്തെ ശമ്പളം കമ്പനിക്കു നല്‍കുകയും സ്വന്തം നിലക്ക് ടിക്കറ്റ് എടുക്കുകയും ചെയ്താല്‍ എക്സിറ്റ് അടിച്ചു നല്‍കാമെന്ന നിലപാടിലാണ് കമ്പനി. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒമ്പതു തൊഴിലാളികള്‍ക്കുള്ള ടിക്കറ്റിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.