ജോണ്‍ കെറിയുമായി ബഹ്റൈന്‍, സൗദി വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച 

മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ കഴിഞ്ഞ ദിവസം ജിദ്ദയില്‍ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍  ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും അമേരിക്കയും തമ്മില്‍ വിവിധ മേഖലയിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. അറബ് രാഷ്ട്രങ്ങളിലെയും മേഖലയിലെയും പ്രശ്നങ്ങള്‍ പൊതുവായും യമന്‍ പ്രശ്നം പ്രത്യേകമായും ചര്‍ച്ചയായി.
ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടരുമെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. മേഖലയിലെ സമാധാനത്തിന് യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന ഭീകരവാദ-തീവ്രവാദ ഭീഷണികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. സ്വതന്ത്രരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ ഒരിക്കലും അനുവദിക്കാനാകില്ല. 
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അപലപനീയമാണ്. 
മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയിലെ പുരോഗതിക്കും വികസനത്തിനുമായി യജ്ഞിക്കുന്നതിലും ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.