ദേശീയ പുരോഗതിയില്‍ ജനപ്രതിനിധികള്‍ക്ക് വലിയ പങ്കെന്ന് പ്രധാനമന്ത്രി

മനാമ: ദേശീയ പുരോഗതിയിലേക്കുള്ള മുന്നേറ്റത്തില്‍ ജനപ്രതിനിധി സഭക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. പാര്‍ലമെന്‍റിന് എല്ലാ നിലക്കും പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മനസിനെയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല, എം.പിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ ധരനി എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വും പരിഗണിക്കുന്നുണ്ട്. ഈ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. വരും തലമുറകള്‍ക്കായി മികച്ച അന്തരീക്ഷമൊരുക്കേണ്ടതുണ്ട്. ജനകീയ അഭിലാഷങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതായിരിക്കണം ആത്യന്തികമായ ലക്ഷ്യം. സാമ്പത്തിക പുരോഗതിയും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള ജനപ്രതിനിധികളുടെ എല്ലാ തീരുമാനങ്ങളെയും പിന്തുണക്കും. ബഹ്റൈന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വീകരിച്ച സാമ്പത്തിക നയങ്ങളാണ് പില്‍ക്കാലത്ത് പല രാജ്യങ്ങളും പിന്തുടര്‍ന്നത്. ഇത് സര്‍ക്കാറിന്‍െറ നയങ്ങളുടെ ദീര്‍ഘവീക്ഷണമാണ് വ്യക്തമാക്കുന്നത്. ബഹ്റൈന്‍െറ സാമ്പത്തിക നയങ്ങള്‍ മേഖലക്കുതന്നെ മാതൃകയായിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ, സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.