ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയര്‍ ഏപ്രില്‍  അവസാന വാരം 

മനാമ: ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയര്‍ ഏപ്രില്‍ 29,30 തിയതികളില്‍ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂള്‍ ക്ഷേമപദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനശേഖരണാര്‍ഥമാണ് ഫെയര്‍ നടത്തുന്നത്. ബഹ്റൈനിലെ ഏറ്റവും വലിയ കാര്‍ണിവലായി ഫെയര്‍ മാറുമെന്ന് സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നടത്തുന്ന ഗാനമേളയും ശില്‍പ റാവുവും ‘ഇന്ത്യന്‍ ഐഡല്‍’ ജേതാവ് മെയ് യാങ് ചാങും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഫെയറിന്‍െറ മുഖ്യ ആകര്‍ഷകങ്ങളാകും. ഇതോടൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന പരിപാടികളും നടക്കും. മെഗാ നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് ‘മിത്സുബിഷി ഒൗട്ലാന്‍റര്‍’ കാര്‍ ലഭിക്കും. ഇതിനുപുറമെ, നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഇന്ത്യന്‍ ഭക്ഷ്യമേള, ഇലക്ട്രോണിക്സ് എക്സ്പോ, വില്‍പന സ്റ്റാളുകള്‍ തുടങ്ങിയവ പരിപാടിയുടെ പ്രത്യേകതകളാണ്. രണ്ടുദിനാറാണ് എന്‍ട്രി ഫീസ്. മേളയില്‍ നിന്നുള്ള വരുമാനം ഫീസ് ഇളവ് നല്‍കാനും അധ്യാപക ക്ഷേമനിധിയിലേക്കും ഉപയോഗിക്കും. സ്കൂളിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ഈ ഉദ്യമവുമായി മുഴുവന്‍ പേരും സഹകരിക്കണമെന്ന് ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ജി.കെ.നായര്‍ അഭ്യര്‍ഥിച്ചു. അധ്യാപര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് സെക്രട്ടറി ഷെമിലി പി.ജോണ്‍ പറഞ്ഞു. വിദ്യാഭ്യാസ ഓഡിറ്റുവഴിയാണ് അധ്യാപകരെ പരീശീലനത്തിനായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന ഭാഷാപരിശീലന ക്ളാസില്‍ 35 അധ്യാപകര്‍ ഉടന്‍ പരിശീലനം പൂര്‍ത്തിയാക്കും. പഠനത്തില്‍ പിന്നാക്കം നിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. 
വിദ്യാര്‍ഥികളുടെ പരീക്ഷാപേടി ഒഴിവാക്കുന്നതിനും രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദ്ദ നിവാരണത്തിനും ക്ളാസുകള്‍ നടത്തി. മന്ത്രാലയത്തിന്‍െറ അംഗീകാരത്തോടെ സ്കൂളില്‍ എന്‍ട്രന്‍സ് അക്കാദമി ആരംഭിച്ചു. 
അടുത്ത വര്‍ഷം ഒമ്പതാം ക്ളാസ് മുതല്‍ ഈ കോച്ചിങ് തുടങ്ങും. സമസ്ത മേഖലകളിലും സ്കൂള്‍ പുരോഗതി നേടിയെന്നതില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് ഭരണസമിതി അംഗങ്ങളും പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമിയും പറഞ്ഞു. സ്കൂള്‍ വെബ്സൈറ്റ് അടിമുടി നവീകരിച്ചു. 
ഇപ്പോള്‍ ക്ളാസ്റൂം നോട്ടുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സുസ്ഥിര വികസനം എന്ന തലക്കെട്ടിലാണ് ഫെയര്‍ നടത്തുന്നത്. ഇതില്‍ 72 സ്റ്റാളുകളും ഇലക്ട്രോണിക്സ് ഉല്‍പ ന്നങ്ങള്‍ക്ക് പ്രത്യേക വിഭാഗവും ഉണ്ടാകും. മാര്‍ച്ച് മൂന്നിന് ഫെയറിന്‍െറ ടിക്കറ്റ് ലോഞ്ച് നടക്കും. 
ടിക്കറ്റ് വില്‍പനക്കായി അധ്യാപകരിലോ വിദ്യാര്‍ഥികളിലോ സമ്മര്‍ദ്ദം ചെലുത്തില്ളെന്ന് ചെയര്‍മാന്‍ അറിയിച്ചു. 
ഫെയറിന്‍െറ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ലെനി.പി.മാത്യു, ബെന്നി വര്‍ക്കി, എം.എസ്.മോഹന്‍കുമാര്‍, ഷാജി കാര്‍ത്തികേയന്‍, മൊയ്തീന്‍ പാഴൂര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഖുര്‍ശിദ് ആലം, ജെയ്ഫര്‍ മെയ്ദനി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.