ഇന്ത്യ-അറബ് ബന്ധത്തിന്‍െറ പ്രാധാന്യം പറഞ്ഞ് സുഷമ

മനാമ: ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്‍െറ ചരിത്രം പറഞ്ഞാണ് സുഷമ സ്വരാജ് സഹകരണ ഫോറത്തില്‍ സംസാരിച്ചത്. ദല്‍ഹിയിലെ ചെങ്കോട്ടയിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഇന്ത്യയുടെ കലയിലും സാഹിത്യത്തിലും ഭക്ഷണത്തിലും അറബ് സംസ്കാരവുമായുള്ള ബന്ധത്തിന്‍െറ അടയാളങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യ അശോകന്‍െറയും മഹാവീരന്‍െറയും ബുദ്ധന്‍െറയും നാടാണ്. ഇന്ത്യ കാലാകാലങ്ങളില്‍ രാഷ്ട്രീയപരവും, വ്യക്തിപരവും, ആത്മീയവുമായ സ്വാതന്ത്ര്യം നേടിയത് അഹിംസയിലൂടെയാണ്. അതാണ് മഹാത്മാഗാന്ധിയും പിന്തുടര്‍ന്നത്. എല്ലാ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ജനാധിപത്യപരവും ബഹുസ്വരവുമായ മൂല്യങ്ങളെ കാത്തത് ഈ ഘടകമാണ്. 
പ്ളേഗ് പോലെ പടരുന്ന അക്രമത്തിന് തടയിടാനാകണം. സ്വന്തം സഹോദരനെപ്പോലും അന്യനായി കാണുന്ന ഭീകരതയുടെ ആശയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം. ഇതിനായി നാം നമ്മുടെ തന്നെ മനസിലുള്ള ആക്രമണോത്സുകതയെ വിലയിരുത്തേണ്ടതുണ്ട്. മതത്തിനെ ഭീകരതയില്‍ നിന്നും വേര്‍പെടുത്തണം. മനാവികതയില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. 
ഭീകരര്‍ മതത്തെ ഉപയോഗിച്ച് എല്ലാ വിഭാഗം വിശ്വാസികളെയും ഉപദ്രവിക്കുന്നു. ഇന്ത്യയുടെ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന സങ്കല്‍പം ലോകത്തിനു തന്നെ മാതൃകയാണ്. ഇന്ത്യയില്‍ എല്ലാ വിശ്വാസികളും ഒരുമിച്ചാണ് കഴിയുന്നത്. എല്ലാ തരം വിശ്വാസികള്‍ക്കും തുല്ല്യത നല്‍കുന്ന ഭരണഘടനയും ദൈനംദിന ജീവിതക്രമവും ഇന്ത്യക്കുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നശേഷം ഉണ്ടായതല്ല. മറിച്ച് ‘ലോകം ഒരു കുടുംബമാണ്’ എന്ന പൗരാണിക തത്വശാസ്ത്രമാണ് അതിന്‍െറ അടിസ്ഥാനം. വിവിധ വിശ്വാസങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെ പരിശുദ്ധ ഖുര്‍ആനും അടിവരയിടുന്നുണ്ടെന്ന് ഖുര്‍ വാക്യങ്ങള്‍ ഉദ്ധരിച്ച് സുഷമ പറഞ്ഞു. ഭീകരതക്കെതിരായി പ്രാദേശിക തലത്തിലും ആഗോള തലത്തിലും നാം കൈകോര്‍ക്കണമെന്ന് അവര്‍ അടിവരയിട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.