സമൂഹത്തിലെ മാറ്റങ്ങള്‍ കലയിലും പ്രകടം –രാജലക്ഷ്മി

മനാമ: മലയാളി സമൂഹത്തിലും സാഹചര്യങ്ങളിലുമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കലാരംഗത്തും ഉണ്ടായിട്ടുണ്ടെന്ന് ഗായിക രാജലക്ഷ്മി പറഞ്ഞു. ‘ജ്വാല’ ബഹ്റൈന്‍ കേരളീയസമാജത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെ, ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അവര്‍. സിനിമക്കും ഈ മാറ്റം ഉണ്ടായി. സിനിമാഗാനങ്ങളിലും പരിണാമങ്ങള്‍ സംഭവിച്ചു. മാറ്റങ്ങള്‍ എല്ലാ കാലഘട്ടത്തിലും സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ പല പാട്ടുകള്‍ക്കും ജീവനില്ല. കുറച്ച് സമയം കേട്ട ശേഷം അവ മറന്നുപോകുന്നു. അതിന് ആരെയും പഴിചാരിയിട്ട് കാര്യമില്ളെന്നും അവര്‍ പറഞ്ഞു. 
നാടക ഗായികയായ അമ്മയുടെ പാട്ടുകള്‍ കേട്ടും അമ്മക്കൊപ്പം പരിപാടികളില്‍ പാടിയും സംഗീതം തന്‍െറ വഴിയാണെന്ന് ഉറപ്പിച്ചു. ആദ്യകാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു. നാടകത്തില്‍ പാടിയതിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.പിന്നീട് സിനിമാരംഗത്ത് എത്തി. പ്രശസ്ത ഗായികമാര്‍ക്ക് ട്രാക്ക് പാടിയാണ് തുടക്കം. ‘അശ്വാരൂഡന്‍’ എന്ന ചിത്രത്തില്‍ ജാസിഗിഫ്റ്റാണ് ആദ്യമായി പാടാന്‍ അവസരം നല്‍കിയത്. കുറേക്കാലം പാടാന്‍ അവസരങ്ങള്‍ കിട്ടിയില്ല. ‘ജനകന്‍’ എന്ന സിനിമയില്‍ വീണ്ടും പാടി. അതില്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ആദ്യമായി ഒരു റെക്കോര്‍ഡിങ്ങില്‍ പാടുന്നത് ഗുരുസ്ഥാനത്തുള്ള  രാഘവന്‍മാഷിന്‍െറ കീഴിലാണ്. ഏഴാംക്ളാസില്‍ പഠിക്കുന്ന താന്‍ ആരുടെ മുന്നിലാണ് പാടുന്നത് എന്ന് അറിയില്ലായിരുന്നു. ഏറെക്കാലത്തിനുശേഷമാണ് മഹാനായ ഒരു സംഗീതജ്ഞന്‍െറ കീഴിലാണ് പാടിയതെന്ന് തിരിച്ചറിഞ്ഞത്. 
90കള്‍ക്ക് ശേഷം വന്നിട്ടുള്ള സിനിമകളില്‍ പാട്ടില്ലാത്ത അവസ്ഥയുണ്ട്. ഇന്ന് പാട്ടുകാരുടെ എണ്ണം കൂടുതലും പാട്ടുകളില്ലാത്ത അവസ്ഥയുമാണ്.സിനിമാഗാനങ്ങള്‍ മാത്രം മാനദണ്ഡമായി പരിഗണിച്ച് സംഗീതത്തെ വിലയിരുത്തരുതെന്നാണ് എന്‍െറ അഭിപ്രായം. 
ചെറുപ്പത്തില്‍ കേട്ടു ശീലിച്ചത് ജാനകി, സുശീലാമ്മ തുടങ്ങിയവരുടെ പാട്ടുകളാണ്. പിന്നീടാണ് മറ്റ് പാട്ടുകാരെ അറിയുന്നത്. സംഗീത സംവിധായകരില്‍ രാഘവന്‍മാഷ്, സലില്‍ ദാ, ബാബുക്ക തുടങ്ങിയവരെയൊക്കെ ദൈവതുല്യരായാണ് കാണുന്നത്. എം. ജയചന്ദ്രന്‍, ജാസിഗിഫ്റ്റ് എന്നിവരോട് ഏറെ കടപ്പാടുണ്ട്. രാജലക്ഷ്മി എന്ന പാട്ടുകാരിയെ പുറംലോകത്തിന് മുന്നില്‍ എത്തിച്ചത് മേല്‍പറഞ്ഞവരാണ്. ജയചന്ദ്രന്‍െറ നിരവധി ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
പഴയകാലത്തെ സംഗീതജ്ഞരെപ്പോലെയല്ല പുതിയവര്‍. ഇപ്പോഴത്തെ സംഗീകജ്ഞര്‍ക്ക് സാങ്കേതികത കൂടി അറിഞ്ഞിരിക്കണം. 
ലൈവ് പരിപാടികളില്‍ പ്രേക്ഷകരുടെ ഇഷ്ടങ്ങളേക്കാള്‍ ഗാനമേള സംഘടിപ്പിക്കുന്ന സംഘാടകരാണ് ഏത് തരം പാട്ടുകള്‍ പാടണമെന്ന് തീരുമാനിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കലാകാരന്മാര്‍ക്ക് ഏറെ ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ട്. 
ബഹ്റൈനിലെ ആസ്വാദകര്‍ സ്വന്തം കുടുംബത്തെപ്പോലെയാണ്.അതുകൊണ്ടാണ് വീണ്ടും വീണ്ടും വരാന്‍ സാധിക്കുന്നത്. കേരളത്തില്‍ ഇന്ന് ഗാനമേള, മിമിക്സ് മാത്രമായി ചുരുങ്ങിയ അവസ്ഥയാണെന്നും രാജലക്ഷ്മി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.